രാജ്യം ഭരിക്കുന്നത് ക്രിമിനൽ മനസ്സുള്ളവർ; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രിമിനലെന്ന് കെ.സി. വേണുഗോപാൽ
Kannur , 11 ഒക്റ്റോബര് (H.S.) രാജ്യം ഭരിക്കുന്നത് ക്രിമിനൽ മനസ്സുള്ളവരാണെന്നും ജനാധിപത്യത്തെ തകർക്കാൻ ഇവർ ക്രിമിനലുകളെ ഉപയോഗിക്കുകയാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറാണ് ഇന്ത്യ കണ്ട ഏറ
K C Venugopal


Kannur , 11 ഒക്റ്റോബര് (H.S.)

രാജ്യം ഭരിക്കുന്നത് ക്രിമിനൽ മനസ്സുള്ളവരാണെന്നും ജനാധിപത്യത്തെ തകർക്കാൻ ഇവർ ക്രിമിനലുകളെ ഉപയോഗിക്കുകയാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രിമിനൽ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഗ്യാനേഷ് കുമാറിനെ കസേരയിലിരുത്തി ഇന്ത്യൻ ജനാധിപത്യം അട്ടിമറിക്കുകയാണെന്നും കടുത്ത ആരോപണം ഉന്നയിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനരീതികളെയും കേന്ദ്ര സർക്കാരിന്റെ നയങ്ങളെയും അതിരൂക്ഷമായി വിമർശിച്ചുകൊണ്ടാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.

ഗ്യാനേഷ് കുമാറിനെ ആ കസേരയിൽ നിന്ന് വലിച്ച് ദൂരെ എറിയുന്നത് വരെ ഈ സമരം തുടരുമെന്നും വേണുഗോപാൽ മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ സിജെപി പ്രതിഷേധം നടക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് എഐസിസി ജനറൽ സെക്രട്ടറി പ്രതികരണം നടത്തിയത്.

'ജനങ്ങളുടെ പിന്തുണയില്ലെങ്കിലും ഇലക്ട്രോണിക് വോട്ടിങും മെഷീനും എസ്ഐആറും വിധേയനായ ചീഫ് ഇലക്ഷൻ കമ്മീഷണറുമുണ്ടെങ്കിൽ അധികാരം നിലനിർത്താമെന്ന ധാർഷ്ട്യത്തിലാണ് മോദി-ഷാ യുഗം മുന്നോട്ട് പോകുന്നത്. ഈ ഒരു സാഹചര്യത്തിലാണ് പ്രതിപക്ഷ കക്ഷികളുടെയും ഇതര സംഘടനകളുടെയും ജനകീയ സമരം. രാജ്യത്ത് തകർന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ സംവിധാനങ്ങളെയും പൗരാവകാശങ്ങളെയും വീണ്ടെടുക്കുന്നതിനായി പ്രതിപക്ഷം നയിക്കുന്ന പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമാണ്,'' കെസി വേണുഗോപാൽ പറഞ്ഞു.

അതിർത്തിയിൽ ചൈന ദിനംപ്രതി കടന്നുകയറ്റം നടത്തുമ്പോൾ അതിനെ പ്രതിരോധിക്കുന്നതിനേക്കാൾ ഭീമമായ പൊലീസ്-പാരാമിലിട്ടറി സന്നാഹങ്ങളെയാണ് കേന്ദ്ര സർക്കാർ ഡൽഹിയിൽ സ്വന്തം പൗരന്മാർക്കെതിരെ വിന്യസിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും ബെറ്റാലിയനുകളെ വിളിച്ചുവരുത്തി സ്വന്തം രാജ്യത്തെ പൗരന്മാരോടും സാധാരണക്കാരോടും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ജനാധിപത്യപരമായ മാർഗങ്ങളിലൂടെ ശബ്ദമുയർത്തുന്ന നേതാക്കളെയും മുൻ മുഖ്യമന്ത്രിമാരെയും ലോക്സഭയിലെ പ്രതിപക്ഷ നേതാവിനെയും സിആർപിഎഫിനെ വിട്ട് കൈകാര്യം ചെയ്യുന്നത് രാജ്യത്തിന് തന്നെ വലിയ അപമാനമാണ് എന്നും കെസി വേണുഗോപാൽ പറഞ്ഞു.

സമരം തുടങ്ങും മുൻപേ പ്രതിരോധം തീർക്കാൻ പൊലീസിനെ ഇറക്കുന്നത് കേന്ദ്ര ഭരണാധികാരികൾ ഭയന്നുതുടങ്ങിയതിൻ്റെ തെളിവാണ്. 56 ഇഞ്ചിൽ നിന്ന് നാല് ഇഞ്ചിലേക്ക് ചുരുങ്ങിയ ഭീരുക്കളാണ് ഈ അടിച്ചമർത്തലുകൾക്ക് നേതൃത്വം നൽകുന്നത്. പാവപ്പെട്ടവർ ആശ്രയിക്കുന്ന ട്രെയിനുകൾ വരെ റദ്ദാക്കി ജനങ്ങളെ ഉപദ്രവിക്കുകയാണ്. ന്യായമായ സമരങ്ങളെ അടിച്ചമർത്തുന്നതും പ്രവർത്തകരെ വലിച്ചിഴയ്ക്കുന്നതും ഫാസിസത്തേക്കാൾ അപകടകരമാണ്' കെ. സി. വേണുഗോപാൽ കൂട്ടിച്ചേർത്തു. സർക്കാർ എത്ര തടസങ്ങൾ തീർത്താലും ഡൽഹിയിൽ അതിശക്തമായ സമരം തന്നെ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News