Enter your Email Address to subscribe to our newsletters

Kochi, 30 ജനുവരി (H.S.)
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നടന്‍ ജയറാമിന്റെ മൊഴിയെടുത്തു. ചെന്നൈയില്‍ എത്തിയാണ് എസ്‌ഐടി നിര്‍ണായക നീക്കം നടത്തിയത്. വീട്ടിലെത്തി കഴിഞ്ഞദിവസമാണ് മൊഴി രേഖപ്പെടുത്തിയത്, . ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ പൂജിച്ചതുമായി ബന്ധപ്പെട്ട് ജയറാം നല്‍കിയ വിശദീകരണങ്ങളില്‍ പൊരുത്തക്കേടുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എസ്ഐടി നീക്കമെന്നാണ് വിവരം.
സ്വര്‍ണപ്പാളികള്‍ എന്തു ചെയ്തുവെന്നതിനെ കുറിച്ച് തനിക്ക് വ്യക്തതയില്ലെന്നാണ് ജയറാം പറഞ്ഞതെന്നാണ് വിവരം. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി അടുത്തബന്ധമുണ്ടായിരുന്നു. ശബരിമലയിലെ പ്രധാനപ്പെട്ട ഒരാള്‍ എന്ന നിലയ്ക്കായിരുന്നു പരിചയം. മകരവിളക്ക് സമയത്താണ് പോറ്റിയെ പരിചയപ്പെട്ടത്. ശേഷം പോറ്റി പലവട്ടം ചെന്നൈയിലെ വീട്ടില്‍ വന്നിട്ടുണ്ട്. ദ്വാരപാലകപാളികള്‍ തന്റെ വീട്ടില്‍ കൊണ്ടുവന്നപ്പോഴാണ് പൂജ നടത്തിയത്. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ സ്വര്‍ണപ്പാളികള്‍ വെച്ചു നടത്തിയ പൂജയില്‍ പങ്കെടുത്തിട്ടുമുണ്ട്. പോറ്റി ക്ഷണിച്ചിട്ടാണ് പോയത്. സ്മാര്‍ട്ട് ക്രിയേഷന്‍സുമായോ സ്പോണ്‍സര്‍മാരുമായോ പരിചയമില്ലെന്നുമാണ് ജയറാം മൊഴി നല്‍കിയിരിക്കുന്നതെന്നാണ് സൂചന. ജയറാമിന്റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടോ എന്ന് എസ്ഐടി പരിശോധിക്കും. ശേഷമാകും തുടര്‍നടപടികള്‍.
നേരത്തെ ശബരിമല വിഷയത്തില്‍ നടന്‍ നല്‍കിയ വിശദീകരണത്തില്‍ പൊരുത്തകേടുകള്‍ ഉണ്ടായിരുന്നു. നടന്റെ വീട്ടില്‍ അറ്റകുറ്റപണിക്കായി എത്തിച്ച ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ എത്തിച്ചിരുന്നു. വീട്ടിലെ പൂജാമുറിയില്‍ വച്ച് പൂജയും നടത്തി. ഇതിന്റെ തീയതി സംബന്ധിച്ച് ജയറാം പറഞ്ഞത് തെറ്റാണെന്ന് കണ്ടെത്തിയിരുന്നു.
സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ പൂജ നടന്ന അതേദിവസമാണ് തന്റെ വീട്ടിലും പൂജ നടന്നത് എന്നായിരുന്നു നടന്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍വെച്ച് നടന്ന ജയറാം പങ്കെടുത്ത പൂജയിലുണ്ടായിരുന്നത് സ്വര്‍ണ കട്ടിളപ്പാളികളായിരുന്നു. ഇത് 2019 ജൂണ്‍ മാസത്തിലായിരുന്നു നടന്നത്. ജയറാമിന്റെ വീട്ടില്‍ നടന്നത് ദ്വാരപാലകപാളികള്‍ വെച്ചുള്ള പൂജയായിരുന്നു. ഇത് നടന്നതാകട്ടെ സെപ്റ്റംബര്‍ മാസത്തിലുമായിരുന്നു. രണ്ട് മാസങ്ങളില്‍ നടന്ന പൂജകള്‍ എന്തിന് ഒരേദിവസം നടന്നു എന്ന് ജയറാം പറഞ്ഞത് എന്ന ചോദ്യമാണ് എസ്‌ഐടി ഉന്നയിക്കുന്നത്.
ശബരിമലയില്‍ നിന്നും കടത്തിയ സ്വര്‍ണപ്പാളികളിലെ സ്വര്‍ണം അടിച്ചുമാറ്റുക മാത്രമല്ല ഇവ വീടുകളില്‍ എത്തിച്ച് പൂജ നടത്തിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും പണം തട്ടിയിരുന്നു. എത്രപേര്‍ ഈ സംഘത്തിന്റെ വലയില്‍ വീണു എന്ന് കണ്ടെത്താനുളള തീവ്രശ്രമമാണ് അന്വേഷണസംഘം നടത്തുന്നത്.
---------------
Hindusthan Samachar / Sreejith S