Enter your Email Address to subscribe to our newsletters

Palakkad , 10 ഒക്റ്റോബര് (H.S.)
പാലക്കാട് ഷൊർണൂരിൽ നടന്ന സംസ്ഥാന സാങ്കേതിക ശാസ്ത്രമേളയിൽ കുട്ടികളുടെ കൂട്ടായ്മയിൽ പിറന്ന വ്യത്യസ്തമായ വാഹനം പ്രധാന ആകർഷകമായി. വിവിധ വാഹനങ്ങളുടെ ഉപയോഗശൂന്യമായ (സ്ക്രാപ്പ്) ഭാഗങ്ങൾ സമന്വയിപ്പിച്ച് ഒരുക്കിയ 'ബഗി കാർ' (Buggy Car) ആണ് മേളയിൽ കാഴ്ചക്കാരുടെ കയ്യടി നേടിയത്.
കണ്ണൂർ നെരുവെബ്രം ടെക്നിക്കൽ ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥികളായ ടി. യാദവ് ചന്ദ്രനും കെ.സി. ദേവേഷുമാണ് ഈ നൂതന വാഹനത്തിന്റെ പിന്നിൽ പ്രവർത്തിച്ച പ്രതിഭകൾ. വലിയ മുതൽമുടക്കില്ലാതെ, പാഴ്വസ്തുക്കളെ ശാസ്ത്രീയമായി പുനരുപയോഗിക്കാമെന്ന് തെളിയിക്കുകയാണ് ഈ കൊച്ചുകൂട്ടുകാർ.
മാരുതി കാറിൻ്റെ സ്റ്റിയറിങ് ബോക്സും ടാറ്റാ നാനോ കാറിൻ്റെ ടയറുകളുമാണ് ഈ ബഗി കാറിൽ ഉപയോഗിച്ചിരിക്കുന്നത്. പാഷൻ പ്രോ ബൈക്കിൻ്റെ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. സ്ക്വയർ പൈപ്പുകൾ കൃത്യമായി വെൽഡ് ചെയ്തെടുത്ത പ്രധാന ഫ്രെയിമും, ജി.എം ഷീറ്റുകൾ കൊണ്ടുള്ള ബോഡിയുമാണ് വാഹനത്തിനുള്ളത്. ഏകദേശം 30,000 രൂപ മാത്രമാണ് ഇതിൻ്റെ നിർമാണത്തിനായി ചെലവായത്.
സുരക്ഷയ്ക്കും അത്യാധുനിക സാങ്കേതികവിദ്യയ്ക്കും വലിയ പ്രാധാന്യമാണ് ഈ കൊച്ചു ശാസ്ത്രജ്ഞന്മാർ നൽകിയിരിക്കുന്നത്. വാഹനം ഏത് ഗിയറിലാണ് സഞ്ചരിക്കുന്നതെന്ന് കാണിക്കുന്ന ഡിജിറ്റൽ ഡിസ്പ്ലേ സംവിധാനം ഇതിലുണ്ട്.
കൂടാതെ, മുന്നിൽ മറ്റൊരു വാഹനം ഉണ്ടെന്ന് തിരിച്ചറിഞ്ഞ് കൂട്ടിയിടിക്കാനുള്ള സാഹചര്യം ഉണ്ടായാൽ അലാറം ശബ്ദത്തിലൂടെ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്ന സ്മാർട്ട് സുരക്ഷാ സംവിധാനവും കാറിലൊരുക്കിയിട്ടുണ്ട്.
റോഡുകളിലും പാടങ്ങളിലും ഓടിക്കാന് കഴിയുന്ന കാറാണിതെന്ന് ടി. യാദവ് പറഞ്ഞു. വായുമലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൈക്കിൻ്റെ എന്ജിന് ഉപയോഗിച്ചതെന്ന് യാദവ് വ്യക്തമാക്കി. കാറിൻ്റെ കസ്റ്റം ബില്ഡ്, വെല്ഡിങ് എല്ലാ ചെയ്തത് നമ്മള് തന്നെയാണ് ചെയ്തത് ഒന്നും പുറത്ത് കൊടുത്തില്ലെന്നും വിദ്യാര്ഥി കൂട്ടിച്ചേര്ത്തു. ഗിയര് കൗണ്ടിങ് സിസ്റ്റമാണ് ഇതിൻ്റെ പ്രത്യേകത.
മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് രൂപകല്പന ചെയ്തത്. പൊക്കം കുറഞ്ഞവര്ക്കും അനുയോജ്യമായ രീതിയിലാണ് വണ്ടിയുടെ നിര്മാണം. അലാറം സിസ്റ്റവും ഇതില് ഉണ്ട് യാദവ് വ്യക്തമാക്കി.
ഇന്ധനവില വർധനവിൻ്റെ കാലത്ത് പൂർണമായും പരിസ്ഥിതി സൗഹൃദമായി, ബാറ്ററിയിലും സോളാർ വൈദ്യുതിയിലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് വണ്ടിയുടെ രൂപകൽപ്പന. ഒരേസമയം നാലുപേർക്ക് ഈ വാഹനത്തിൽ യാത്ര ചെയ്യാൻ സാധിക്കും.
മൂന്ന് മാസത്തോളം നീണ്ട കഠിനമായ പരിശീലനത്തിനും തയ്യാറെടുപ്പുകൾക്കും ശേഷമാണ് മേളയിലെ നിശ്ചിത സമയപരിധിക്കുള്ളിൽ വിദ്യാർഥികൾ ഈ വർക്കിങ് മോഡൽ പൂർത്തിയാക്കിയത്.
പുസ്തകത്തിൽ പഠിച്ച സാങ്കേതിക അറിവുകൾ പ്രായോഗികമായി നടപ്പാക്കിയ ഇരുവരുടെയും പരീക്ഷണം മേളയിലെ ഏറ്റവും മികച്ച വർക്കിങ് മോഡലുകളിലൊന്നായി മാറിയിരിക്കുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR