രാമായണ പാർട്ട് 1' റിലീസ് നവംബർ 5-ലേക്ക് മാറ്റി; ഇന്ത്യയിലും ആഗോളതലത്തിലും ഒരേദിവസം തിയേറ്ററുകളിലെത്തും
Mumbai, 12 ഒക്റ്റോബര് (H.S.) മുംബൈ: സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം ''രാമായണ പാർട്ട് 1''ന്റെ റിലീസ് തീയതിയിൽ മാറ്റം. അന്താരാഷ്ട്ര റിലീസിനൊപ്പം തന്നെ ഇന്ത്യയിലും ചിത്രം നവംബർ 5-ന് തന്നെ റിലീസ് ചെയ്യുമെന്ന് അണി
രാമായണ പാർട്ട് 1' റിലീസ് നവംബർ 5-ലേക്ക് മാറ്റി; ഇന്ത്യയിലും ആഗോളതലത്തിലും ഒരേദിവസം തിയേറ്ററുകളിലെത്തും


Mumbai, 12 ഒക്റ്റോബര് (H.S.)

മുംബൈ: സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം 'രാമായണ പാർട്ട് 1'ന്റെ റിലീസ് തീയതിയിൽ മാറ്റം. അന്താരാഷ്ട്ര റിലീസിനൊപ്പം തന്നെ ഇന്ത്യയിലും ചിത്രം നവംബർ 5-ന് തന്നെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു. നേരത്തെ നവംബർ 8-നായിരുന്നു ഇന്ത്യയിലെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ ആഗോള വിപണിക്കൊപ്പം ഇന്ത്യയിലെ പ്രേക്ഷകർക്കും ഒരേസമയം ചിത്രം അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിലെ റിലീസ് മൂന്ന് ദിവസം മുന്നോട്ട് വെച്ചത്.

നവരാത്രി ദിനത്തിലാണ് നിർമാതാക്കൾ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇതോടൊപ്പം ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഇത് രാമന്റെ യുഗത്തിന്റെ ആരംഭം (Yeh Ram Ke Yug Ka Aarambh Hai) എന്ന ടാഗ్ലൈനോടെ എത്തിയ പോസ്റ്റർ ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ആരംഭിച്ച പ്രചാരണത്തിന്റെ ഭാഗമായി ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ദസറ ദിനത്തിൽ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

വൻ താരനിരയോടെ പുതിയ പോസ്റ്റർ

പുറത്തിറങ്ങിയ പുതിയ പോസ്റ്ററിൽ ശ്രീരാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും ലക്ഷ്മണനായി രവി ദുബെയും മുന്നിൽ അണിനിരക്കുമ്പോൾ, പശ്ചാത്തലത്തിൽ ഇവരെ മറികടക്കുന്ന പ്രൗഢിയോടെ രാവണനായി എത്തുന്ന റോക്കിംഗ് സ്റ്റാർ യാഷിന്റെ സാന്നിധ്യവും ശ്രദ്ധേയമാണ്. കഥാപാത്രങ്ങളുടെ വസ്ത്രാലങ്കാരവും വിഷ്വൽ നിലവാരവും സിനിമയുടെ ദൃശ്യവിസ്മയത്തെ സൂചിപ്പിക്കുന്നതാണ്.

'ദംഗൽ' അടക്കമുള്ള സൂപ്പർഹിറ്റുകൾ സമ്മാനിച്ച നിതീഷ് തിവാരിയാണ് ഈ ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യുന്നത്. സണ്ണി ഡിയോൾ (ഹനുമാൻ), അരുൺ ഗോവിൽ (ദശരഥൻ), ലാറ ദത്ത (കൈകേയി), രാകുൽ പ്രീത് സിംഗ് (ശൂർപ്പണഖ) തുടങ്ങി ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, ഡിഎൻഇജി (DNEG), യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്.

അഞ്ച് ഭാഷകളിൽ റിലീസ്

രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലായി ഐമാക്സ് (IMAX) ഉൾപ്പെടെയുള്ള പ്രീമിയം ഫോർമാറ്റുകളിൽ പ്രദർശനത്തിനെത്തും. ഇന്ത്യക്ക് പുറത്തുള്ള ആഗോള വിതരണം സോണി പിക്ചേഴ്സും ഹിന്ദി വിപണിയിലെ വിതരണം ധർമ്മ പ്രൊഡക്ഷൻസും നിർവഹിക്കും. ചിത്രത്തിന്റെ രണ്ടാം ഭാഗം 2027 ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി.

---------------

Hindusthan Samachar / Roshith K


Latest News