Enter your Email Address to subscribe to our newsletters

New delhi, 12 ഒക്റ്റോബര്‍ (H.S.)
സുപ്രീം കോടതിയുടെ വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. നിയമപ്രകാരം ആര്‍ക്കും കോടതിയെ സമീപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ മുന്നണി നേതാക്കള്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
ഇന്ത്യ മുന്നണി നേതാക്കള്‍ നല്‍കിയ കത്ത് തനിക്ക് ലഭിച്ചുവെന്നും അതിന് മറുപടി നല്‍കിയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കത്ത് നേരത്തെ അയച്ചതാണെങ്കിലും താന്‍ സ്ഥലത്തില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. കൂടിക്കാഴ്ചയ്ക്ക് സാധിക്കാത്തതിന്റെ കാരണങ്ങള്‍ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കത്തിലെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതിനാല്‍ അക്കാര്യങ്ങള്‍ നേതാക്കളോട് തന്നെ ചോദിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണ പൗരന്മാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഒരുപോലെ സുപ്രീം കോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്. നിയമപ്രകാരം പരാതികള്‍ കേള്‍ക്കുമെന്നും അര്‍ഹരായവര്‍ക്ക് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്താനിരിക്കെയാണ് ഇന്ത്യ മുന്നണി നേതാക്കള്‍ ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചത്. എന്നാല്‍ ഈ ആവശ്യം അദ്ദേഹം നിരസിച്ചു. നേതാക്കള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ നിലവില്‍ കോടതിയുടെ പരിഗണനയിലുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധി സംഘവുമായി ഭരണപരമായ കാര്യങ്ങള്‍ക്കായി ഇത്തരത്തില്‍ കൂടിക്കാഴ്ച നടത്താന്‍ കോടതിക്ക് സാധിക്കില്ല.
ഹര്‍ജികള്‍ പരിഗണിക്കുകയും വിധി പ്രസ്താവിക്കുകയും ചെയ്യുക എന്നതാണ് ജുഡീഷ്യറിയുടെ ചുമതലയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. രാജ്യത്തെ പരമോന്നത നീതിന്യായ വ്യവസ്ഥയായ സുപ്രീം കോടതിയുടെ വാതിലുകള്‍ മുഴുവന്‍ സമയവും തുറന്നുകിടക്കുകയാണെന്നും പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോടതി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാല്‍ നേതാക്കള്‍ക്ക് ഹര്‍ജിയിലൂടെ കോടതിയെ സമീപിക്കാമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചെങ്കിലും ഇന്ത്യ മുന്നണി പ്രഖ്യാപിച്ച മാര്‍ച്ച് തിങ്കളാഴ്ച നടക്കും. വോട്ടര്‍പട്ടികയുടെ പ്രത്യേക പുതുക്കല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിക്കുന്നത്. ഈ മാര്‍ച്ച് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേതല്ലെന്നും മുഴുവന്‍ ഇന്ത്യക്കാരുടേതുമാണെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. വോട്ടര്‍പട്ടിക പുതുക്കലിലൂടെ കേന്ദ്ര സര്‍ക്കാര്‍ നേട്ടമുണ്ടാക്കിയെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. ഈ വിഷയം പ്രതിപക്ഷവും തെരഞ്ഞെടുപ്പ് കമ്മിഷനും തമ്മിലുള്ള പ്രധാന തര്‍ക്കമായി മാറിയിരിക്കുകയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും നരേന്ദ്ര മോദി സര്‍ക്കാരിനും മേല്‍ സമ്മര്‍ദം ശക്തമാക്കാനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.
---------------
Hindusthan Samachar / Sreejith S