Enter your Email Address to subscribe to our newsletters

New delhi, 29 ജനുവരി (H.S.)
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോര്‍ട്ട്. ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെ (ഡിആര്‍ജി) പ്രത്യേക സംഘത്തെ നക്സല്‍ സാന്നിധ്യമുള്ള പ്രദേശത്തേക്ക് അയച്ചതായി പൊലീസ് പറഞ്ഞു. സംസ്ഥാനത്തെ സൗത്ത് ബിജാപൂരിലാണ് സംഭവം.
തെരച്ചലിനിടെയാണ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തത്. പിന്നാലെ കൂടുതല്‍ സുരക്ഷ സേന സംഭവ സ്ഥലത്ത് എത്തുകയും മാവോയിസ്റ്റുകള്‍ രക്ഷപ്പെടാനുള്ള എല്ലാ സാധ്യതയുള്ള വഴികളും മറ്റും അടയ്ക്കുകയും ചെയ്തു. മലകളും വനങ്ങളാലും ചുറ്റപ്പെട്ട പ്രദേശമായതിനാല്‍ അതീവ ജാഗ്രതയോടെയാണ് തെരച്ചില്‍ നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൂടാതെ മറ്റൊരു ഓപ്പറേഷനില്‍ ബിജാപൂരിലെ ലങ്കാപള്ളി പ്രദേശത്ത് മാവോയിസ്റ്റുകള്‍ സ്ഥാപിച്ച രണ്ട് ശക്തമായ ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തുക്കള്‍ (ഐഇഡികള്‍) സുരക്ഷാ സേന കണ്ടെടുത്തു. 20 മുതല്‍ 30 കിലോഗ്രാം വരെ ഭാരമുള്ള രണ്ട് ഐഇഡികളാണ് പൊലീസ് കണ്ടെടുത്തത്. റോഡിന് നടുവിലായിരുന്നു അവ സ്ഥാപിച്ചിരുന്നതെന്നും വലിയ ദുരന്തമാണ് ഒഴിഞ്ഞ് പോയതെന്നും പൊലീസ് പറഞ്ഞു. അവ ഉടനെ നിര്‍വീര്യമാക്കുകയും ചെയ്തുവെന്നും പ്രദേശവാസികളോട് സുരക്ഷിതമായി കഴിയാനും മറ്റും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഝാര്‍ഖണ്ഡിലെ പശ്ചിമ സിങ്ഭൂം ജില്ലയിലെ സാനന്ദ വനമേഖലയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലില്‍ ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ഉന്നത നേതാവടക്കം പതിനഞ്ചു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ചൈബാസയിലെ കിരിബുരു പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സാരന്ദ വനമേഖലയിലെ കുംഡിയിലാണ് സംഭവം. സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന കടുത്ത വെടിവയ്പ്പിനൊടുവിലാണ് എട്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരില്‍ കൊടുംകുറ്റവാളിയും മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗവുമായ പതിറാം മാജി എന്ന അനല്‍ ദാ ഉള്‍പ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി(പിഎല്‍ജിഎ)യുടെ ഉന്നത കമാന്‍ഡര്‍ ബര്‍സ ദേവയെ അറസ്റ്റ് ചെയ്തതായി തെലങ്കാന പൊലീസ്. ഇടത് നക്സല്‍ സംഘടനകള്‍ക്ക് ഏറ്റ കനത്ത തിരിച്ചടിയായാണ് ഇതിനെ വിലയിരുത്തുന്നത്. തെലങ്കാന, ഛത്തീസ്ഗഡ്,മഹാരാഷ്ട്ര സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വനത്തിനുള്ളില്‍ ദേവയും പതിനഞ്ച് മറ്റ് പ്രവര്‍ത്തകരും ആയുധങ്ങളുമായി എത്തിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് സംഘം പിടിയിലായത്. ഇവരില്‍ നിന്ന് വന്‍ തോതില്‍ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ദേവയോടൊപ്പം പിടിയിലായവരും ദേവ ബറ്റാലിയന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടവരാണെന്നാണ് വിവരം.
---------------
Hindusthan Samachar / Sreejith S