Enter your Email Address to subscribe to our newsletters

Kochi, 29 ജനുവരി (H.S.)
ഞെട്ടിക്കുന്ന നിലയില്‍ കുതിച്ച് സ്വര്‍ണവില. വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ വിലയില്‍ വന്‍ കുതിപ്പ്. സംസ്ഥാനത്ത് പവന്റെ വില 8,640 രൂപ കൂടി 1,31,160 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 1080 രൂപ വര്‍ധിച്ച് 16,395 രൂപയുമായി. ആഗോള-ആഭ്യന്തര വിപണികളിലും വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 9,954 രൂപയാണ് കൂടിയത്. ഇതോടെ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 1,75,869 രൂപയായി. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 5,591 ഡോളറിലെത്തുകയും ചെയ്തു. ഈയാഴ്ച മാത്രം 10 ശതമാനത്തിലധികം വര്‍ധനവാണ് രേഖപ്പെടുത്തിയത്. സമാനമായ വര്‍ധന വെള്ളിയുടെ വിലയിലുമുണ്ടായി. ചരിത്രത്തിലാദ്യമായി വെള്ളിയുടെ വില കിലോഗ്രാമിന് നാല് ലക്ഷം രൂപയുടെ അടുത്തെത്തി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ നടത്തിയ മുന്നറിയിപ്പുകള്‍ ആഗോള വിപണിയില്‍ ആശങ്ക വര്‍ധിപ്പിച്ചു. പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് യുഎസ് സൈനിക വ്യൂഹത്തെ അയച്ചത് യുദ്ധഭീതിക്കിടയാക്കി. അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂട്ടുകയും ചെയ്തg. ഡോളറിന്റെ മൂല്യം നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചു. ഡോളറും സ്വര്‍ണ വിലയും തമ്മിലുള്ള വിപരീത അനുപാതം സ്വര്‍ണത്തിന് ഗുണകരമായി. ഡോളര്‍ ദുര്‍ബലമാകുമ്പോള്‍ സ്വാഭാവികമായും സ്വര്‍ണ്ണവില വര്‍ധിക്കുന്ന പ്രവണതയാണിവിടെ പ്രതിഫലിക്കുന്നത്.
കേന്ദ്ര ബാങ്കുകളും വ്യക്തിഗത നിക്ഷേപകരും ഡോളറിതര ആസ്തികളിലും സ്വര്‍ണം പോലുള്ള ഭൗതിക ആസ്തികളിലും നിക്ഷേപം കൂട്ടുമെന്നാണ് വിലയിരുത്തല്‍. 2026-ഓടെ സ്വര്‍ണ്ണവില ഔണ്‍സിന് 6,000 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്ന് ഡോയ്‌ചെ ബാങ്ക് പ്രവചിക്കുന്നു.
ഡോളറിന്റെ മൂല്യത്തകര്‍ച്ചയും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും നിലനില്‍ക്കുന്നിടത്തോളം സ്വര്‍ണത്തിന്റെ മുന്നേറ്റം തുടരാനാണ് സാധ്യത. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിനുള്ള സ്വീകാര്യത വര്‍ധിക്കുന്നതിനാല്‍ സമീപകാലയളവില്‍ വില ഇനിയും ഉയര്‍ന്നേക്കാം.
---------------
Hindusthan Samachar / Sreejith S