Enter your Email Address to subscribe to our newsletters

New delhi, 12 ഒക്റ്റോബര്‍ (H.S.)
ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം മൂന്നാം ദിനത്തിലേക്ക്. സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്താന്‍ യുവാക്കളോടും പ്രതിപക്ഷ പാര്‍ട്ടികളോടും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളോടും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തിരിക്കുകയാണ്. പ്രതിഷേധങ്ങളോടുള്ള പൊലീസ് നടപടിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ദേശീയ തലസ്ഥാനത്തുടനീളം വന്‍ പോലീസ് വിന്യാസം ഏര്‍പ്പെടുത്തുകയും ആയിരക്കണക്കിന് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നീക്കം. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഗ്യാനേഷ് കുമാറിനെതിരെ 'കോക്രോച്ച് ജനത പാര്‍ട്ടി' (CJP) നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെ വലിയ സംഘര്‍ഷമാണ് ഉണ്ടായത്.
അതേസമയം ഇന്ത്യ ബ്ലോക്കിന്റെ നിവേദനം സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. ഭരണഘടനാപരമായ വിഷയങ്ങളില്‍ ഭരണപരമായ കൂടിക്കാഴ്ചകള്‍ സാധ്യമല്ലെന്നും, ആവശ്യമെങ്കില്‍ പ്രതിപക്ഷത്തിന് കോടതിയെ സമീപിക്കാമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങള്‍ ഉന്നയിച്ച് സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്താനും ചീഫ് ജസ്റ്റിസിന് നിവേദനം നല്‍കാനും പ്രതിപക്ഷ സഖ്യം തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ വിഷയങ്ങള്‍ നിലവില്‍ കോടതിയുടെ പരിഗണനയിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രതിനിധി സംഘത്തെ ഭരണപരമായ തലത്തില്‍ കാണാന്‍ കോടതിക്ക് അധികാരമില്ലെന്നും, ഹര്‍ജികള്‍ കേട്ട് വിധി പറയുക എന്നതാണ് കോടതിയുടെ ചുമതലയെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പരമോന്നത നീതിന്യായ പീഠം എന്ന നിലയില്‍ സുപ്രീം കോടതിയുടെ വാതിലുകള്‍ എല്ലാവര്‍ക്കുമായി ഇരുപത്തിനാല് മണിക്കൂറും തുറന്നിട്ടിരിക്കുകയാണെന്നും, ഓരോ പൗരന്റെയും മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോടതി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S