എഫ്-35 വിമാനത്തിന്റെ അടുത്ത് പോലും ഇന്ത്യൻ സൈനികരെ അടുപ്പിച്ചില്ല; യുഎസിനെ വേദിയിലിരുത്തി വ്യോമസേനാ മേധാവിയുടെ രസകരമായ വെളിപ്പെടുത്തൽ
Newdelhi , 11 ഒക്റ്റോബര് (H.S.) ന്യൂഡൽഹി: അമേരിക്കയുടെ അത്യാധുനിക അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ എഫ്-35 സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരെ യുഎസ് സൈന്യം അടുപ്പിച്ചതേയില്ലെന്ന തുറന്നുപറച്ചിലുമായി ഇന്ത്യൻ വ്യോമസേനാ മേധാവി
എഫ്-35 വിമാനത്തിന്റെ അടുത്ത് പോലും ഇന്ത്യൻ സൈനികരെ അടുപ്പിച്ചില്ല; യുഎസിനെ വേദിയിലിരുത്തി വ്യോമസേനാ മേധാവിയുടെ രസകരമായ വെളിപ്പെടുത്തൽ


Newdelhi , 11 ഒക്റ്റോബര് (H.S.)

ന്യൂഡൽഹി: അമേരിക്കയുടെ അത്യാധുനിക അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ എഫ്-35 സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരെ യുഎസ് സൈന്യം അടുപ്പിച്ചതേയില്ലെന്ന തുറന്നുപറച്ചിലുമായി ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ്. അമേരിക്ക സംഘടിപ്പിച്ച എഫ്-35 പരിപാടിക്കിടെ, ഉന്നത അമേരിക്കൻ സൈനിക കമാൻഡറെ അരികിലിരുത്തി പാതി തമാശയും കാര്യവും കലർത്തിയായിരുന്നു വ്യോമസേനാ മേധാവിയുടെ പ്രതികരണം.

അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. യുഎസ് ഉദ്യോഗസ്ഥർ നൽകിയ കർശന നിയന്ത്രണങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട്, നിങ്ങളുടെ ആളുകൾ ഞങ്ങളെ വിമാനത്തിന്റെ പരിസരത്ത് പോലും അടുപ്പിച്ചില്ല, എന്നിട്ടാണോ ഇപ്പോൾ ഇത് ഞങ്ങൾക്ക് വിൽക്കാമെന്ന് പറയുന്നത്? എന്ന് എയർ ചീഫ് മാർഷൽ എ.പി. സിങ് ചോദിച്ചു. സദസ്സിൽ ചിരിപടർത്തിയെങ്കിലും അന്താരാഷ്ട്ര പ്രതിരോധ ഇടപാടുകളിലെ അമേരിക്കൻ നയങ്ങളെ കൃത്യമായി തൊട്ടുക്കാണിക്കുന്നതായിരുന്നു ഈ പ്രതികരണം.

വിമാനത്തിന്റെ അതീവ സുരക്ഷാ മേഖലയായ കോക്പിറ്റിൽ കയറാൻ ഇന്ത്യക്കാരിൽ ആരെയും യുഎസ് അനുവദിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അഞ്ചാം തലമുറ പോർവിമാനങ്ങളുടെ സാങ്കേതികവിദ്യയും റഡാറുകളിൽ പെടാത്ത സ്റ്റെൽത്ത് സവിശേഷതകളും അതിരഹസ്യമായി സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് യുഎസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ, നിരീക്ഷണ പറക്കലിനും വിമാനത്തിൽ പറക്കാനും യുഎസ് അനുമതി നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്തിലെ ഏറ്റവും കരുത്തുറ്റ പോർവിമാനങ്ങളിൽ ഒന്നായ ലോക്ഹീഡ് മാർട്ടിന്റെ എഫ്-35 സ്വന്തമാക്കാൻ പല ലോകരാജ്യങ്ങളും താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. തങ്ങളുടെ വ്യോമസേനയെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി അഞ്ചാം തലമുറ വിമാനങ്ങൾ ഇന്ത്യ പരിഗണിക്കുന്നുണ്ടോ എന്ന ചർച്ചകൾ പ്രതിരോധ മേഖലയിൽ സജീവമാണ്. എന്നാൽ ആത്മനിർഭർ ഭാരത് പദ്ധതിക്ക് കീഴിൽ തദ്ദേശീയമായി അഞ്ചാം തലമുറ വിമാനങ്ങൾ (AMCA) വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് നിലവിൽ ഇന്ത്യ മുൻഗണന നൽകുന്നത്. ഈ പശ്ചാത്തലത്തിൽ, അമേരിക്കൻ യുദ്ധവിമാന ഇടപാടുകളെക്കുറിച്ചുള്ള ചർച്ചകളിൽ വ്യോമസേനാ മേധാവിയുടെ ഈ നർമ്മം കലർന്ന പ്രതികരണം അന്താരാഷ്ട്ര പ്രതിരോധ വൃത്തങ്ങളിലും ശ്രദ്ധേയമായിരിക്കുകയാണ്.

---------------

Hindusthan Samachar / Roshith K


Latest News