Enter your Email Address to subscribe to our newsletters

Thiruvananthapuram , 11 ഒക്റ്റോബര് (H.S.)
തിരുവനന്തപുരം: ജില്ലയിൽ ചിക്കുൻഗുനിയ ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾ പടർന്നുപിടിക്കുന്നത് തടയുന്നതിനായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ (ജെഎച്ച്ഐ) വീടുകൾ തോറും നേരിട്ടെത്തി നടത്തുന്ന പരിശോധനകൾ പുനഃസ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം വട്ടിയൂർക്കാവ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച 'ആരോഗ്യകവചം 2026' ആയുർവേദ സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തലസ്ഥാന ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൊതുകുജന്യ പനികളും ചിക്കുൻഗുനിയ ലക്ഷണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ അടിത്തട്ടിൽ നിന്ന് തന്നെ ആരംഭിക്കേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. മുൻപ് ആരോഗ്യ വകുപ്പ് ജീവനക്കാർ വീടുകൾ നേരിട്ട് സന്ദർശിച്ച് കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും ജനങ്ങൾക്ക് ആവശ്യമായ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന രീതി കാര്യക്ഷമമായി നടന്നിരുന്നു. ഈ സംവിധാനം വീണ്ടും സജീവമാക്കുന്നതിലൂടെ രോഗവ്യാപനം പ്രാരംഭഘട്ടത്തിൽത്തന്നെ തടയാൻ സാധിക്കും.
ജെഎച്ച്ഐമാരുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആശാ വർക്കർമാരുടെയും സഹകരണത്തോടെ വാർഡ് തലത്തിൽ കർശന സ്ക്വാഡ് പ്രവർത്തനം നടത്തും. വീടുകളിലെയും സ്ഥാപനങ്ങളിലെയും വെള്ളക്കെട്ടുകൾ, ഫ്രിഡ്ജിന്റെ ട്രേകൾ, ചെടിച്ചട്ടികൾ, ഉപേക്ഷിക്കപ്പെട്ട ചിരട്ടകളും പ്ലാസ്റ്റിക് മാലിന്യങ്ങളും തുടങ്ങിയവ പരിശോധിക്കുകയും ഉറവിട നശീകരണം ഉറപ്പാക്കുകയും ചെയ്യും. ഡ്രൈ ഡേ ആചരണവും ബോധവത്കരണവും ശക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജീവിതശൈലീ രോഗങ്ങൾക്കൊപ്പം തന്നെ സാംക്രമിക രോഗങ്ങളെയും ചെറുത്തുതോൽപ്പിക്കാൻ ആയുർവേദം ഉൾപ്പെടെയുള്ള പരമ്പരാഗത ചികിത്സാരീതികളുടെ പ്രതിരോധ ശേഷി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ചടങ്ങിൽ ഓർമ്മിപ്പിച്ചു. ജനങ്ങളിൽ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനാണ് 'ആരോഗ്യകവചം 2026' പോലുള്ള പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്.
ചടങ്ങിൽ ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, ആയുർവേദ മെഡിക്കൽ ഓഫീസർമാർ, സ്കൂൾ അധികൃതർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത പൊതുജനങ്ങൾക്ക് സൗജന്യ പരിശോധനയും പ്രതിരോധ മരുന്നുകളും വിതരണം ചെയ്തു. മഴക്കാലപൂർവ്വ ശുചീകരണവും രോഗപ്രതിരോധ പ്രവർത്തനങ്ങളും ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും നഗരസഭാ വാർഡുകളിലും യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.
---------------
Hindusthan Samachar / Roshith K