ചെന്നൈ മെട്രോ രണ്ടാംഘട്ടം യാഥാര്ത്ഥ്യമായി; ആദ്യ ട്രെയിന് പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി വിജയും ഫ്ലാഗ് ഓഫ് ചെയ്തു
Chennai, 11 ഒക്റ്റോബര്‍ (H.S.) ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ടം യാഥാര്‍ത്ഥ്യമായി. ആദ്യ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയും ചേര്‍ന്ന് പോരൂര്‍ ബൈപാസ് റോഡ് മെട്രോ സ്റ്റേഷ
modi vijay


Chennai, 11 ഒക്റ്റോബര്‍ (H.S.)

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ടം യാഥാര്‍ത്ഥ്യമായി. ആദ്യ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയും ചേര്‍ന്ന് പോരൂര്‍ ബൈപാസ് റോഡ് മെട്രോ സ്റ്റേഷനില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. നഗരത്തിലെ പൊതുഗതാഗത സംവിധാനത്തിന്റെ വികസനത്തില്‍ സുപ്രധാന നാഴികക്കല്ലായി ഈ ഉദ്ഘാടനം.

വിജയ് സര്‍ക്കാര്‍ തമിഴ്നാട്ടില്‍ അധികാരമേറ്റതിനുശേഷം പ്രധാനമന്ത്രി ആദ്യമായാണ് സംസ്ഥാനത്ത് എത്തിയത്. ദേശീയപാത, റെയില്‍വേ, തുറമുഖ മേഖലകളിലെ വിവിധ അടിസ്ഥാനസൗകര്യ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഡല്‍ഹിയില്‍നിന്ന് രാവിലെ 10.58ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ മോദിയെ മുഖ്യമന്ത്രി വിജയ് സ്വീകരിച്ചു. മന്ത്രിമാര്‍, എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി, ബിജെപി നേതാവ് നൈനാര്‍ നാഗേന്ദ്രന്‍ തുടങ്ങിയവരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തി.

തുടര്‍ന്ന് മോദിയും വിജയും പോരൂര്‍ ബൈപാസ് റോഡ് മെട്രോ സ്റ്റേഷനിലെത്തി സൗകര്യങ്ങള്‍ പരിശോധിച്ചു. ഉദ്ഘാടന സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നതിനുമുമ്പ് മെട്രോ ശൃംഖലയെക്കുറിച്ചും പുതിയ ട്രെയിനുകളുടെ സര്‍വീസ് ക്രമീകരണങ്ങളെക്കുറിച്ചും പ്രധാനമന്ത്രി ഉദ്യോഗസ്ഥരില്‍നിന്ന് വിശദാംശങ്ങള്‍ തേടി. 750 കോടി രൂപ ചെലവിലാണ് പുതിയ പൂന്തമല്ലിവടപളനി മെട്രോ പാത നിര്‍മിച്ചിരിക്കുന്നത്. പുതിയ പാതയിലെ സര്‍വീസിന്റെ ആദ്യഘട്ടത്തില്‍ ട്രെയിനുകള്‍ 11 സ്റ്റേഷനുകളില്‍ നിര്‍ത്തും.

ട്രെയിനില്‍ കയറുന്നതിനുമുമ്പ് മോദി യുപിഐ വഴി പണമടച്ച് ടിക്കറ്റ് വാങ്ങി. തുടര്‍ന്ന് മുഖ്യമന്ത്രിക്കൊപ്പം പോരൂര്‍ ബൈപാസ് റോഡ് മെട്രോ സ്റ്റേഷനില്‍നിന്ന് പൂന്തമല്ലിയിലേക്ക് യാത്ര ചെയ്തു. ഉദ്ഘാടന യാത്രയ്ക്കിടെ മെട്രോയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പുതിയ സര്‍വീസിനെക്കുറിച്ചും ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു. ട്രെയിനിലുണ്ടായിരുന്ന വിദ്യാര്‍ഥികളുമായും തൊഴിലാളികളുമായും മോദി സംവദിച്ചു.

3,700 കോടി രൂപയുടെ ദേശീയപാത പദ്ധതികള്‍ക്ക് മോദി തറക്കല്ലിട്ടു. പൂര്‍ത്തിയായ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. നിര്‍മാണം ആരംഭിക്കുന്ന പുതിയ പദ്ധതികളും ഉപയോഗത്തിനായി തുറന്നുകൊടുക്കുന്ന പൂര്‍ത്തിയായ അടിസ്ഥാനസൗകര്യ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു. 750 കോടി രൂപയുടെ റെയില്‍വേ അടിസ്ഥാനസൗകര്യ പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിച്ചു.കടല്‍ വഴിയുള്ള ചരക്ക് നീക്കത്തിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും കൈകാര്യം ചെയ്യാനുള്ള ശേഷി വര്‍ധിപ്പിക്കുന്നതിനുമായി ചെന്നൈ തുറമുഖത്ത് നാല് പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്തു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ചെന്നൈയില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News