Enter your Email Address to subscribe to our newsletters

Newdelhi, 30 ജനുവരി (H.S.)
ന്യൂഡൽഹി: ആർത്തവ ശുചിത്വത്തിനുള്ള അവകാശം ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീം കോടതി. രാജ്യത്തെ എല്ലാ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകളിലും വിദ്യാർത്ഥിനികൾക്ക് സൗജന്യമായി ബയോ-ഡീഗ്രേഡബിൾ സാനിറ്ററി പാഡുകൾ നൽകാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി കർശന നിർദ്ദേശം നൽകി. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ചരിത്രപരമായ ഈ വിധി.
സ്കൂളുകൾക്ക് കർശന മുന്നറിയിപ്പ്
സാനിറ്ററി പാഡുകൾ നൽകുന്നതിനൊപ്പം എല്ലാ സ്കൂളുകളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഭിന്നശേഷി സൗഹൃദമായ ശുചിമുറികളും എല്ലാ സ്കൂളുകളിലും നിർബന്ധമാണ്. ഈ സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്വകാര്യ സ്കൂളുകളുടെ അംഗീകാരം റദ്ദാക്കാൻ കോടതി ഉത്തരവിട്ടു. ഇത്തരം കാര്യങ്ങളിൽ സർക്കാരുകൾക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്നും കോടതി മുന്നറിയിപ്പ് നൽകി.
സുരക്ഷിതവും ഫലപ്രദവുമായ ആർത്തവ ശുചിത്വ മാർഗ്ഗങ്ങൾ ലഭ്യമാക്കുന്നത് ഒരു പെൺകുട്ടിയുടെ ലൈംഗികവും പ്രത്യുത്പാദനപരവുമായ ആരോഗ്യത്തിന്റെ ഉയർന്ന നിലവാരം ഉറപ്പാക്കാൻ സഹായിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ആരോഗ്യകരമായ പ്രത്യുത്പാദന ജീവിതത്തിനുള്ള അവകാശത്തിൽ ലൈംഗിക ആരോഗ്യത്തെക്കുറിച്ചുള്ള വിദ്യാഭ്യാസവും വിവരങ്ങളും ലഭ്യമാക്കാനുള്ള അവകാശവും ഉൾപ്പെടുന്നു. തുല്യമായ പങ്കാളിത്തത്തിലൂടെയാണ് സമത്വത്തിനുള്ള അവകാശം പ്രകടിപ്പിക്കപ്പെടുന്നത്, കോടതി പറഞ്ഞു.
ആർത്തവ ശുചിത്വ സൗകര്യങ്ങളുടെ അഭാവം പെൺകുട്ടികളുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യത എന്നത് അന്തസ്സുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. സ്കൂളുകളിൽ സഹായം ചോദിക്കാൻ മടിക്കുന്ന പെൺകുട്ടികൾക്ക് വേണ്ടിയാണ് ഈ വിധിയെന്ന് കോടതി വ്യക്തമാക്കി.
സമൂഹത്തോടുള്ള സന്ദേശം
ശാരീരികമായ മാറ്റങ്ങൾ ഒരു ഭാരമായി തോന്നി സ്കൂളിൽ വരാൻ മടിക്കുന്ന എല്ലാ പെൺകുട്ടികളോടും ഞങ്ങൾക്ക് പറയാനുള്ളത്, അത് നിങ്ങളുടെ തെറ്റല്ല എന്നാണ്. ഈ വാക്കുകൾ കോടതിമുറികൾക്കും നിയമ റിപ്പോർട്ടുകൾക്കും അപ്പുറം സമൂഹത്തിന്റെ മനസ്സാക്ഷിയിലേക്ക് എത്തണം, കോടതി വികാരാധീനമായി നിരീക്ഷിച്ചു.
ജയ താക്കൂർ 2024 ഡിസംബറിൽ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ ഉത്തരവ്. കേന്ദ്ര സർക്കാരിന്റെ 'സ്കൂൾ കുട്ടികൾക്കായുള്ള ആർത്തവ ശുചിത്വ നയം' രാജ്യമെമ്പാടും നടപ്പിലാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ആർത്തവത്തെ ചുറ്റിപ്പറ്റിയുള്ള സാമൂഹിക വിലക്കുകൾ നീക്കാനും പെൺകുട്ടികൾക്ക് ആത്മവിശ്വാസത്തോടെ വിദ്യാഭ്യാസം തുടരാനും ഈ വിധി സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
---------------
Hindusthan Samachar / Roshith K