Enter your Email Address to subscribe to our newsletters

Thiruvanathapuram, 31 ജനുവരി (H.S.)
രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും അന്താരഷ്ട്ര ക്രിക്കറ്റ് മത്സരം. ഇന്ന് ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ ഏറ്റുമുട്ടും. രാത്രി 7-നാണ് മത്സരം. സഞ്ജു സാംസണ്‍ സ്വന്തംനാട്ടില്‍ ആദ്യമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഒറ്റദിവസംകൊണ്ട് ടിക്കറ്റ് മുഴുവന്‍ വിറ്റുതീര്‍ന്നതിന്റെ റെക്കോഡുമായാണ് ഇത്തവണ കാര്യവട്ടത്ത് മത്സരമെത്തുന്നത്. ശനിയാഴ്ച വൈകീട്ട് ഇന്ത്യന്‍ ടീം സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങി. സ്റ്റേഡിയത്തിലെത്തിയ സഞ്ജു ഗംഭീര വെടിക്കെട്ട് പ്രകടനത്തോടെയാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.
സൂര്യകുമാറും ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും നെറ്റ്‌സില്‍ പരിശീലനം നടത്തി. അക്ഷര്‍ പട്ടേല്‍, ബുംറ, കുല്‍ദീപ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരും പരിശീലനത്തിനെത്തി. ന്യൂസീലന്‍ഡ് ടീമും ക്യാപ്റ്റന്‍ സാന്റ്‌നറുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് ടീം പരിശീലനത്തിനെത്തി. ഡെവണ്‍ കോണ്‍വേ, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ ബാറ്റിങ് പരിശീലനത്തിനിറങ്ങി. ലോകകപ്പിനു മുന്‍പുള്ള അവസാന മത്സരമാണ് ശനിയാഴ്ചത്തേത് എന്ന പ്രത്യേകതയുമുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്കു പ്രവേശനമുണ്ട്. കനത്ത പോലീസ് സംരക്ഷണയിലാണ് മത്സരം നടക്കുക. പാര്‍ക്കിങ്ങിന് നേരത്തേതന്നെ സ്ഥലങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ശനിയാഴ്ച തന്നെ ടീമിന്റെ ജഴ്‌സിയും മറ്റും വില്‍പ്പന തുടങ്ങിയതോടെ കാര്യവട്ടം കളിപ്പൂരത്തിന്റെ ആവേശത്തിലായി.
നഗരത്തില്‍ ഇന്ന് ഗതാഗതനിയന്ത്രണം
തിരുവനന്തപുരം: കാര്യവട്ടം സ്പോര്‍ട്‌സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ-ന്യൂസീലന്‍ഡ് ട്വന്റി-20 മത്സരത്തിനു മുന്നോടിയായി ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ അര്‍ധരാത്രി 12 മണിവരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും.
തിരുവനന്തപുരം, ആറ്റിങ്ങല്‍ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ ചാക്ക, ഉള്ളൂര്‍- ആക്കുളം വഴി ബൈപ്പാസിലെത്തി പോകണം. ആറ്റിങ്ങല്‍ ഭാഗത്തുനിന്ന് കാര്യവട്ടം- ശ്രീകാര്യം വഴി നഗരത്തിലേക്കു പോകുന്ന വാഹനങ്ങള്‍ വെട്ടുറോഡ്- ചന്തവിള- കാട്ടായിക്കോണം- ചെമ്പഴന്തി- ശ്രീകാര്യം വഴിയും പോകണം.
കാട്ടായിക്കോണത്തില്‍നിന്ന് വെട്ടുറോഡ് വഴി നഗരത്തിലേക്ക് എത്തുന്നവര്‍ കാട്ടായിക്കോണം- ചേങ്കോട്ടുകോണം- ചെമ്പഴന്തി- ശ്രീകാര്യം വഴി പോകണം. ഉള്ളൂരില്‍നിന്ന് വെട്ടുറോഡ്- ആറ്റിങ്ങല്‍ ഭാഗത്തേക്കു പോകുന്നവര്‍ ഉള്ളൂര്‍- ആക്കുളം- കുഴിവിള വഴിയും പോകണം. വിവരങ്ങള്‍ക്ക്: 0471-2558731.
---------------
Hindusthan Samachar / Sreejith S