Enter your Email Address to subscribe to our newsletters

Trivandrum , 29 ജനുവരി (H.S.)
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കുന്നതിനായി ഘടകകക്ഷികളുടെ സിറ്റിംഗ് സീറ്റുകളിൽ കടന്നുപിടിക്കാൻ കോൺഗ്രസ് നീക്കം ആരംഭിച്ചു. ഘടകകക്ഷികൾ തുടർച്ചയായി പരാജയപ്പെടുന്ന മണ്ഡലങ്ങൾ ഏറ്റെടുത്ത് 'കൈപ്പത്തി' ചിഹ്നത്തിൽ സ്ഥാനാർത്ഥികളെ ഇറക്കിയാൽ ജയം ഉറപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം. ഇതിന്റെ ഭാഗമായി യു.ഡി.എഫിലെ പ്രമുഖ ഘടകകക്ഷിയായ കേരള കോൺഗ്രസ് ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റുകൾ തിരിച്ചുചോദിക്കാൻ കോൺഗ്രസ് തീരുമാനിച്ചു.
ലക്ഷ്യമിടുന്നത് ഈ മണ്ഡലങ്ങൾ
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം മത്സരിച്ച ഇടുക്കി, ഏറ്റുമാനൂർ, കുട്ടനാട്, ചങ്ങനാശ്ശേരി എന്നീ മണ്ഡലങ്ങളാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. ഈ മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിച്ചാൽ ഭരണവിരുദ്ധ വികാരവും പാർട്ടി വോട്ടുകളും ഏകോപിപ്പിച്ച് എളുപ്പത്തിൽ വിജയിക്കാൻ കഴിയുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് ഈ മണ്ഡലങ്ങൾ ഏറ്റെടുക്കണമെന്ന കർശനമായ നിർദ്ദേശം ഉയർന്നത്.
ജോസഫ് വിഭാഗത്തിന്റെ പ്രകടനത്തിലെ പോരായ്മ
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 10 സീറ്റുകളിൽ മത്സരിച്ച ജോസഫ് വിഭാഗത്തിന് വെറും രണ്ട് സീറ്റുകളിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. പാർട്ടി ചെയർമാൻ പി.ജെ ജോസഫ് തൊടുപുഴയിലും, മോൻസ് ജോസഫ് കടുത്തുരുത്തിയിലും വിജയിച്ചെങ്കിലും ഭൂരിപക്ഷത്തിൽ ഉണ്ടായ വലിയ ഇടിവ് കോൺഗ്രസിനെ ആശങ്കപ്പെടുത്തുന്നുണ്ട്. കടുത്തുരുത്തിയിൽ മോൻസ് ജോസഫിന്റെ ഭൂരിപക്ഷം 42,000-ൽ നിന്ന് 4,000-ലേക്ക് താഴ്ന്നതും, തൊടുപുഴയിൽ പി.ജെ ജോസഫിന്റെ ഭൂരിപക്ഷം പകുതിയോളം കുറഞ്ഞതും പാർട്ടിയുടെ ജനസ്വാധീനം കുറയുന്നതിന്റെ സൂചനയായാണ് കോൺഗ്രസ് കാണുന്നത്.
ചങ്ങനാശ്ശേരിയും ഇടുക്കിയും തിരിച്ചുപിടിക്കാൻ സമ്മർദ്ദം
ചങ്ങനാശ്ശേരിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിച്ചാൽ ജയം ഉറപ്പാണെന്ന വികാരം പ്രാദേശിക നേതൃത്വത്തിനുണ്ട്. നിലവിൽ മന്ത്രി റോഷി അഗസ്റ്റിൻ പ്രതിനിധീകരിക്കുന്ന ഇടുക്കി മണ്ഡലത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വിജയസാധ്യത ഇല്ലെന്നും, അവിടെ ശക്തനായ ഒരു കോൺഗ്രസ് സ്ഥാനാർത്ഥി വന്നാൽ മാത്രമേ എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ കഴിയൂ എന്നും കോൺഗ്രസ് നേതൃത്വം വാദിക്കുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗത്തിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും കാര്യമായ ചലനം ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞില്ലെന്നതും കോൺഗ്രസ് ആയുധമാക്കുന്നു.
വിട്ടുവീഴ്ചക്കില്ലെന്ന് കേരള കോൺഗ്രസ്
എന്നാൽ, തങ്ങൾ മത്സരിച്ച ഒരു സീറ്റും വിട്ടുനൽകില്ലെന്ന ഉറച്ച നിലപാടിലാണ് പി.ജെ. ജോസഫും മോൻസ് ജോസഫും. സീറ്റുകൾ വിട്ടുനൽകുന്നത് പാർട്ടിയുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന ആശങ്ക അവർക്കുണ്ട്. ഇതിന് പകരമായി പൂഞ്ഞാർ ഉൾപ്പെടെയുള്ള മറ്റ് ചില സീറ്റുകൾ നൽകി ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും കോൺഗ്രസ് നടത്തുന്നുണ്ട്. ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾ ഉഭയകക്ഷി തലത്തിൽ നടന്നതായാണ് വിവരം. വരും ദിവസങ്ങളിൽ യു.ഡി.എഫ് മുന്നണിക്കുള്ളിൽ സീറ്റ് വിഭജനം വലിയ തർക്കങ്ങൾക്ക് വഴിമാറാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
---------------
Hindusthan Samachar / Roshith K