Enter your Email Address to subscribe to our newsletters

Thiruvanathapuram, 30 ജനുവരി (H.S.)
എക്‌സൈസ് സേനയില്‍ പുതുതായി 134 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 42 സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍, 36 സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍, 34 അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, 12 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍, 4 എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, 2 എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍. 4 അസി. എക്‌സൈസ് കമ്മീഷണര്‍ എന്നീ പോസ്റ്റുകളാണ് പുതുതായി സൃഷ്ടിക്കുന്നത്. തൊഴില്‍ കാത്തുനില്‍ക്കുന്ന യുവതയോട് സര്‍ക്കാരിനുള്ള പ്രതിബദ്ധതയുടെ തെളിവാണ് പുതിയ തസ്തികകളുള്‍പ്പെടെ സൃഷ്ടിച്ച് നിയമനം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രതീക്ഷിത ഒഴിവുകളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്ത് റാങ്ക് ലിസ്റ്റുകളില്‍ നിന്ന് പരമാവധി നിയമം നടത്താന്‍ ഇപ്പോള്‍ തന്നെ എക്‌സൈസ് സേന ശ്രദ്ധിക്കുന്നുണ്ട്. ഇതിന് പുറമേയാണ് പുതിയ തസ്തികകള്‍ സൃഷ്ടിച്ചുകൊണ്ടുള്ള ഇടപെടലുകള്‍. കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തിക ഉപരോധസമാനമായ നടപടികള്‍ മൂലമുള്ള സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും കൂടുതല്‍ യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള ഇച്ഛാശക്തിയോടെയുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. 5600 ഓളം മാത്രം അംഗസംഖ്യയുള്ള സേനയാണ് എക്‌സൈസ്. ഈ സേനയില്‍ 2949 നിയമനങ്ങള്‍ ഇടതുപക്ഷജനാധിപത്യ മുന്നണി സര്‍ക്കാര്‍ 2016ല്‍ അധികാരത്തിലെത്തിയ ശേഷം നടത്തി. 507 പുതിയ തസ്തികകള്‍ ഈ കാലയളവില്‍ സൃഷ്ടിച്ചു. മയക്കുമരുന്ന് മാഫിയയ്ക്ക് എതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്ന എക്‌സൈസ് സേനയിലേക്ക് കൂടുതല്‍ യുവാക്കളെത്തുന്നത് സേനയ്ക്ക് കരുത്തേകുമെന്നും മന്ത്രി പറഞ്ഞു.
2021 ല്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ 247 തസ്തികകളാണ് എക്‌സൈസ് സേനയില്‍ പുതുതായി സൃഷ്ടിച്ചത്. ഇതില്‍ 108 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികകളും ഉള്‍പ്പെടുന്നു. ഇതോടെ 2016 ല്‍ അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാലത്ത് ആകെ പുതുതായി എക്‌സൈസ് സേനയില്‍ പുതുതായി സൃഷ്ടിച്ചത് 507 തസ്തികകളാണ്. 246 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെ തസ്തികയാണ് ഈ കാലയളവില്‍ സൃഷ്ടിച്ചത്. 2021 ന് ശേഷം എക്‌സൈസില്‍ 1356 പേര്‍ക്കാണ് എക്‌സൈസില്‍ പി എസ് സി വഴി നിയമനം നല്‍കിയത്. 2016 ന് ശേഷം എക്‌സൈസ് സേനയില്‍ പിഎസ് സി വഴി നിയമനം നേടിയത് ആകെ 2949 പേരാണ്. ഇവര്‍ക്ക് പുറമേ ഇപ്പോള്‍ സൃഷ്ടിച്ച തസ്തികയിലുള്ളവരും ഉടന്‍ സര്‍വീസിലെത്തും. എക്‌സൈസിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം പേര്‍ക്ക് തൊഴില്‍ നല്‍കിയ കാലഘട്ടമാണ് ഇത്.
മയക്കുമരുന്ന് കേസുകളില്‍ അന്വേഷണം നടത്തി അന്താരാഷ്ട്ര കുറ്റവാളികളെ കണ്ടെത്തി നിയമനടപടി ദ്രുതഗതിയില്‍ നടപ്പില്‍ വരുത്തുന്നതിന് 2019ല്‍ എക്‌സൈസ് ക്രൈംബ്രാഞ്ച് രൂപീകരിച്ചു. മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടികള്‍ ഉറപ്പാക്കാന്‍ ക്രൈംബ്രാഞ്ച് ഇടപെടലുകള്‍ക്ക് കഴിഞ്ഞു. അന്താരാഷ്ട്ര കുറ്റവാളികളെയുള്‍പ്പെടെ ഇങ്ങനെ പിടികൂടാനായിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷിച്ച് വിധി പ്രസ്താവിച്ചിട്ടുള്ള 16 കേസുകളില്‍ 14 കേസിലും പ്രതികള്‍ക്ക് വലിയ ശിക്ഷ ലഭിച്ചിട്ടുണ്ട്. എക്‌സൈസ് വകുപ്പില്‍ കഴിഞ്ഞ 10 വര്‍ഷ കാലയളവില്‍ മയക്കുമരുന്ന് കേസുകളിലെ ശിക്ഷാനിരക്ക് 96.73 ശതമാനം ആണ്. പല കേസ്സുകളിലും പ്രതികള്‍ക്ക് 10 വര്‍ഷത്തില്‍ കൂടുതലാണ് തടവ് ശിക്ഷ ലഭിച്ചിട്ടുള്ളത്. 34 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ച കേസുകളും ഈ കാലയളവില്‍ ഉണ്ടായിട്ടുണ്ട്. ഇത് അഭിമാനകരമായ നേട്ടമാണ്. സേനയുടെ ആധുനികവത്കരണത്തിനും ശക്തമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. സേനാംഗങ്ങള്‍ക്ക് ആയുധങ്ങളും ഉറപ്പാക്കാനായി. അതിര്‍ത്തികളില്‍ ശക്തമായ നിരീക്ഷണം ഉറപ്പാക്കാന്‍ കെമു പോലെയുള്ള നൂതനരീതികളും ആവിഷ്‌കരിച്ചു. ഈ ഇടപെടലുകളുടെയെല്ലാം തുടര്‍ച്ചയായാണ് എക്‌സൈസ് സേനയെ അംഗസംഖ്യയില്‍ കൂടി ശാക്തീകരിക്കുന്നത്.
---------------
Hindusthan Samachar / Sreejith S