Enter your Email Address to subscribe to our newsletters

New delhi, 12 ഒക്റ്റോബര്‍ (H.S.)
ഓംപ്രകാശ് മാഥൂര്‍ കേരളത്തിലെ പുതിയ ഗവര്‍ണര്‍. സിക്കിം ഗവര്‍ണര്‍ സ്ഥാനത്തുനിന്നാണ് ഓംപ്രകാശ് മാഥൂര്‍ കേരളത്തിലേക്ക് എത്തുന്നത്. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉത്തരവിറക്കിയത്. രാജേന്ദ്ര ആര്‍ലേക്കറെ കേരള ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റി തമിഴ്‌നാട് ഗവര്‍ണറായി നിയമിച്ചു.
ബ്രജ് മോഹന്‍ റാം ഒഡീഷ ഗവര്‍ണറാകും. ഹരി ബാബു കംഭംപാട്ടിയുടെ പിന്‍ഗാമിയായാണു നിയമനം. സുധാ യാദവിനെ കര്‍ണാടക ഗവര്‍ണറായി നിയമിച്ചു. താവര്‍ചന്ദ് ഗെലോട്ടിനു പകരക്കാരിയായാണ് സുധാ യാദവ് എത്തുന്നത്. ധല്‍ സിങ് ബിസെന്‍ ഉത്തരാഖണ്ഡിന്റെ പുതിയ ഗവര്‍ണറാകും. ഗുര്‍മീത് സിങ്ങിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണിത്. ദുഷ്യന്ത് ഗൗതം സിക്കിമിന്റെ പുതിയ ഗവര്‍ണറാകും. ഓംപ്രകാശ് മാഥൂര്‍ കേരളത്തിലേക്കു മാറുന്ന ഒഴിവിലാണ് ഈ നിയമനം.
കേരള ഗവര്‍ണറുടെ ചുമതല വഹിക്കുന്നതിനൊപ്പം തമിഴ്നാടിന്റെ അധിക ചുമതലയും രാജേന്ദ്ര ആര്‍ലേക്കര്‍ വഹിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ അന്നത്തെ തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചതിനെ തുടര്‍ന്നാണ് ആര്‍ലേക്കറിന് അധിക ചുമതല നല്‍കിയത്. പുതിയ ഉത്തരവോടെ അദ്ദേഹം തമിഴ്നാടിന്റെ പൂര്‍ണ ചുമതലയുള്ള ഗവര്‍ണറാകും.
---------------
Hindusthan Samachar / Sreejith S