മിഷൻ 110 സാധ്യമാണെന്നും ആത്മവിശ്വാസത്തിന് അടിസ്ഥാനമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ
Thiruvananthapuram, 08 ജനുവരി (H.S.) മിഷൻ 110 സാധ്യമാണെന്നും ആത്മവിശ്വാസത്തിന് അടിസ്ഥാനമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ സീറ്റോടെ എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തും. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായത്, പ്രാദേശിക തിരിച്ചടിമാത്രമാണ്. പത്ത്
Pinarayi Vijayan


Thiruvananthapuram, 08 ജനുവരി (H.S.)

മിഷൻ 110 സാധ്യമാണെന്നും ആത്മവിശ്വാസത്തിന് അടിസ്ഥാനമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ സീറ്റോടെ എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തും. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായത്, പ്രാദേശിക തിരിച്ചടിമാത്രമാണ്. പത്ത് വർഷം മുൻപുള്ള കേരളത്തിൻ്റെ അവസ്ഥ ജനങ്ങളുടെ മനസിൽ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി കേരളം അനുഭവിക്കുന്നത് സർവതല വികസനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഞങ്ങൾക്ക് കനഗോലു ഇല്ല. ഞങ്ങളുടെ കനഗോലു ജനങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്തുവർഷവും അതിനുമുൻപുള്ള അവസ്ഥയും ജനങ്ങളെ സ്വാധീനിക്കുന്നതാണ്. ആ താരതമ്യം എൽഡിഎഫിന്റെ ഗ്രാഫ് ഉയർത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതി ഏറ്റവും കുറഞ്ഞ നാടെന്ന പ്രത്യേകത നമ്മുടെ നാട് നേടി. ഏതെങ്കിലും ഒരു പോസ്റ്റിൽ ആരെയെങ്കിലും നിയമിക്കാൻ കൈക്കൂലി കൊടുക്കേണ്ടതുണ്ടോ ഇക്കാലത്തെന്നു ചോദിച്ച മുഖ്യമന്ത്രി, ഈ സ്ഥിതിയിൽ കാലത്തിന്റെ മാറ്റം മാത്രമല്ല എൽഡിഎഫിനും പങ്കുണ്ടെന്ന് പറഞ്ഞു.

വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ അൽഭുതകരമായ മാറ്റങ്ങളാണ് ഉണ്ടായത്. 2016-ൽ അധികാരത്തിൽ വരുമ്പോൾ ആയിരത്തോളം സ്കൂളുകൾ അടച്ചു പൂട്ടാൻ നിൽക്കുകയായിരുന്നു. 2016-ന് മുമ്പ് ജൂൺ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ പാഠപുസ്തകങ്ങൾ ഇല്ലാതെ ഫോട്ടോസ്റ്റാറ്റ് എടുത്ത് കൊടുത്ത സ്ഥിതി ഉണ്ടായിരുന്നല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെ കരിവാരിത്തേയ്ക്കുന്ന വാർത്തകളിലും അമേരിക്കൻ ഭീകരതയെ സ്വാഭാവികവത്ക്കരിക്കുന്നതും അതേ രീതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്കെതിരായ രാഷ്ട്രീയ ലക്ഷ്യമാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

വെനസ്വേലയിലെ അമേരിക്കൻ അട്ടിമറിയെയും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. അമേരിക്ക നടത്തിയത് നികൃഷ്ടമായ കടന്നുകയറ്റം. നാളെ ഏത് രാജ്യത്തും ഇത് സംഭവിക്കാം. അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ ചരിത്രം മനുഷ്യ കുരുതിയുടേതാണ്. ലക്ഷക്കണക്കിന് പേരെയാണ് അവർ കൊന്നൊടുക്കിയത്. മനുഷ്യാവകാശങ്ങളെ വെല്ലുവിളിച്ച് തങ്ങളാഗ്രഹിക്കുന്ന ഭരണമാറ്റത്തിന് അതിക്രൂരമായ ആക്രമണം നടത്താൻ അമേരിക്ക മടിക്കുന്നില്ല. ഇത് നമ്മളെയാകെ ആശങ്കപ്പെടുത്തുന്ന വിഷയമാണ് ഇതിനെതിരെ ജനാധിപത്യ വിശ്വാസികളുടെ ശബ്ദം ഉയരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യാന്തര പിന്തുണയ്ക്ക് വെനസ്വേലയ്ക്കും അവകാശമുണ്ട്. എന്നാൽ അമേരിക്കൻ വിധേയത്വം പ്രകടിപ്പിക്കാനുള്ള തൊരയാണ് കേന്ദ്ര സർക്കാരിനെന്ന് മുഖ്യമന്ത്രി വിമർശിച്ചു. അമേരിക്കൻ നടപടിയെ നിസാരവത്കരിക്കുകയാണ് അവർ ചെയ്തത്. പ്രതിഷേധിക്കാൻ പോലും കേന്ദ്ര സർക്കാർ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശ മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ അമേരിക്കയുടെ പേര് പോലും പരാമർശിച്ചിട്ടില്ല. കോൺഗ്രസും അതേ പാതയിലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സിഐഎയുടെ പേരിൽ പണ്ട് ഫണ്ട് വാങ്ങിയതിൽ മാധ്യമങ്ങളും ഉണ്ടായിരുന്നു. അവരുടെ പ്രേതങ്ങൾ ഇപ്പോഴും ഉണ്ട്. യുഎസ് നടപടിയിൽ മധുരം പുരട്ടാനാണ് അത്തരം മാധ്യമങ്ങൾ ശ്രമിക്കുന്നത്. ട്രംപിന്റെ പേരിൽ തെലുങ്കാനയിൽ റോഡ് ഉണ്ടാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെ കരിവാരിത്തേയ്ക്കുന്ന വാർത്തകളിലും അമേരിക്കൻ ഭീകരതയെ സ്വാഭാവിക വത്ക്കരിക്കുന്നതും അതേ രീതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്കെതിരായ രാഷ്ട്രീയ ലക്ഷ്യമാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News