Enter your Email Address to subscribe to our newsletters

Thiruvanathapuram, 29 ജനുവരി (H.S.)
അന്താരാഷ്ട്ര ക്രിക്കറ്റ് പോരാട്ടത്തിന്റെ ആവേശമുയര്‍ത്തി ഇന്ത്യ-ന്യൂസിലാന്റ് ടീമുകള്‍ കേരളത്തിന്റെ തലസ്ഥാന നഗരിയിലെത്തി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശനിയാഴ്ച വൈകിട്ട് 7 മണിക്ക് നടക്കുന്ന മത്സരത്തിനായി എത്തിയ ഇരു ടീമുകള്‍ക്കും വിമാനത്താവളത്തില്‍ ആവേശ്വജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. സഞ്ജു സാംസണിന്റെ സാന്നിധ്യം വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.
പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇരു ടീമിലെയും താരങ്ങളും പരിശീലകരും എത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) ട്രഷറര്‍ ടി. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം താരങ്ങളെ വിമാനത്താവളത്തില്‍ ഔദ്യോഗികമായി സ്വീകരിച്ചു. പ്രിയതാരങ്ങളെ ഒരു നോക്ക് കാണാന്‍ നിരവധി ആരാധകരാണ് വിമാനത്താവള പരിസരത്ത് തടിച്ചുകൂടിയിരുന്നത്. ആവേശഭരിതരായ കായികപ്രേമികളുടെ ഹര്‍ഷാരവങ്ങള്‍ക്കിടയിലൂടെ കനത്ത സുരക്ഷാ വലയത്തിലാണ് താരങ്ങളെ പുറത്തേക്ക് എത്തിച്ചത്. ടീമുകളുടെ സന്ദര്‍ശനം പ്രമാണിച്ച് വിമാനത്താവളം മുതല്‍ ഹോട്ടലുകള്‍ വരെയും സ്റ്റേഡിയം പരിസരത്തും കനത്ത പോലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണമുള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സിറ്റി പോലീസ് നേരത്തെ തന്നെ സജ്ജമാക്കിയിരുന്നു.
ഇന്ത്യന്‍ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസിലാന്റ് ടീമിനായി ഹയാത്ത് റീജന്‍സിയിലുമാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. മത്സരത്തോടനുബന്ധിച്ച് വിമാനത്താവളം, ഹോട്ടലുകള്‍, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S