മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം; പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ കസ്റ്റഡിയിൽ
Newdelhi, 10 ഒക്റ്റോബര് (H.S.) മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിലേക്ക് മാർച്ച് നടത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന സിപിഎം നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത
PINARAYI VIJAYAN IN CUSTODY DELHI


Newdelhi, 10 ഒക്റ്റോബര് (H.S.)

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിലേക്ക് മാർച്ച് നടത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന സിപിഎം നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.

കേരള ഹൗസിന് മുന്നിലും പരിസരത്തുമായി സമാധാനപരമായി പ്രതിഷേധിച്ച നേതാക്കളെയും പ്രവർത്തകരെയുമാണ് പൊലീസ് ബലംപ്രയോഗിച്ച് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയും വോട്ടർ പട്ടിക പുനഃപരിക്രമണത്തിലെ ക്രമക്കേടുകൾക്കെതിരെയുമാണ് ഡൽഹിയിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചത്.

തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിഷ്പക്ഷതയും വിശ്വാസ്യതയും നഷ്ടപ്പെടുത്തിയ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ പ്രക്ഷോഭത്തെ മുന്നിൽനിന്ന് നയിച്ചത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയനാണ്. ജന്തർമന്തർ സമരത്തിന് മുന്നോടിയായി കേരള ഹൗസിൻ്റെ ഗേറ്റ് കടന്ന് മുന്നോട്ട് നീങ്ങിയ നേതാക്കളെ പൊലീസ് വലിച്ചിഴച്ച് ജീപ്പിലേക്ക് കയറ്റി.

മുതിർന്ന നേതാക്കളായ എം.എ ബേബി, എം.വി ഗോവിന്ദൻ, കെ.കെ ശൈലജ, പി.കെ ശ്രീമതി, വി ശിവദാസൻ എംപി, പി രാജീവ് എന്നിവരെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇതിനിടെ പൊലീസ് ആക്രമണത്തിൽ പി.കെ ശ്രീമതി തറയിൽ വീണു. പി.കെ ശ്രീമതിയെയും എം.എ ബേബിയെയും പൊലീസ് വലിച്ചിഴയ്ക്കുകയായിരുന്നു. സമരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഡൽഹി പൊലീസ്.

പിണറായി വിജയനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം തടഞ്ഞു. മുതിർന്ന നേതാക്കളെ വലിച്ചിഴച്ച സാഹചര്യത്തിൽ പിണറായി വിജയൻ്റെ നേതൃത്വത്തിൽ ജോൺ ബ്രിട്ടാസ്, കെ.എൻ ബാലഗോപാൽ എന്നിവർ ജന്തർമന്തറിലേക്ക് നടന്നുനീങ്ങി.

ബൃന്ദ കാരാട്ട് ഉൾപ്പെടെയുള്ള നേതാക്കളെ നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സംഘം കേരള ഹൗസിൽ നിന്ന് ജന്തർമന്തറിലേക്ക് നീങ്ങിയത്. എന്നാൽ കേരള ഹൗസിന് സമീപം ബാരിക്കേഡുകൾ തീർത്ത് വൻ പൊലീസ് സന്നാഹം ഇവരെ തടയുകയും കസ്റ്റഡിയിലേക്ക് മാറ്റുകയും ചെയ്തു. എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐഎസ്എഫ്, എഐവൈഎഫ് തുടങ്ങിയ ഇടത് സംഘടനകളിലെ നൂറുകണക്കിന് പ്രവർത്തകരെയും പൊലീസ് ബലംപ്രയോഗിച്ച് വാഹനങ്ങളിൽ കയറ്റി.

സർക്കാർ വഴിവിട്ട ബന്ധങ്ങൾ തേടുന്നു

ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ സർക്കാർ വഴിവിട്ട ബന്ധങ്ങൾ തേടുകയാണെന്ന് കസ്റ്റഡിയിലാകുന്നതിന് മുൻപ് പിണറായി വിജയൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാജ്യത്തെ 13 കോടി ജനങ്ങളുടെ വോട്ടവകാശം നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കുക എന്നതാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നത് വരെ സമരം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് പൂർണമായ ജനാധിപത്യ ധ്വംസനമാണ് നടക്കുന്നതെന്നും ഇത് ജനാധിപത്യത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിനെ തെരഞ്ഞെടുക്കുന്നത് ജനങ്ങളാണെന്നും ആ ജനങ്ങളുടെ വോട്ടവകാശം നിഷേധിച്ച ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ സർക്കാർ വഴിവിട്ട നീക്കങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതൊരു പൊലീസ് സ്റ്റേറ്റായി മാറിയിരിക്കുകയാണെന്നും അമിത് ഷാ നഗരം പൂർണമായും കൈയടക്കിയിരിക്കുകയാണെന്നും പാർലമെൻ്റ് അംഗങ്ങളെപ്പോലും വഴിനടക്കാൻ അനുവദിക്കുന്നില്ലെന്നും പിണറായി വിജയൻ വിമർശിച്ചു.

ജനാധിപത്യം പുലരട്ടെ എന്ന മുദ്രാവാക്യമുയർത്തിയാണ് നേതാക്കൾ മുന്നോട്ട് നീങ്ങിയത്. അമിത് ഷാ കണ്ടോളൂ ജന്തർമന്തറിൽ ഞങ്ങളുണ്ട്, ബിജെപി ഭരണം തുലയട്ടെ, ഫാഷിസം തുലയട്ടെ, പൊലീസ് രാജ് ഡൗൺ ഡൗൺ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രവർത്തകർ ഉയർത്തി. ജന്തർമന്തറിലേക്ക് ആരെയും കടത്തിവിടില്ലെന്ന നിലപാടിലാണ് ഡൽഹി പൊലീസ്.

കേരള ഹൗസിന് മുന്നിൽ ഒന്നിലധികം ലെയറുകളിലായി ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഉൾപ്പെടെയുള്ള അർധസൈനിക വിഭാഗങ്ങളെയും പ്രദേശത്ത് വിന്യസിച്ചു. സമാധാനപരമായി സമരം ചെയ്യാൻ അനുവദിക്കില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് സിപിഎം തീരുമാനം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News