Enter your Email Address to subscribe to our newsletters

Thiruvanathapuram, 08 ജനുവരി (H.S.)
നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സിപിഎമ്മിന് കനത്ത തിരിച്ചടിയായി ഇടത് സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് ബിജെപി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. ഷാള്‍ അമിയിച്ച് സ്വീകരണവും നല്‍കി. തുടര്‍ന്ന് നടന്ന വാര്‍ത്താ സമ്മേളത്തില്‍ സിപിഎമ്മിന് എതിരെ രൂക്ഷമായ വിമര്‍ശനമാണ് റെജി ലൂക്കോസ് ഉന്നയിച്ചത്.
സിപിഎമ്മിന്റെ ദ്രവിച്ച ആശയങ്ങള്‍ക്ക് ഇനി പ്രസക്തിയില്ലെന്ന് റെജി ലൂക്കോസ് വിമര്‍ശിച്ചു. ഇനി ബിജെപിയുടെ ശബ്ദമായി പ്രവര്‍ത്തിക്കും. ബിജെപിയുടെ കേരളത്തിലെ വളര്‍ച്ച ഗംഭീരമായിരിക്കും. ആശയത്തില്‍ ആകര്‍ഷ്ടനായാണ് ഇവിടേക്ക് എത്തിയത്. ആ ആശയത്തോടൊപ്പം സന്തോഷത്തോടെ പ്രവര്‍ത്തിക്കും. ഇനിയും കൂടുതല്‍പേര്‍ ബിജെപിയിലേക്ക് എത്തുമെന്നും റെജി പറഞ്ഞു.
35 വര്‍ഷം ഇടത് പക്ഷത്തിനൊപ്പം പ്രവര്‍ത്തിച്ചു. ടെലിവിഷനുകളില്‍ ഇടത് പക്ഷത്തിനായി സംവദിച്ചു. സിപിഎം വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുകയാണ്. അതുകൊണ്ടാണ് സിപിഎം മെമ്പര്‍ഷിപ്പ് ഉപേക്ഷിച്ചതെന്നും റെജി പറഞ്ഞു. ആശയപരമായി രാഷ്ട്രീയ യുദ്ധത്തിനുള്ള സാഹചര്യം ഇപ്പോള്‍ കേരളത്തിലില്ല. യുവാക്കള്‍ നാടുവിടുന്നു, ഇങ്ങനെ പോയാല്‍ കേരളം വൃദ്ധാലയം ആകും. ബിജെപിയുടെ വികസന ആശയങ്ങളില്‍ പ്രതീക്ഷയുണ്ട്. വികസന രാഷ്ട്രീയമാണ് നാടിന് വേണ്ടത്. അത് ബിജെപിയാണ് മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ടാണ് ബിജെപി തിരഞ്ഞെടുത്തത് എന്നും റെജി ലൂക്കോസ് പറഞ്ഞു.
ചാനല്‍ ചര്‍ച്ചകളിലെ ഇടത് മുഖമായിരുന്നു റെജി ലൂക്കോസ്. സിപിഎമ്മിന് വേണ്ടി ഉറച്ച ശബ്ദത്തില്‍ വാദിച്ചിരുന്ന നിരീക്ഷകന്റെ അപ്രതീക്ഷിത രാഷ്ട്രീയ മാറ്റത്തിന്റെ കാരണമാണ് ഇനി അറിയേണ്ടത്.
---------------
Hindusthan Samachar / Sreejith S