Enter your Email Address to subscribe to our newsletters

AHEMADHABAD, 08 ജനുവരി (H.S.)
വിജയ് ഹസാരെ ട്രോഫിയിലെ നിർണ്ണായക മത്സരത്തിൽ കേരളത്തിന് തമിഴ്‌നാടിനോട് തോൽവി. 77 റൺസിനായിരുന്നു തമിഴ്‌നാടിന്റെ വിജയം. ഇതോടെ കേരളം നോക്കൗട്ട് കാണാതെ പുറത്തായി. ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 294 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 40.2 ഓവറിൽ 217 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. സെഞ്ച്വറിയുമായി തമിഴ്നാടിന് വിജയമൊരുക്കിയ എൻ ജഗദീശനാണ് പ്ലെയർ ഓഫ് ദി മാച്ച്.
സ്കോർ - തമിഴ്നാട് 50 ഓവറിൽ 294/8, കേരളം - 40.2 ഓവറിൽ 217
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ തമിഴ്‌നാടിന് ഓപ്പണർമാരായ എസ്.ആർ. അതീഷും (33) ക്യാപ്റ്റൻ എൻ. ജഗദീശനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 86 റൺസ് കൂട്ടിച്ചേർത്തു. തുടർന്നെത്തിയ ആന്ദ്രെ സിദ്ദാർഥ് (27), ബാബ ഇന്ദ്രജിത് (13) എന്നിവർ വേഗത്തിൽ മടങ്ങിയെങ്കിലും ഭൂപതി വൈഷ്ണ കുമാറും ജഗദീശനും ചേർന്ന് തമിഴ്‌നാട് ഇന്നിങ്‌സ് മികച്ച രീതിയിൽ മുന്നോട്ടു നീക്കി. വെറും 40 പന്തുകളിൽ നിന്ന് 73 റൺസാണ് ഈ സഖ്യം അടിച്ചെടുത്തത്.
എന്നാൽ അവസാന ഓവറുകളിൽ ഉജ്ജ്വലമായി പന്തെറിഞ്ഞ ഏദൻ ആപ്പിൾ ടോമിൻ്റെ പ്രകടനം തമിഴ്‌നാടിൻ്റെ സ്‌കോർ 294-ൽ ഒതുക്കി. 46ആം ഓവറിൽ ജഗദീശനെയും ഭൂപതി വൈഷ്ണ കുമാറിനെയും പുറത്താക്കിയ ഏദൻ, തുടർന്നെത്തിയ സണ്ണി, മുഹമ്മദ് അലി, സോനു യാദവ് എന്നിവരെയും മടക്കി അയച്ചു. 126 പന്തിൽ ഒൻപത് ഫോറും അഞ്ച് സിക്സുമടക്കം 139 റൺസെടുത്ത ജഗദീശനാണ് തമിഴ്‌നാടിൻ്റെ ടോപ്പ് സ്‌കോറർ. ഭൂപതി വൈഷ്ണ കുമാർ 20 പന്തിൽ 35 റൺസെടുത്തു. കേരളത്തിന് വേണ്ടി ഒൻപത് ഓവറിൽ വെറും 46 റൺസ് മാത്രം വിട്ടുകൊടുത്താണ് ഏദൻ ആറ് വിക്കറ്റുകൾ വീഴ്ത്തിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിൻ്റെ ഉജ്ജ്വല ഇന്നിങ്‌സ് പ്രതീക്ഷ നൽകി. കൃഷ്ണപ്രസാദിനൊപ്പം ആദ്യ വിക്കറ്റിൽ 58 റൺസും ബാബ അപരാജിത്തിനൊപ്പം 60 റൺസും കൂട്ടിച്ചേർത്ത രോഹൻ കേരളത്തിന് ഭേദപ്പെട്ട തുടക്കം നൽകി. 45 പന്തുകളിൽ നിന്ന് 73 റൺസെടുത്ത രോഹൻ പുറത്താകുമ്പോൾ 15.5 ഓവറിൽ രണ്ട് വിക്കറ്റിന് 117 റൺസെന്ന നിലയിലായിരുന്നു കേരളം.
എന്നാൽ തുടർന്നെത്തിയവർക്ക് ഈ മുൻതൂക്കം മുതലാക്കാനായില്ല. ബാബ അപരാജിത്തും വിഷ്ണു വിനോദും 35 റൺസ് വീതം നേടി മടങ്ങിയപ്പോൾ സൽമാൻ നിസാർ 25 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയവരിൽ 11 റൺസെടുത്ത എം.ഡി. നിധീഷ് മാത്രമാണ് രണ്ടക്കം കടന്നത്. 41ആം ഓവറിൽ 217 റൺസിന് കേരളം ഓൾ ഔട്ടായി. തമിഴ്‌നാടിന് വേണ്ടി സച്ചിൻ രാഥി, മുഹമ്മദ് അലി എന്നിവർ നാല് വിക്കറ്റ് വീതവും സായ് കിഷോർ രണ്ട് വിക്കറ്റും വീഴ്ത്തി.
ജയിച്ചിരുന്നെങ്കിൽ നോക്കൗട്ട് സാധ്യതകൾ നിലനിൽക്കുമായിരുന്ന കേരളത്തിന്, തോൽവി കനത്ത തിരിച്ചടിയായി.ഇതോടെ ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരായ കർണ്ണാടകയും മധ്യപ്രദേശും നോക്കൗട്ടിലേക്ക് മുന്നേറി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR