Enter your Email Address to subscribe to our newsletters

Thiruvananthapuram, 30 ജനുവരി (H.S.)
കഴിഞ്ഞ പതിനേഴ് വർഷമായി മാധ്യമങ്ങൾ തന്നോട് ഒരേ കാര്യം തന്നെ ചോദിച്ചുകൊണ്ടിരിക്കുകയാണെന്നും മാധ്യമപ്രവർത്തകർക്ക് വേറെ ജോലിയില്ലേ എന്നും ശശി തരൂർ എംപി. കൊച്ചിയിലെ പരിപാടിയിൽ തന്നെ അവഗണിച്ചു എന്ന തരത്തിൽ വന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് ഇനി സംസാരിച്ചിട്ട് കാര്യമില്ലെന്നും പറയാനുള്ള കാര്യങ്ങളെല്ലാം പറഞ്ഞു കഴിഞ്ഞുവെന്നും വ്യക്തമാക്കിയ അദ്ദേഹം, എല്ലാ മര്യാദയോടും സ്നേഹത്തോടും കൂടി താൻ മുന്നോട്ട് പോവുകയാണെന്നും അറിയിച്ചു.
വികസന കാര്യങ്ങളിലും മറ്റും പാർട്ടിയിൽ നിന്ന് വ്യത്യസ്തമായി സ്വതന്ത്രമായ നിലപാട് സ്വീകരിക്കുന്നതിനെക്കുറിച്ചും പലപ്പോഴും കോൺഗ്രസുമായി അഭിപ്രായവ്യത്യാസം വരുന്നതിനെക്കുറിച്ചും മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തനിക്ക് വ്യക്തമായ ഒരു നിലപാടുണ്ടെന്നും അദ്ദേഹം മറുപടി നൽകി. ചില വിഷയങ്ങളിൽ ആളുകൾ തൻ്റെ വ്യക്തിപരമായ അഭിപ്രായം ചോദിക്കുമ്പോൾ അത് തുറന്നു പറയാറുണ്ട്. താൻ സംസാരിക്കുന്നത് പാർട്ടിക്ക് വേണ്ടിയല്ലെന്നും പാർട്ടിയുടെ ഔദ്യോഗിക നിലപാട് വക്താക്കളോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കോണോമിക് സർവേയെക്കുറിച്ച് ചോദിച്ചപ്പോൾ അത് പഠിക്കാൻ സമയം കിട്ടിയില്ലെന്നും എന്നാൽ തൻ്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. മാധ്യമങ്ങൾക്ക് താൻ ഒന്നും മിണ്ടാതിരിക്കുന്നതാണ് ഇഷ്ടമെങ്കിൽ അങ്ങനെ ചെയ്യാമെന്നും അദ്ദേഹം പരിഹസിച്ചു.
രാഹുൽ ഗാന്ധി പോലും എതിർക്കുന്ന മോദി സർക്കാരിൻ്റെ ചില കാര്യങ്ങളെ പിന്തുണക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് വികസന കാര്യങ്ങളിൽ സത്യസന്ധമായ നിലപാടാണ് താൻ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നല്ലത് കണ്ടാൽ അത് ചൂണ്ടിക്കാണിക്കാൻ താൻ തയ്യാറാണ്. താൻ എപ്പോഴും കുറ്റം പറയുന്ന ആളല്ലെന്നും അതിനാൽ താൻ വിമർശിക്കുമ്പോൾ അതിന് ജനങ്ങൾക്കിടയിൽ കൂടുതൽ വിലയുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിയെ താൻ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം തങ്ങളുടെ നേതാവാണെന്നും തരൂർ വ്യക്തമാക്കി. വർഗീയതയ്ക്കും ഭിന്നിപ്പിൻ്റെ രാഷ്ട്രീയത്തിനും എതിരെ സംസാരിക്കുന്ന രാഹുൽ ഗാന്ധിയെ എല്ലാവരും ഇഷ്ടപ്പെടുന്നുവെന്നും അതിൽ തനിക്ക് വേറെ അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തെ പല കാര്യങ്ങൾക്കും വേണ്ടി ആത്മാർഥമായി നിലകൊള്ളുന്ന ശക്തമായ സ്വരമാണ് രാഹുൽ ഗാന്ധിയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞുപോയ ചില വിഷയങ്ങളിൽ താൻ എടുത്ത നിലപാട് ബിജെപി അനുകൂലമായി (പ്രോ ബിജെപി) ചിലർ കണ്ടുവെന്നും എന്നാൽ താൻ അതിനെ കണ്ടത് ഗവൺമെൻ്റ് അനുകൂലമായ അല്ലെങ്കിൽ ഇന്ത്യാ അനുകൂലമായ (പ്രോ ഇന്ത്യ) നിലപാടായിട്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. അന്താരാഷ്ട്ര കാര്യങ്ങളിൽ രാഷ്ട്രീയം പറയാനല്ല, രാഷ്ട്രത്തിന് വേണ്ടി സംസാരിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. ശ്രീനാരായണ ഗുരു പറഞ്ഞതുപോലെ 'മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി' എന്നതിലുപരി 'രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാൽ മതി' എന്നതാണ് തൻ്റെ നിലപാടെന്നും ഇത് 2009 മുതൽ താൻ പറയുന്നതാണെന്നും തിരുവനന്തപുരത്തുകാർക്ക് ഇത് അറിയാമെന്നും അദ്ദേഹം ഓർമിപ്പിച്ചു. തൻ്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് മുതൽ എല്ലാ പ്രസംഗങ്ങളിലും പറയുന്ന മുദ്രാവാക്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
പാർലമെൻ്റിന് അകത്ത് എപ്പോഴും പാർട്ടി എടുത്ത നിലപാടിനൊപ്പമാണ് താൻ നിന്നിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ ഔദ്യോഗിക നിലപാടിനെ എതിർക്കാൻ ഒരു പാർട്ടി അംഗത്തിനും അവകാശമില്ലെന്ന് താൻ സമ്മതിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ പാർട്ടി വിടുമെന്ന വാർത്തകൾ മാധ്യമങ്ങൾ സൃഷ്ടിക്കുന്നതാണെന്നും താൻ കോൺഗ്രസിൽ തന്നെ തുടരുമെന്നും ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ പോകില്ലെന്നും ഉറപ്പിച്ചു പറയാൻ കഴിയുമോ എന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നൽകി.
താൻ എവിടേക്കും പോകുന്നില്ലെന്നും കോൺഗ്രസിൽ തന്നെ തുടരുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ സജീവമായി ഉണ്ടാകുമെന്നും യുഡിഎഫിൻ്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തന്നോട് മാത്രം എന്തിനാണ് ഈ ചോദ്യം ആവർത്തിക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും തൻ്റെ കുഴപ്പം എന്താണെന്നും മാധ്യമങ്ങളുടെ മനസ്സിലുള്ള ചോദ്യം എന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് തിരിച്ചു ചോദിച്ചു. എന്തായാലും താൻ ഇവിടെത്തന്നെയുണ്ടാകുമെന്നും ഇനിയും കാണാമെന്നും പറഞ്ഞാണ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR