Enter your Email Address to subscribe to our newsletters

Riyadh , 12 ഒക്റ്റോബര് (H.S.)
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു. ഇതോടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി ഉയർന്നു. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് യൂസഫ് അലിയാണ് മരിച്ചതെന്ന് ഹൈദരാബാദ് എം.പി അസദുദ്ദീൻ ഒവൈസി വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും രണ്ട് മക്കൾക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഒക്ടോബർ 10 ശനിയാഴ്ച നടന്ന ആക്രമണത്തിൽ മുന്നൂറിലധികം പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ പത്ത് ഇന്ത്യക്കാരും ഉൾപ്പെടുന്നുണ്ട്.
ആക്രമണത്തിൽ സൗദി പൗരന്മാരായ നാല് പേർക്ക് പുറമെ ബംഗ്ലാദേശ്, പലസ്തീൻ, അമേരിക്ക, ഈജിപ്ത്, ജോർദാൻ, സിറിയ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. ഹൂതികൾ നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ മരിച്ച വിവരം സൗദിയിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഒവൈസി വിദേശകാര്യ മന്ത്രാലയവുമായും റിയാദിലെ ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ടിരുന്നു.
ഇന്ത്യൻ പൗരന്റെ വിയോഗത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചയാളുടെ കുടുംബാംഗങ്ങളുമായി എംബസി അധികൃതർ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും അനുശോചനം അറിയിച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ റിയാദിലെ ഇന്ത്യൻ എംബസി വേഗത്തിലാക്കിയിട്ടുണ്ട്. പരിക്കേറ്റ മറ്റ് ഇന്ത്യക്കാർക്ക് ആവശ്യമായ വൈദ്യസഹായവും എംബസി ഉറപ്പാക്കുന്നുണ്ട്.
അതേസമയം, സാധാരണക്കാരെയും വിമാനത്താവളം പോലുള്ള സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് റിയാദിൽ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. ജനവാസ മേഖലകൾക്ക് നേരെയുള്ള ഇത്തരം ഭീരുത്വപരമായ നീക്കങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സൗദി അറേബ്യയുടെ പരമാധികാരവും പൗരന്മാരുടെ സുരക്ഷയും സംരക്ഷിക്കുന്നതിൽ ഇന്ത്യ സൗദി ഭരണകൂടത്തോടും ജനങ്ങളോടും പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും മേഖലയിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്ത്യ അറിയിച്ചു.
---------------
Hindusthan Samachar / Roshith K