Enter your Email Address to subscribe to our newsletters

Kerala, 09 ജനുവരി (H.S.)
ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായക വഴിത്തിരിവ്. മുൻ മുഖ്യ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. മാസങ്ങൾ നീണ്ട അന്വേഷണത്തിനും ചോദ്യം ചെയ്യലുകൾക്കും ശേഷമാണ് കേസിൽ പതിനൊന്നാം പ്രതിയായി തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
അറസ്റ്റ് നടപടികൾ വെള്ളിയാഴ്ച രാവിലെ ആറ്റിങ്ങലിലെ രഹസ്യ കേന്ദ്രത്തിൽ വെച്ച് തന്ത്രിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വൈകുന്നേരത്തോടെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ച് അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. തുടർന്ന് അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി.
കുറ്റാരോപണങ്ങൾ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലും ശ്രീകോവിൽ വാതിൽ പടിയിലും സ്വർണ്ണം പൂശുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് തന്ത്രിക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ദേവസ്വം ബോർഡിന്റെ മാനദണ്ഡങ്ങൾ ലംഘിച്ച് സ്വർണ്ണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ തന്ത്രി ശുപാർശ ചെയ്തതായും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ മൊഴികൾ തന്ത്രിക്കെതിരായ നിർണ്ണായക തെളിവുകളായി.
അന്വേഷണം ശരിയായ ദിശയിലെന്ന് സർക്കാർ തന്ത്രിയുടെ അറസ്റ്റോടെ കേസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയതായി ദേവസ്വം മന്ത്രി വി.എൻ വാസവൻ പ്രതികരിച്ചു. അന്വേഷണത്തിൽ പ്രത്യേക നിയന്ത്രണങ്ങളില്ലെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് മുന്നോട്ട് പോകുന്നതെന്നും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി. അഴിമതി നിരോധന നിയമപ്രകാരമാണ് തന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. സർക്കാർ ശമ്പളം കൈപ്പറ്റുന്ന വ്യക്തി എന്ന നിലയിൽ അദ്ദേഹം ഈ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
മോഷണം പോയതിൽ 475 ഗ്രാം സ്വർണ്ണം ഇനിയും കണ്ടെത്താനുണ്ട്. ശബരിമല തീർത്ഥാടന കാലത്ത് തന്നെ തന്ത്രി കുടുംബത്തിൽ നിന്നൊരാൾ അറസ്റ്റിലാകുന്നത് ഭക്തർക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്. നിലവിൽ കണ്ഠരര് മഹേഷ് മോഹനരാണ് ശബരിമലയിൽ തന്ത്രിയുടെ ചുമതലകൾ നിർവ്വഹിക്കുന്നത്.
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൊച്ചി യൂണിറ്റിൽ ഇസിഐആർ രജിസ്റ്റർ ചെയ്തു. ക്രൈംബ്രാഞ്ച് പ്രതി ചേർത്തവർ ഇഡി കേസിലും പ്രതിയാണ്. പിഎംഎൽഎ വകുപ്പ് ചേർത്താണ് അന്വേഷണം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേസിൽ ഇഡി കൂടെ എത്തുന്നതോടെ രാഷ്ട്രീയപരമായ ചർച്ചകൾക്കും പുതിയ നീക്കം വഴിവെക്കും.
നേരത്തെ കേസിന്റെ വിവരങ്ങള്‍ തേടി റാന്നി കോടതിയില്‍ ഇഡി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എഫ്‌ഐആര്‍ അടക്കം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ കോടതി ആവശ്യം നിരസിച്ചിരുന്നു. പിന്നാലെ ഇഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇഡിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
---------------
Hindusthan Samachar / Roshith K