Enter your Email Address to subscribe to our newsletters

Kolkkatha, 08 ജനുവരി (H.S.)
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചിമ ബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ പോര് മുറുകുന്നു. ഇന്ന് തൃണമൂല്‍ കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് നടത്തി. ഇതോടെ മുഖ്യമന്ത്രി മമത ബാനര്‍ജി റെയ്ഡ് നടക്കുന്ന സ്ഥലത്ത് എത്തി പ്രതിഷേധിച്ചു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണ് എന്നാണ് മമതയുടെ ആരോപണം.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഐ ടി വിഭാഗം മേധാവിയായ പ്രദീക് ജയിനിന്റെ വീട്ടിലും ഓഫീസിലുമാണ് ഇഡി റെയ്ഡ് നടത്തിയത്. പ്രദീക് ജയിനിന്റെ പിആര്‍ ഏജന്‍സിയായ ഐ പാക്കിന്റെ ഓഫീസിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മിന്നല്‍ റെയ്ഡ് നടത്തി. സാള്‍ട്ട് ലേക്കിലെ ഓഫീസിലും കൊല്‍ക്കത്തയിലെ പ്രദീക് ജയിനിന്റെ വസതിയിലുമായിരുന്നു പരിശോധന.
2021 ലെ കല്‍ക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് വിശദീകരണം. പരിശോധന നടക്കുന്നതിനിടെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രദീക് ജയിനിന്റെ വസതിയില്‍ നേരിട്ടെത്തി. ഒരു പച്ച ഫയലുമായാണ് മമതയുടെ വരവ്. ഇതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കേന്ദ്ര ഭരിക്കുന്ന ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം മമത ഉയര്‍ത്തി. തൃണമൂലിന്റെ ആഭ്യന്തര രേഖകളും സ്ഥാനാര്‍ത്ഥി പട്ടികയും ഹാര്‍ഡ് ഡിസ്‌കുകളും പിടിച്ചെടുക്കാനാണ് ഇഡിയെ ഉപയോഗിച്ച് ശ്രമിക്കുന്നതെന്നാണ് മമതയുടെ ആരോപണം.
ബിജെപി ഓഫീസുകളില്‍ സംസ്ഥാന പോലീസ് റെയ്ഡ് നടത്തിയാല്‍ എന്താകും അവസ്ഥയെന്ന് അമിത് ഷാ അടക്കമുളള നേതാക്കള്‍ ഓര്‍ക്കണം എന്നും മമത മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടി രേഖകള്‍ സംരക്ഷിക്കാനാണ് താന്‍ എത്തിയതെന്നും മമത മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ മനോജ് വര്‍മ്മയും സ്ഥലത്തെത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രിയുടെയും ജോലി രാഷ്ട്രീയ പാര്‍ട്ടികളുടെ ഐ ടി വിഭാഗങ്ങളുടെ ഓഫീസില്‍ റെയ്ഡ് നടത്തുന്നതാണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പാര്‍ട്ടി രേഖകള്‍ പിടിച്ചെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ഇ ഡി നീക്കം പാര്‍ട്ടിയെ തകര്‍ക്കാന്‍ ആണെന്നും മമത ആരോപിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനനെ വിജയത്തിലെത്തിക്കാന്‍ വലിയ പങ്കാണ് ഐ പാക്ക് വഹിച്ചത്. സംഭവത്തെത്തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ സാഹചര്യം വീണ്ടും വഷളായിരിക്കുകയാണ്.
2026 മെയ് മാസത്തില്‍ കാലാവധി അവസാനിക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം മാറിക്കഴിഞ്ഞു. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും പ്രധാന പ്രതിപക്ഷമായ ബി ജെ പിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് ബംഗാള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ (എസ് ഐ ആര്‍) 58 ലക്ഷത്തിലധികം വോട്ടര്‍മാരെ ഒഴിവാക്കിയത് ഇതിനകം തന്നെ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. മുഖ്യമന്ത്രി മമതാ ബാനര്‍ജി മണ്ഡലം സന്ദര്‍ശനങ്ങളും ജനസമ്പര്‍ക്ക പരിപാടികളുമായി സജീവമായപ്പോള്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപിയും തന്ത്രങ്ങള്‍ മെനയുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസും പ്രധാന പ്രതിപക്ഷമായ ബിജെപിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നടക്കാന്‍ പോകുന്നത്. അതിന്റെ പ്രതിഫലനമാണ് ഇഡി റെയ്ഡും അതിനെ ചെറുക്കാനുളള മമതയുടെ പ്രതിഷേധവുമെല്ലം.
---------------
Hindusthan Samachar / Sreejith S