Enter your Email Address to subscribe to our newsletters

Thiruvananthapuram, 09 ജനുവരി (H.S.)
നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി മത്സര രംഗത്ത് ഇറങ്ങാൻ ഒരുങ്ങുന്ന മറ്റൊരു എംപിയുടെ കൂടെ വിവരം പുറത്തുവരികയാണ്.
മറ്റാരുമല്ല സാക്ഷാല്‍ ശശി തരൂരിന്റെ പേരാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉയർന്നു കേള്‍ക്കുന്നത്. നിലവില്‍ തിരുവനന്തപുരത്ത് നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തരൂർ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് എന്ന മോഹം നേരത്തെ വച്ച് പുലർത്തുന്നുണ്ട്.
നിലവിലെ റിപ്പോർട്ടുകള്‍ അനുസരിച്ച് നേമം നിയോജക മണ്ഡലത്തില്‍ ശശി തരൂര്‍ എംപിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ ആവശ്യം സജീവമാണ്. അതിന്റെ പ്രധാന കാരണം തരൂരിന് ജില്ലയിലുള്ള സ്വീകാര്യത തന്നെയാണ്. നേമം ഇടത് പക്ഷത്ത് നിന്ന് പിടിച്ചെടുക്കാനും ബിജെപി വെല്ലുവിളി മറികടക്കാനും തരൂർ തന്നെയാണ് യോഗ്യനെന്നാണ് വിലയിരുത്തല്‍.
അതിന്റെ പ്രധാന കാരണമായി വിലയിരുത്തുന്നത് ബിജെപി വോട്ടുകള്‍ പോലും പിടിക്കാൻ ശശി തരൂരിന് കഴിയുമെന്നതാണ്. നിലകൊള്ളുന്നത് യുഡിഎഫിലും കോണ്‍ഗ്രസിനൊപ്പവും ആണെങ്കിലും ശശി തരൂർ പലപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. അതിലൂടെ ബിജെപി അണികള്‍ക്കും തരൂർ സ്വീകാര്യനാണ് എന്നാണ് വിലയിരുത്തല്‍.
മാത്രമല്ല വരുന്ന തിരഞ്ഞെടുപ്പില്‍ ഓരോ സീറ്റും നിർണായകമാണ് എന്നതിനാല്‍ തന്നെ നേമത്ത് നിലവില്‍ തരൂരിനെക്കാള്‍ അനുയോജ്യനായ ഒരാള്‍ ഇല്ലെന്നും പൊതുവെ അഭിപ്രായം ഉയരുന്നുണ്ട്. മാത്രമല്ല എംപി എന്നതില്‍ നിന്ന് മാറി കഴിഞ്ഞ കുറച്ച് കാലമായി തലസ്ഥാനത്ത് സജീവമാണ് ശശി തരൂർ. ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണെന്നാണ് വിലയിരുത്തല്‍.മണ്ഡലത്തില്‍ ഇക്കുറി ശക്തനായ സ്ഥാനാര്‍ത്ഥി വന്നില്ലെങ്കില്‍ ബിജെപി വിജയിക്കുമെന്ന അഭിപ്രായം കോണ്‍ഗ്രസിനകത്തുണ്ട്.
ഇതോടെയാണ് ശശി തരൂരിന്റെ പേരിന് പ്രാധാന്യമേറിയത്. ഇക്കുറി ലോക്‌സഭയില്‍ ബിജെപി ഏറ്റവും പ്രതീക്ഷയോടെ കണ്ണുവച്ച മണ്ഡലത്തില്‍ ചെറുതെങ്കിലും അവസാന നിമിഷം വിജയം പിടിച്ചെടുത്തത് ശശി തരൂരിന്റെ വ്യക്തി പ്രഭാവത്തിലാണ് എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.2016ല്‍ നേമത്ത് നേടിയ വിജയത്തോടെ കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി ബിജെപി അക്കൗണ്ട് തുറന്നിരുന്നു. എന്നാല്‍ 2021ലെ തിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ 3949 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി വി ശിവന്‍കുട്ടി നേമം മണ്ഡലം തിരിച്ചുപിടിച്ചു.
കെ മുരളീധരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോള്‍ 36,524 വോട്ട് നേടിയതാണ് സിപിഎമ്മിന് ജയമൊരുക്കിയത്.അതേസമയം, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖറിന് നേമം മണ്ഡലത്തില്‍ നിന്ന് 22,126 വോട്ടിന്റെ ലീഡും തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആക്കെ 7913 വോട്ടിന്റെ ലീഡും ഉണ്ടായിരുന്നു. ഈ കണക്കുകള്‍ ബിജെപിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ രാജീവ് ചന്ദ്രശേഖർ കൂടി ഇറങ്ങുന്നതോടെ ബിജെപി ക്യാമ്ബ് തികഞ്ഞ പ്രതീക്ഷയിലാണ്.
അവിടെ ശശി തരൂർ മാത്രമാണ് മറുമരുന്ന് എന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്. നിലവില്‍ ഇടത് മുന്നണിയില്‍ നിന്ന് ആരാവും മണ്ഡലത്തില്‍ മത്സരിക്കുക എന്ന കാര്യത്തില്‍ ധാരണ വന്നിട്ടില്ല. അതുകൊണ്ട് തന്നെ ശക്തമായ ത്രികോണ മത്സരത്തിന്റെ സാധ്യത കൂടി കണക്കിലെടുക്കുമ്ബോള്‍ ഇവിടെ യുഡിഎഫിന് ഏറ്റവും നല്ല ഓപ്‌ഷനുകളില്‍ ഒന്നാണ് ശശി തരൂർ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR