Enter your Email Address to subscribe to our newsletters

Thiruvanathapuram, 10 ഒക്റ്റോബര്‍ (H.S.)
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയില്‍ പ്രതിഷേധിക്കാനെത്തിയ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ ദില്ലി പൊലീസ് കസ്റ്റഡിയില്‍ തുടരുന്നതില്‍ അതിവേഗ ഇടപെടലുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. പിണറായി കസ്റ്റഡിയിലുള്ള സ്ഥിതി ഗതികള്‍ അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
റെസിഡന്‍സ് കമ്മീഷണറുമായി ബന്ധപ്പെട്ട് മോചനത്തിന് വേണ്ട ഇടപെടലുകള്‍ നടത്താനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പിണറായിയെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നര മണിക്കൂറോളം വാഹനത്തില്‍ വട്ടംകറക്കിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായത്. പിണറായിക്കൊപ്പമുള്ള ജോണ്‍ ബ്രിട്ടാസ് എം പിയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്ന കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. പ്രായത്തിന്റെ പരിഗണന പോലും നല്‍കാതെ ഭക്ഷണവും കൃത്യസമയത്തെ മരുന്നും നിഷേധിച്ചായിരുന്നു പൊലീസിന്റെ നടപടിയെന്നും ബ്രിട്ടാസ് പറഞ്ഞിരുന്നു.
ഉന്നത നിര്‍ദേശമില്ലാതെ വിട്ടയക്കില്ലെന്ന നിലപാടിലാണ് പോലീസ് തുടരുന്നതെന്നും പിണറായിക്കൊപ്പമുള്ള ജോണ്‍ ബ്രിട്ടാസ് വിവരിച്ചിരുന്നു. എന്നാല്‍ പിണറായി വിജയനടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും വൈകാതെ വിട്ടയക്കുമെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം
മുതിര്‍ന്ന നേതാവായ പിണറായി വിജയന് കസ്റ്റഡിയില്‍ ആവശ്യമായ ചികിത്സാ പരിചരണവും ഭക്ഷണവും മരുന്നും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേരള ഹൗസ് റെസിഡന്റ് കമ്മീഷണര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കാനാണ് ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും മറ്റ് തരത്തിലുള്ള നിയമപരമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ടോ എന്നും, ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടേണ്ടതുണ്ടോ എന്നും പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയെപ്പോലുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ വിട്ടയച്ചപ്പോള്‍, 81 വയസ്സുള്ള മുതിര്‍ന്ന നേതാവിനെയും മറ്റ് നേതാക്കളെയും മണിക്കൂറുകളോളം നഗരത്തില്‍ ചുറ്റിക്കുകയും സ്റ്റേഷനില്‍ തടഞ്ഞുവെക്കുകയും ചെയ്ത പോലീസ് നടപടിയെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. മേലുദ്യോഗസ്ഥര്‍ സ്ഥലത്തില്ലാത്തതിനാല്‍ നടപടികള്‍ വൈകുന്നുവെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.
---------------
Hindusthan Samachar / Sreejith S