Enter your Email Address to subscribe to our newsletters

Thiruvananthapuram, 10 ഒക്റ്റോബര് (H.S.)
നഗരസഭാ പരിധികളിൽ കാഴ്ച്ചാപരിമിതി ഉണ്ടാക്കുന്നതും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നതുമായ അനാവശ്യ കേബിളുകൾക്കെതിരെ കർശന നടപടിയുമായി നഗരസഭ അധികൃതർ രംഗത്ത്. അശാസ്ത്രീയമായി വലിച്ച് കെട്ടിയതും പൊട്ടിപ്പൊളിഞ്ഞ് റോഡിലേക്ക് കിടക്കുന്നതുമായ ഓവർഹെഡ് കേബിളുകളും, ഉപയോഗശൂന്യമായ ടെലിഫോൺ/ഇന്റർനെറ്റ് വയറുകളും പൂർണ്ണമായി നീക്കം ചെയ്യുന്നതിനായി നഗരസഭ പ്രത്യേക പദ്ധതിക്ക് രൂപം നൽകി.
നഗര സൗന്ദര്യത്തിന് കോട്ടം തട്ടുന്നതും കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നതുമായ കേബിൾ ശൃംഖലകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന ജനങ്ങളുടെയും വിവിധ സംഘടനകളുടെയും നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ഈ സുപ്രധാന തീരുമാനം.
ഇന്ത്യയില് വാരണാസി, മുംബൈ നഗരങ്ങളില് മാത്രമാണ് വിജയകരമായി ഇത് നടപ്പിലാക്കിയതെന്ന് നഗരസഭ വ്യക്തമാക്കി. ഇത്തരത്തിലുള്ള കേബിളുകള് നീക്കം ചെയ്യുന്നതിന് നഗരസഭാ കൗണ്സില് അംഗീകരിച്ച പ്രമേയത്തിലൂടെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിരവധി അപകടങ്ങള്ക്കും ജീവഹാനിക്കു പോലും കാരണമായിട്ടുള്ള കേബിളുകള് നീക്കം ചെയ്യാത്ത പക്ഷം നഗരസഭ നേരിട്ട് നീക്കം ചെയ്യാനും ബന്ധപ്പെട്ട സേവന ദാതാക്കളില് നിന്നും നഷ്ടപരിഹാരം ഈടാക്കാനും തീരുമാനിച്ചിരുന്നു.
ടൗണ് പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില് ചേർന്ന കൗണ്സിലർമാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സര്വ്വീസ് പ്രൊവൈഡര്മാരുടെയും ഫ്രാഞ്ചൈസികളുടെയും യോഗമാണ് രൂപരേഖ തയ്യാറാക്കിയത്. ഡിവൈൻ നെറ്റ് വർക്കാണ് കരാറുകാർ. ടാഗ് ചെയ്യാത്ത കേബിളുകള് മുഴുവനും മുറിച്ചു മാറ്റിയ ശേഷം ബാക്കിയുള്ളവ ഒരുമിച്ച് മെഷീൻ ഉപയോഗിച്ച് ക്ലിപ്പ് ചെയ്യും. 101 വാർഡുകളിലും പദ്ധതി നടപ്പിലാക്കും. ആദ്യ ഘട്ടത്തില് 5 വാർഡുകളെ തീരുമാനിച്ചു.നഗരസഭാ മെയിൻ ഓഫീസ് സ്ഥിതി ചെയ്യുന്ന പാളയം , ഫോർട്ട്, കണ്ണമ്മൂല , തൈക്കാട്, പെരുന്താന്നി എന്നീ വാർഡുകളാണ് ആദ്യഘട്ടത്തിലുള്ളത്.
ഒക്ടോബർ 12 തിങ്കളാഴ്ച വൈകിട്ട് 5 ന് പാളയം രക്തസാക്ഷിമണ്ഡപത്തിനു മുന്നില് മേയർ വി. വി. രാജേഷ് ഉദ്ഘാടനം നിർവഹിക്കും. ഡെപ്യൂട്ടി മേയർ ജി എസ്. ആശാനാഥ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില് ടൗണ് പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ സ്വാഗതം ആശംസിക്കും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കരമന അജിത്, വി. സത്യവതി, എം. ആർ. ഗോപൻ , മഞ്ജു ജി എസ് , ചെമ്പഴന്തി ഉദയൻ, സിന്ധു ശശി, നഗരസഭയിലെ ബി ജെ പി ലീഡർ പാപ്പനംകോട് സജി, എല് ഡി എഫ് ലീഡർ എസ്.പി. ദീപക്, യു ഡി എഫ് ലീഡർ കെ. എസ് .ശബരിനാഥൻ, പാളയം കൗണ്സിലർ ഷേർളി , കോർപറേഷൻ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി, സൂപ്രണ്ടിംഗ് എൻജിനിയർ സജീഷ്, എ എക്സ് ഇ സുമ എന്നിവർ സംസാരിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR