Enter your Email Address to subscribe to our newsletters

Kozhikode , 10 ഒക്റ്റോബര് (H.S.)
മലയാള സിനിമയ്ക്ക് നിരവധി ക്ലാസിക് കുടുംബചിത്രങ്ങൾ സമ്മാനിച്ച പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന് കാലിക്കറ്റ് സർവകലാശാലയുടെ ആദരവ്. അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകൾ മാനിച്ച് സർവകലാശാല നൽകുന്ന പരമോന്നത ബഹുമതിയായ ഡി.ലിറ്റ് (Doctor of Letters) ബിരുദം സത്യൻ അന്തിക്കാട് ഏറ്റുവാങ്ങി.
തന്റെ കലാജീവിതത്തിനും വ്യക്തിജീവിതത്തിനും ഈ അംഗീകാരം വലിയ ഊർജമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു പുരസ്കാരം എന്നതിനേക്കാൾ ഉപരിയായി വലിയൊരു അനുഗ്രഹമായാണ് താനിതു സ്വീകരിക്കുന്നതെന്ന് സത്യൻ അന്തിക്കാട് തന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ സന്തോഷം പങ്കുവെച്ചു.
ഗവര്ണറില് നിന്ന് ബഹുമതി ഏറ്റവുവാങ്ങുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
സത്യന് അന്തിക്കാടിന്റെ കുറിപ്പ്:
സ്കൂളില് പഠിക്കുന്ന കാലത്ത്, ക്ലാസ്സില്വച്ച്, ചില അധ്യാപകര് ചോദിക്കുമായിരുന്നു; വലുതാകുമ്പോള് ആരാകാനാണ് ആഗ്രഹമെന്ന്. കൂടുതല് പേരും പറയുക ഡോക്ടര് ആകണമെന്നാണ്. വേറെ ചിലര്ക്ക് എന്ജിനീയര് ആകണം... ടീച്ചര്ക്കു വിഷമം തോന്നാതിരിക്കാന് അധ്യാപകനാകാനാണ് ഇഷ്ടം എന്ന് പറയുന്നവരുണ്ട്.
ഡോക്ടര് എന്ന പേരിനോടു പേടി കലര്ന്ന ബഹുമാനമായിരുന്നു എനിക്ക്. പനിയും ചുമയുമൊക്കെ വന്ന് ആശുപത്രിയില് പോകേണ്ടി വരുമ്പോള് സ്റ്റെതസ്കോപ്പ് വച്ച് ഡോക്ടര് പരിശോധിക്കും. അപ്പോള് നെഞ്ചിടിപ്പ് കൂടും. കുറച്ചുകൂടി വളര്ന്നപ്പോഴാണ് ചികിത്സിക്കാത്ത ഡോക്ടര്മാരും ഉണ്ടെന്ന് മനസ്സിലാകുന്നത്. പിഎച്ച്ഡി എന്ന ബിരുദത്തെക്കുറിച്ച് അറിയുന്നത് അപ്പോഴാണ്. തിരഞ്ഞെടുക്കുന്ന വിഷയങ്ങളില് ഗവേഷണം നടത്തി വര്ഷങ്ങളോളം പഠിച്ച് എഴുതി നേടിയെടുക്കുന്നതാണ് ആ പദവി. എന്റെ ചിന്താമണ്ഡലത്തിലൊന്നും അത്തരം ബിരുദങ്ങള് ഉണ്ടായിരുന്നില്ല. തിരിച്ചറിവ് ഉണ്ടായപ്പോള് മുതല് എനിക്ക് ഒരൊറ്റ സ്വപ്നമേയുള്ളൂ. അത് സിനിമയാണ്.
തൃശൂര് ജില്ലയിലെ അന്തിക്കാടെന്ന ചെറിയ ഗ്രാമത്തില്, പ്രത്യേകിച്ച് കലാപാരമ്പര്യമൊന്നുമില്ലാത്ത വീട്ടില് ജനിച്ച എനിക്ക് അങ്ങനെയൊരു സ്വപ്നം എങ്ങനെയുണ്ടായി എന്ന് ഇപ്പോഴുമറിഞ്ഞുകൂടാ. സിനിമ അങ്ങു ദൂരെ മദിരാശിയില് രൂപം കൊള്ളുന്ന ഒരു അത്ഭുതകലയായിരുന്നു. ആ രംഗവുമായി ബന്ധമുള്ള ഒരാളെപ്പോലും അന്നു നേരിട്ടു കണ്ടിട്ടില്ല. എന്നിട്ടും സ്വപ്നത്തോടൊപ്പം യാത്ര ചെയ്ത് ഞാന് സിനിമയിലെത്തുകയായിരുന്നു.കാലിക്കറ്റ് യൂണിവേഴ്സിറ്റി പോലെ പ്രശസ്തമായ ഒരു സര്വകലാശാലയില് നിന്ന്, ഇങ്ങനെയൊരു ബഹുമതിക്ക് എന്നെ തെരഞ്ഞെടുത്തിരിക്കുന്നു എന്ന അറിയിപ്പു കിട്ടിയപ്പോള് ഞാനെന്റെ മക്കളോടു ചോദിച്ചു; എനിക്കതിനുള്ള അര്ഹതയുണ്ടോ ?
മൂന്ന് ആണ്മക്കളാണെനിക്കുള്ളത്. മൂന്നുപേരും ഇതേ യൂണിവേഴ്സിറ്റിയില് നിന്ന് ഡിഗ്രിയും പിജിയുമൊക്കെ നേടിയവരാണ്. എന്റെ ഭാര്യ നിമ്മിയുടെ കൈയിലുമുണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡിഗ്രി സര്ട്ടിഫിക്കറ്റ്. മക്കള് പറഞ്ഞു: ഞങ്ങളൊക്കെ അധ്യാപകര് പഠിപ്പിച്ച പാഠങ്ങള് പഠിച്ചിട്ടാണ് ഈ സര്ട്ടിഫിക്കറ്റുകള് നേടിയത്. അച്ഛന് വിഷയങ്ങള് സ്വയം കണ്ടെത്തുകയും അതു പ്രേക്ഷകരുടെ മനസ്സില് പതിപ്പിക്കുകയും ചെയ്ത് വിജയിച്ച ആളാണ്. അഭിമാനപൂര്വ്വം ഈ ബഹുമതി കൈപ്പറ്റണം. ആ ധൈര്യത്തിലാണ് ഞാന് ആ വേദിയില് നിന്നത്.
ധന്യമായ ആ നിമിഷം സ്വപ്നമായിപ്പോലും ഞാന് സങ്കല്പിച്ചിട്ടില്ല. അതിന്റെ അമ്പരപ്പ് വിട്ടുമാറാതെയാണ് ഞാനാ നിമിഷങ്ങളിലൂടെ കടന്നുപോയത്.പിന്തിരിഞ്ഞു നോക്കുമ്പോള് ഒരുപാടു പേരെ എനിക്ക് ഓര്മിക്കാനുണ്ട്. എഴുത്തിന്റെ വഴിയില് എനിക്കു വെളിച്ചമായി നിന്ന കവി കുഞ്ഞുണ്ണി മാഷ്. സിനിമയുടെ വാതിലുകള് എന്റെ മുന്നില് തുറന്നു തന്ന ഗുരുനാഥന് ഡോക്ടര് ബാലകൃഷ്ണന്. ഒപ്പം പ്രവര്ത്തിക്കാന് അവസരം തന്ന സംവിധായകരായ ഹരിഹരന്, ചന്ദ്രകുമാര്, ജേസി... എനിക്കെന്നും പ്രചോദനമായി എന്നോടൊപ്പം നിന്ന ശ്രീനിവാസന്.
ശ്രീനിവാസന് കൂടെയുണ്ടാകുമ്പോഴാണ് ഞാന് പൂര്ണനാകുന്നത് എന്നു തോന്നിയിട്ടുണ്ട്. ഞങ്ങള് രണ്ടുപേരും ഏകദേശം ഒരുപോലെ ചിന്തിക്കുന്നവരും സമൂഹത്തെ ഒരുപോലെ നിരീക്ഷിക്കുന്നവരുമായിരുന്നു. ആ നിരീക്ഷണത്തില് നിന്നാണ് സന്ദേശം, വരവേല്പ്, തലയണമന്ത്രം, ഞാന് പ്രകാശന് തുടങ്ങിയ സിനിമകളൊക്കെ ഉണ്ടായത്. ഈ ബഹുമതി സ്വീകരിക്കുമ്പോഴും ശ്രീനിവാസന് എന്നോടൊപ്പം ഉണ്ടെന്ന് ഞാന് വിശ്വസിക്കുന്നു. മനസ്സില്, ഇത് ശ്രീനിവാസനും കൂടിയുള്ളതാണെന്ന് സങ്കല്പിക്കുകയും ചെയ്യുന്നു.
എല്ലാ മേഖലയിലും ഉള്ളതുപോലെ സിനിമയിലും മാറ്റങ്ങള് സംഭവിക്കുന്നുണ്ട്. ഞാന് സംവിധാനം പഠിക്കാന് തുടങ്ങിയ കാലത്ത് സിനിമ 35 എംഎമ്മിലും ബ്ലാക്ക് ആന്ഡ് വൈറ്റിലുമായിരുന്നു. പിന്നിടത് കളറായി, സിനിമാസ്കോപ്പായി..... ഇപ്പോള് ഫിലിം പോലുമില്ലാതായി. പകരം ഡിജിറ്റല് സംവിധാനങ്ങള് വന്നു. സിനിമയുടെ ആഖ്യാനരീതികള് മാറി. പാട്ടുകളുടെ സ്വഭാവം മാറി.
മാറ്റം അനിവാര്യമാണ്. പഴയതു മാത്രമാണു ശരി എന്ന് പറയുന്നതില് ഒരു അര്ഥവുമില്ല. പക്ഷേ, മാറാത്ത ഒന്നുണ്ട്; അതു സിനിമയുടെ ആത്മാവാണ്. നമ്മുടെ വികാരങ്ങള്ക്ക് മാറ്റമൊന്നുമില്ല. സ്നേഹം, ത്യാഗം, പ്രണയം, വിരഹം, പക... ഇതൊക്കെ മനുഷ്യന്റെ സ്വാഭാവിക വികാരങ്ങളാണ്. ഇന്നും സിനിമയില് മാറ്റമില്ലാതെ അതു പ്രതിഫലിച്ചുകൊണ്ടിരിക്കുന്നുണ്ട്. വികെഎന് ഒരിക്കല് പറഞ്ഞിട്ടുണ്ട്; ''ശാസ്ത്രം എത്ര പുരോഗമിച്ചാലും ഗണിതശാസ്ത്രത്തിനു മാത്രം ഒരു മാറ്റവും വരില്ല എന്ന്. പണ്ടും ഒന്നും ഒന്നും കൂട്ടിയാല് രണ്ടാണ്; ഇന്നും അങ്ങനെ തന്നെ.'' കുഞ്ചന്നമ്പ്യാര്ക്കും വികെഎന്നിനും എന്തും പറയാമല്ലോ! സിനിമയെ സംബന്ധിച്ചിടത്തോളം സാങ്കേതികമായി എത്ര വളര്ന്നാലും മനസ്സിനെ സ്പര്ശിക്കുന്ന ആശയം ഇപ്പോഴും പ്രാധാന്യമേറിയതാണ്. അതെങ്ങനെ പറയുന്നു എന്നതാണ് പ്രധാനം.
ഞാനെപ്പോഴും കാലത്തിനൊപ്പം സഞ്ചരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. വീട്ടില്ത്തന്നെ രണ്ടു യുവസംവിധായകര് ഉള്ളതുകൊണ്ട് ജനറേഷന് ഗ്യാപ്പ് കാര്യമായി ബാധിച്ചിട്ടില്ല. അതുകൊണ്ടായിരിക്കണം ഇന്നും സജീവമായി ഈ രംഗത്ത് തുടരാന് സാധിക്കുന്നത്.സന്തോഷമുള്ള ഒരുപാട് അനുഭവങ്ങള് സിനിമ എനിക്കു തന്നിട്ടുണ്ട്. ഭാഗ്യം എന്നു തന്നെയാണ് അതിനെ പറയേണ്ടത്. ഇളയരാജയെപ്പോലെ, ജോണ്സണെപ്പോലെ പ്രതിഭാധനരായ സംഗീത സംവിധായകര്ക്കൊപ്പം ഒട്ടേറെ സിനിമകളില് പ്രവര്ത്തിക്കാന് സാധിച്ചു. എക്കാലത്തേയും മികച്ച ഗായകനായ യേശുദാസ് എന്റെ സിനിമകള്ക്കു വേണ്ടി പാടി. അതില് പലതും ഞാനെഴുതിയ വരികള്തന്നെ ആയിരുന്നു. ഇന്ത്യ കണ്ട ഏറ്റവും നല്ല നടന്മാരായ മമ്മൂട്ടിയേയും മോഹന്ലാലിനേയും ക്യാമറയുടെ മുന്നില് നിര്ത്തി അഭിനയിപ്പിക്കാന് സാധിച്ചു.
ഭാഗ്യങ്ങളുടെ ആ നിരയിലേക്ക് ഈ ദിവസവും ഞാന് ചേര്ത്തു വയ്ക്കുന്നു. തുടര്ന്നുള്ള എന്റെ കലാജീവിതത്തിനും വ്യക്തിജീവിതത്തിനും ഈ അംഗീകാരം വലിയ ഊര്ജമായിരിക്കും എന്ന് ഉറപ്പാണ്. അംഗീകാരം എന്നതിനേക്കാള് ഉപരി അനുഗ്രഹമായി ഞാനിതു സ്വീകരിക്കുന്നു. എല്ലാവര്ക്കും ഹൃദയപൂര്വ്വം നന്ദി...
---------------
Hindusthan Samachar / CHANDHU CHANDRASEKHAR