Enter your Email Address to subscribe to our newsletters

Chennai, 30 ജനുവരി (H.S.)
തമിഴ്നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിനു പിന്നാലെ സിനിമാ മേഖലയില്‍ നിന്ന് അസംതൃപ്തി പരസ്യമാക്കി സംവിധായകന്‍ പാ രഞ്ജിത്ത്.
സോഷ്യല്‍ മീഡിയയില്‍ കുറിച്ച ഒരു പോസ്റ്റിലൂടെയായിരുന്നു പാ രഞ്ജിത്ത് തന്റെ അമര്‍ഷം പ്രകടിപ്പിച്ചത്. അവാര്‍ഡുകളുടെ നിഷ്പക്ഷതയെയും വിശ്വാസ്യതയെയും ചോദ്യം ചെയ്തു കൊണ്ടാണ് പാ രഞ്ജിത്ത് രംഗത്തെത്തിയത്. 'തമിഴ്നാട് സര്‍ക്കാര്‍ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍, നിങ്ങളോട് ഒരു ചോദ്യം - ദേശീയ-സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് കമ്മിറ്റികളും സ്വകാര്യ അവാര്‍ഡ് സംഘടനകളും എത്രത്തോളം നീതിപൂര്‍വ്വമാണ് പ്രവര്‍ത്തിക്കുന്നത് - അദ്ദേഹം സമൂഹ മാധ്യമമായ എക്‌സിലൂടെ ചോദിച്ചു.
2016 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളിലെ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത്, 2021-ല്‍ ഇറങ്ങിയ 'സര്‍പട്ട പരമ്പരൈ' എന്ന ചിത്രത്തിലെ പ്രകടനത്തിന് ആര്യക്കും (മികച്ച നടന്‍) പശുപതിക്കും (മികച്ച നടന്‍ - സ്‌പെഷ്യല്‍ പ്രൈസ്) പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ചിത്രം മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടില്ല. ജാതി വിവേചനവും സാമൂഹിക പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത ഈ ചിത്രത്തിന് ദേശീയ തലത്തിലും അവാര്‍ഡുകള്‍ ലഭിക്കാത്തതിലുള്ള അതൃപ്തിയാണ് പാ രഞ്ജിത്തിന്റെ പ്രതികരണത്തിന് പിന്നിലെന്നാണ് സൂചന. സൂര്യ നായകനായ ജയ് ഭീമാണ് 2021-ലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. നിരവധി അവാര്‍ഡുകളാണ് ഈ ചിത്രം സ്വന്തമാക്കിയത്.
മമ്മൂട്ടി നായകനായി അഭിനയിച്ച 'പേരന്‍മ്പ്' എന്ന ചിത്രത്തിന് അര്‍ഹമായ പരിഗണന ലഭിച്ചില്ല എന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഇതിനിടെയാണ് പാ രഞ്ജിത്തിന്റെ ഈ വിമര്‍ശനം. രാഷ്ട്രീയവും മറ്റ് ബാഹ്യ ഇടപെടലുകളും അവാര്‍ഡ് നിര്‍ണ്ണയത്തെ സ്വാധീനിക്കുന്നുണ്ടോ എന്ന ആശങ്കയാണ് പാ രഞ്ജിത്ത് പങ്കുവെക്കുന്നത്.
ദലിത് അവകാശ വിഷയങ്ങളില്‍ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ് പാ രഞ്ജിത്ത്. അതിനാല്‍ ഈ വിവാദം വരും ദിവസങ്ങളില്‍ രാഷ്ട്രീയ വിവാദമായി മാറാനും സാധ്യതയുണ്ട്.
ചലച്ചിത്ര അവാര്‍ഡുകളില്‍ വിജയ് സേതുപതി, കാര്‍ത്തി, ധനുഷ്, പാര്‍ത്ഥിപന്‍, സൂര്യ, ആര്യ, വിക്രം പ്രഭു എന്നിവരെ മികച്ച നടന്മാരായും നടിമാരായ കീര്‍ത്തി സുരേഷ്, നയന്‍താര, ജ്യോതിക, മഞ്ജു വാര്യര്‍, അപര്‍ണ ബാലമുരളി, ലിജോ മോള്‍ ജോസ്, സായ് പല്ലവി എന്നിവരെ മികച്ച നടിമാരായും തിരഞ്ഞെടുത്തു. ഇക്കുറി മലയാളി താരങ്ങളും ഗായകരും മികച്ച നേട്ടമാണ് സ്വന്തമാക്കിയത്. ഈ സന്തോഷത്തിനിടെയാണ് വിവാദം തലപൊക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR