Enter your Email Address to subscribe to our newsletters

KOTTAYAM, 12 ഒക്റ്റോബര്‍ (H.S.)
കോട്ടയം : പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മലങ്കരസഭയുടെ നേതൃസ്ഥാനം ഏറ്റെടുത്തിട്ട് അഞ്ച് വർഷം പൂത്തിയാകുന്നു. 2021 ഒക്ടോബർ 14-ന് പരുമലയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനാണ് അദ്ദേഹത്തെ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായി തിരഞ്ഞെടുത്തത്. മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒക്ടോബർ 14ന് പരുമല സെമിനാരിയിൽ പരിശുദ്ധ കാതോലിക്കാ ബാവാ വിശുദ്ധ കുർബാനയർപ്പിക്കും. പൗരസ്ത്യ കാതോലിക്കായായി വാഴിക്കപ്പെട്ട ഒക്ടോബർ 15ന് മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ രാവിലെ 7 -ന് വിശുദ്ധ കുർബാന. പരിശുദ്ധ കാതോലിക്കാ ബാവായുടെ സാമൂഹിക വിഷയങ്ങളിലെ പ്രതികരണങ്ങൾ കോർത്തിണക്കി ഫാ.ബിജു പി തോമസ് എഡിറ്റ് ചെയ്ത കാലത്തിന്റെ കാതോലിക്കാ ശബ്ദം എന്ന പുസ്തകം പ്രകാശനം ചെയ്യും.
ഇടയവഴിയിലെ ആർദ്രതയുടെയും കാരുണ്യത്തിന്റെയും മുഖമായ പരിശുദ്ധ കാതോലിക്കാ ബാവാ, സ്ഥാനമേറ്റെടുത്ത് 5 വർഷത്തിനകം 23 കോടി രൂപയാണ് സഹോദരൻ പദ്ധതിയിലൂടെ മാത്രം സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ വിനിയോഗിച്ചത്. തന്റെ മുൻഗാമിയുടെ ഓർമ്മയ്ക്കായി തുടങ്ങിയ ജീവകാരുണ്യ പദ്ധതിയായ സഹോദരൻ ഇന്ന് നനാജാതി മതസ്ഥരായ ആയിരങ്ങൾക്ക് പ്രത്യാശയുടെ കിരണമാണ്. ആഗോള ക്രൈസ്തവ വേദികളിൽ ഭാരതസഭയുടെ സജീവ സാന്നിധ്യമാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. തുർക്കിയിൽ നടന്ന നിഖ്യാ സുന്നഹദോസിന്റെ 1700 -ാം വാർഷികത്തിൽ ലോകക്രൈസ്തവ മേലധ്യക്ഷൻമാർക്കൊപ്പം പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ സ്ലീബാ പെരുന്നാളിൽ മുഖ്യാതിഥിയായി ശുശ്രൂഷകൾക്ക് കാർമ്മികത്വം വഹിച്ചു. വിപുലമായ ആഘോഷങ്ങൾ ഒഴിവാക്കി പകരം ഭവനരഹിതരായ നൂറ് പേർക്ക് വീടുവെച്ച് നൽകുവാനുള്ള ഒരുക്കത്തിലാണ് പരിശുദ്ധ കാതോലിക്കാ ബാവാ.
---------------
Hindusthan Samachar / Sreejith S