സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും 'ബാക്ക് ബെഞ്ചേഴ്സ്' ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരം:മന്ത്രി വി ശിവൻകുട്ടി
Thiruvanathapuram, 08 ജനുവരി (H.S.) സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള രണ്ട് സുപ്രധാന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി കരട് റിപ്പോർട്ടിന് അംഗീകാരം നൽകിയതായി പൊത
V Shivankutti


Thiruvanathapuram, 08 ജനുവരി (H.S.)

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള രണ്ട് സുപ്രധാന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി കരട് റിപ്പോർട്ടിന് അംഗീകാരം നൽകിയതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസം ഉറപ്പാക്കുന്നതിനായി സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുക, ക്ലാസ് മുറികളിലെ ജനാധിപത്യവൽക്കരണത്തിന്റെ ഭാഗമായി 'ബാക്ക് ബെഞ്ചേഴ്സ്' ഇല്ലാത്ത പഠന അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ആശയങ്ങളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

ഈ നിർദ്ദേശങ്ങളെക്കുറിച്ച് വിശദമായി പഠിക്കാൻ നേരത്തെ എസ്.സി.ഇ.ആർ.ടി -യെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടുകൾ ഇന്ന് ചേർന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി വിശദമായി ചർച്ച ചെയ്യുകയും കരട് റിപ്പോർട്ടിന് അംഗീകാരം നൽകുകയും ചെയ്തു.

വിദ്യാഭ്യാസ പ്രക്രിയയിൽ സമൂഹത്തിന്റെയാകെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ഈ കരട് റിപ്പോർട്ട് പൊതുജനങ്ങളുടെ അഭിപ്രായത്തിനായി സമർപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. റിപ്പോർട്ട് എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ ലഭ്യമാക്കും. അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഇത് സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ജനുവരി 20 വരെ അറിയിക്കാവുന്നതാണ്.

പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച്, വരുന്ന അധ്യയന വർഷം തന്നെ ഈ മാറ്റങ്ങൾ വിദ്യാലയങ്ങളിൽ നടപ്പിലാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. നമ്മുടെ വിദ്യാലയങ്ങളെ കൂടുതൽ ശിശുസൗഹൃദവും ജനാധിപത്യപരവുമാക്കാൻ ഈ മാറ്റങ്ങൾ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News