പകര്പ്പവകാശത്തില് ഇളയരാജക്ക് തിരിച്ചടി; ഹൈക്കോടതി വിധിയില് ഇടപെടാനില്ലെന്ന് സുപ്രീം കോടതി
New delhi, 01 ഒക്റ്റോബര്‍ (H.S.) പകര്‍പ്പവകാശത്തില്‍ ഇളയരാജക്ക് വീണ്ടും തിരിച്ചടി. മൂടുപണി എന്ന തമിഴ് ചിത്രത്തിലെ ''എന്‍ ഇനിയ പൊന്‍ നിലാവേ'' എന്ന ഗാനത്തിന്റെ പകര്‍പ്പവകാശം സംബന്ധിച്ച കേസിലാണ് സംഗീത സംവിധായകന്‍ ഇളയരാജക്ക് സുപ്രീംകോടതിയില്‍ തിരിച്
Supreme Court


New delhi, 01 ഒക്റ്റോബര്‍ (H.S.)

പകര്‍പ്പവകാശത്തില്‍ ഇളയരാജക്ക് വീണ്ടും തിരിച്ചടി. മൂടുപണി എന്ന തമിഴ് ചിത്രത്തിലെ 'എന്‍ ഇനിയ പൊന്‍ നിലാവേ' എന്ന ഗാനത്തിന്റെ പകര്‍പ്പവകാശം സംബന്ധിച്ച കേസിലാണ് സംഗീത സംവിധായകന്‍ ഇളയരാജക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി നേരിട്ടത്. ഗാനത്തിന്റെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട ഡല്‍ഹി ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ ശരിയാണെന്നായിരുന്നു ബെഞ്ച് വ്യക്തമാക്കിയത്.

ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ ഇളയരാജ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചത്. ഗാനത്തിന്റെ പകര്‍പ്പവകാശം തങ്ങള്‍ക്ക് ആവകാശപ്പെട്ടതാണെന്ന് ആരോപിച്ച് സരേഗമ ഇന്ത്യ ലിമിറ്റഡ് രംഗത്തെത്തിയതോടെയാണ് പകര്‍പ്പവകാശ തര്‍ക്കങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

മൂടുപണി എന്ന ചിത്രത്തിന് വേണ്ടി ഇളയരാജ സംഗീത സംവിധാനം ചെയ്ത ഗാനമാണ് 'എന്‍ ഇനിയ പൊന്‍ നിലാവേ'. ഈ ഗാനത്തിന്റെ പരിഷ്‌കരിച്ച രൂപം ഇളയരാജയുടെ മകനും സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍രാജ തയാറാക്കിയിരുന്നു. വേല്‍സ് ഫിലിംസ് നിര്‍മിച്ച അഘത്തിയ എന്ന ചിത്രത്തില്‍ ഈ ഗാനം ഉള്‍പ്പെടുത്താനായിരുന്നു തീരുമാനം. എന്നാല്‍ ഇതിനെതിരെ സരേഗമ രംഗത്തെത്തുകയും ഗാനത്തിന്റെ പകര്‍പ്പവകാശം സരേഗമ ഇന്ത്യാ ലിമിറ്റഡിനാണെന്ന് ചൂണ്ടികാണിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയുമായിരുന്നു.

സരേഗമയില്‍ നിന്ന് അനുമതി വാങ്ങാതെയാണ് അഘത്തിയ എന്ന ചിത്രത്തില്‍ ഗാനം ഉപയോഗിച്ചതെന്നായിരുന്നു കേസ്. അതേസമയം ഗാനത്തിന്റെ യഥാര്‍ത്ഥ സംവിധായകന്‍ ഇളയരാജയില്‍ നിന്നാണ് തങ്ങള്‍ പകര്‍പ്പവകാശം നേടിയതെന്നായിരുന്നു വേല്‍സ് ഫിലിംസ് കോടതിയില്‍ വാദിച്ചത്.

എന്നാല്‍ ഗാനത്തിന്റെ പകര്‍പ്പവകാശം ഇളയരാജക്കല്ലെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ വിധി. അദ്ദേഹത്തിന് പകര്‍പ്പവകാശം ഇല്ലാത്തതിനാല്‍ തന്നെ മൂന്നാമതൊരു കക്ഷിക്ക് കൈമാറാനും അവകതാശമില്ലെന്നും പുതിയ ചിത്രത്തില്‍ ഗാനം ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിടുകയായിരുന്നു.

തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ ഇളയരാജ അപ്പീല്‍ നല്‍ക്കുകയായിരുന്നു എന്നാല്‍ ജസ്റ്റിസ് സി ഹരിശങ്കര്‍, ജസ്റ്റിസ് ഓം പ്രകാശ് ശുക്ല എന്നവടങ്ങിയ ബെഞ്ച് അപ്പീല്‍ തള്ളുകയും പകര്‍പ്പവകാശം ഗാനത്തിന്റെ സംഗീതത്തില്‍ മാത്രമാണെന്നും വരികളിലോ റെക്കോര്‍ഡിങ്ങിലോ പകര്‍പ്പവകാശം ഇല്ലെന്നും കോടതി ഉത്തരവിറക്കി.

---------------

Hindusthan Samachar / Sreejith S


Latest News