ചെന്നൈയിൽ രണ്ട് റീട്ടെയിൽ സ്റ്റോറുകൾ തുറന്ന് ലുലു ഗ്രൂപ്പ്; ഷെണോയ് നഗറിൽ മെട്രോ സ്റ്റേഷനിലെ ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ഹൈപ്പർമാർക്കറ്റ്
Chennai, 12 ഒക്റ്റോബര്‍ (H.S.) ചെന്നൈ: ലുലു ഗ്രൂപ്പ് ചെന്നൈയിൽ പ്രവർത്തനം ആരംഭിച്ചു. ഷെണോയ് നഗർ, ചെന്നൈ സെൻട്രൽ മെട്രോ സ്റ്റേഷനുകളിലായി ആരംഭിച്ച രണ്ട് റീട്ടെയിൽ ഔട്ട്‌ലെറ്റുകളുടെ ഉദ്ഘാടനം തിങ്കളാഴ്ച നിയമസഭാ സ്പീക്കർ ജെ. സി. ഡി. പ്രഭാകർ നിർവഹിച്ചു.
lulu


Chennai, 12 ഒക്റ്റോബര്‍ (H.S.)

ചെന്നൈ: ലുലു ഗ്രൂപ്പ് ചെന്നൈയിൽ പ്രവർത്തനം ആരംഭിച്ചു. ഷെണോയ് നഗർ, ചെന്നൈ സെൻട്രൽ മെട്രോ സ്റ്റേഷനുകളിലായി ആരംഭിച്ച രണ്ട് റീട്ടെയിൽ ഔട്ട്‌ലെറ്റുകളുടെ ഉദ്ഘാടനം തിങ്കളാഴ്ച നിയമസഭാ സ്പീക്കർ ജെ. സി. ഡി. പ്രഭാകർ നിർവഹിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി ചടങ്ങിൽ സന്നിഹിതനായിരുന്നു. മന്ത്രിമാരായ രാജ്മോഹൻ അറുമുഖം, പി വെങ്കട്ടരമണൻ, എംഎൽഎമാരായ കനിമൊഴി സന്തോഷ്, വി. കെ. രാംകുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ചെന്നൈയിലേക്ക് ലുലു ഗ്രൂപ്പ് പ്രവർത്തനം വ്യാപിപ്പിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച എം. എ. യൂസഫലി, തമിഴ്‌നാട് സർക്കാരിന്റെ പിന്തുണയ്ക്കും സഹകരണത്തിനും നന്ദി അറിയിച്ചു. സംസ്ഥാനത്ത് കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്നതിനുള്ള പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. തിരുപ്പൂരിൽ ഒരു മിനി മാൾ ആരംഭിക്കാനുള്ള പദ്ധതിയും തമിഴ്‌നാട്ടിൽ ഭക്ഷ്യസംസ്‌കരണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള താൽപര്യവും അദ്ദേഹം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കൂടുതൽ നിക്ഷേപസാധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മിതമായ വിലയിൽ ലഭ്യമാക്കുന്നതിലുള്ള ലുലു ഗ്രൂപ്പിന്റെ പ്രതിബദ്ധതയെ സ്പീക്കർ ജെ. സി. ഡി. പ്രഭാകർ ഉദ്ഘാടന പ്രസംഗത്തിൽ അഭിനന്ദിച്ചു. ചെന്നൈയിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള ഗ്രൂപ്പിന്റെ കടന്നുവരവിനെ സ്വാഗതം ചെയ്ത അദ്ദേഹം, എം. എ. യൂസഫലിയെപ്പോലുള്ള പരിചയസമ്പന്നരായ സംരംഭകരുടെ നിക്ഷേപങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും വലിയ സംഭാവന നൽകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

ചെന്നൈയിലെ മെട്രോ ശൃംഖലയിൽ വ്യത്യസ്തമായ രണ്ട് റീട്ടെയിൽ ഷോപ്പിങ് മാതൃകകളാണ് ലുലു അവതരിപ്പിക്കുന്നത്. ഷെണോയ് നഗർ മെട്രോ സ്റ്റേഷനിൽ ലുലു ഹൈപ്പർമാർക്കറ്റും ചെന്നൈ സെൻട്രൽ മെട്രോ സ്റ്റേഷനിൽ ലുലു ഡെയ്‌ലിയുമാണ് പ്രവർത്തനം ആരംഭിച്ചത്. ഇതിലൂടെ മെട്രോ യാത്രക്കാർക്കും സമീപ പ്രദേശങ്ങളിലെ താമസക്കാർക്കും വിപുലമായ ഷോപ്പിങ് സൗകര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും.

ഏകദേശം ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ഷെണോയ് നഗറിലെ ഹൈപ്പർമാർക്കറ്റ് ഒരുക്കിയിരിക്കുന്നത്. മെട്രോ സ്റ്റേഷനുള്ളിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ഹൈപ്പർമാർക്കറ്റാണിത്. 56,000 ചതുരശ്ര അടി വിസ്തൃതിയുള്ള സൂപ്പർമാർക്കറ്റും 50,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഡിപ്പാർട്ട്‌മെന്റ് സ്റ്റോറും ഉൾപ്പെടുന്നതാണ് ഈ സമുച്ചയം. ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവയും ഇവിടെ പ്രവർത്തിക്കും. പലചരക്ക് സാധനങ്ങൾ, പഴം-പച്ചക്കറികൾ, നിത്യോപയോഗ സാധനങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ എന്നിവ ഒരേ മേൽക്കൂരയ്ക്കു കീഴിൽ ലഭ്യമാകും. ആയിരത്തിലധികം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്.

ചെന്നൈ സെൻട്രൽ മെട്രോ സ്റ്റേഷനിൽ 35,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ലുലു ഡെയ്‌ലി പ്രവർത്തിക്കുന്നത്. ഫ്രഷ് മാർക്കറ്റ് ഉൽപ്പന്നങ്ങൾ, പലചരക്ക് സാധനങ്ങൾ, നിത്യോപയോഗ ഉൽപ്പന്നങ്ങൾ എന്നിവ ഇവിടെ ലഭ്യമാണ്. മെട്രോ യാത്രക്കാർക്കും സമീപപ്രദേശങ്ങളിലെ താമസക്കാർക്കും ദൈനംദിന ഷോപ്പിങ് എളുപ്പമാക്കുകയാണ് ലക്ഷ്യം.

രണ്ട് ഔട്ട്‌ലെറ്റുകളും രാവിലെ ഒമ്പത് മുതൽ രാത്രി 11 വരെ പൊതുജനങ്ങൾക്കായി തുറന്നു പ്രവർത്തിക്കും.

ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. എ. അഷ്‌റഫ് അലി, ലുലു ഇന്ത്യ സിഇഒ എം. എ. നിഷാദ്, ഡയറക്ടർമാരായ വി. നന്ദകുമാർ, ജോയ് ഷഡാനന്ദൻ, റീജിയണൽ ഡയറക്ടർ ഇ. വി. രാജേഷ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

---------------

Hindusthan Samachar / Sreejith S


Latest News