Enter your Email Address to subscribe to our newsletters

Kolkota, 01 ഒക്റ്റോബര് (H.S.)
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ലോക്സഭാ എംപി മഹുവ മൊയ്ത്രയ്ക്ക് കൽക്കട്ട ഹൈക്കോടതിയിൽ നിന്ന് വലിയ ആശ്വാസം. സ്വന്തം മണ്ഡലമായ കൃഷ്ണനഗർ സന്ദർശിക്കുമ്പോൾ മഹുവ മൊയ്ത്രയ്ക്ക് നൽകിവരുന്ന സുരക്ഷ നവംബർ 30 വരെ നീട്ടാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനുപുറമെ, ഇവർക്കെതിരെയുള്ള വിദ്വേഷ പ്രസംഗക്കേസിൽ കടുത്ത നടപടികൾ സ്വീകരിക്കുന്നതിൽ നിന്നുള്ള ഇടക്കാല സംരക്ഷണം അടുത്ത വർഷം ജനുവരി 29 വരെയും കോടതി നീട്ടി നൽകി.
ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ സിംഗിൾ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. മുൻപ് കൃഷ്ണനഗർ മണ്ഡലത്തിൽ എത്തിയപ്പോൾ മഹുവ മൊയ്ത്രയ്ക്കു നേരെ മുട്ടയേറും വലിയ തോതിലുള്ള പ്രതിഷേധങ്ങളും ഉപദ്രവങ്ങളും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ തനിക്ക് മതിയായ സുരക്ഷ വേണമെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ പുതിയ നിർദേശം. ഈ വിഷയം ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാനും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.
നാദിയ ജില്ലയിലെ ഹൊഗൽബേരിയ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വിദ്വേഷ പ്രസംഗക്കേസിലാണ് എംപിക്ക് ആശ്വാസകരമായ നടപടിയുണ്ടായത്. ഈ കേസ് അടുത്തതായി ജനുവരി 13-ന് കോടതി വീണ്ടും പരിഗണിക്കും. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മഹുവ മൊയ്ത്ര സമർപ്പിച്ച ഹർജിയിലാണ് വാദം നടന്നത്. തനിക്കെതിരെ കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും അതിനാൽ കേസ് തള്ളിക്കളയണമെന്നുമാണ് മഹുവയുടെ വാദം.
നേരത്തെ ജൂലൈ 21-ന് കേസ് പരിഗണിച്ചപ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി മഹുവയ്ക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് ആഗസ്റ്റ് 14-ന് ഹൊഗൽബേരിയ പൊലീസ് സ്റ്റേഷനിൽ ഹാജരായി അവർ അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയതായി പശ്ചിമ ബംഗാൾ സർക്കാരിനെ പ്രതിനിധീകരിച്ച അഡ്വക്കേറ്റ് ജനറൽ സുരോജിത് നാഥ് മിത്ര കോടതിയെ അറിയിച്ചു. കേസിലെ അന്വേഷണം തുടർന്നു വരികയാണെന്നും അദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
ആഗസ്റ്റ് 14-ന് പൊലീസ് സ്റ്റേഷനിൽ ഹാജരായ സമയത്ത് എംപിക്ക് നേരെ ആക്രമണങ്ങളോ മുട്ടയേറോ ഉണ്ടായിട്ടില്ലെന്ന് അവരുടെ അഭിഭാഷകൻ കോടതിയിൽ സമ്മതിച്ചു. എന്നാൽ മുൻപ് പലതവണ കൃഷ്ണനഗർ സന്ദർശിച്ചപ്പോഴും കടുത്ത അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അഭിഭാഷകൻ വാദിച്ചു. തുടർന്ന് ഒക്ടോബർ 5 വരെ നൽകിയിരുന്ന അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികൾക്കെതിരായ ഇടക്കാല സംരക്ഷണം ജനുവരി 29 വരെ കോടതി നീട്ടി നൽകുകയായിരുന്നു. കൃഷ്ണനഗർ സന്ദർശന വേളകളിൽ എംപിക്ക് പൂർണ സുരക്ഷ ഉറപ്പാക്കണമെന്നും അക്രമങ്ങൾ ഉണ്ടാകുന്നില്ലെന്ന് പോലീസ് ഉറപ്പുവരുത്തണമെന്നും കോടതി കർശന നിർദേശം നൽകി.
---------------
Hindusthan Samachar / Roshith K