പ്രായപൂര്ത്തിയാകാത്തവരുടെ ഗര്ഭച്ഛിദ്രത്തിന് പുതിയ മാര്ഗരേഖയുമായി കര്ണാടക; 24 ആഴ്ച വരെ കോടതി അനുമതി വേണ്ട
Bengaluru, 13 ഒക്റ്റോബര്‍ (H.S.) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളിലെ ഗര്‍ഭധാരണം കണ്ടെത്തുന്നതിനും നിയമപരിരക്ഷ ഉറപ്പാക്കുന്നതിനും പുതിയ മാര്‍ഗരേഖയുമായി കര്‍ണ്ണാടക സര്‍ക്കാര്‍. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പൊലീസ്, ആരോഗ്യ വകുപ്പ്, വനിതാ ശിശുവി
DK SHIVAKUMAR: Several BJP and JDS Leaders in Touch With Me, Says DCM


Bengaluru, 13 ഒക്റ്റോബര്‍ (H.S.)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളിലെ ഗര്‍ഭധാരണം കണ്ടെത്തുന്നതിനും നിയമപരിരക്ഷ ഉറപ്പാക്കുന്നതിനും പുതിയ മാര്‍ഗരേഖയുമായി കര്‍ണ്ണാടക സര്‍ക്കാര്‍. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പൊലീസ്, ആരോഗ്യ വകുപ്പ്, വനിതാ ശിശുവികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ചുമതലകള്‍ കൃത്യമായി നിര്‍വചിച്ചുകൊണ്ട് പുതിയ നടപടിക്രമങ്ങള്‍ തയ്യാറാക്കിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി മാതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് എസ്. സുനില്‍ ദത്ത് യാദവ് സര്‍ക്കാരിന്റെ പുതിയ മാര്‍ഗരേഖ രേഖപ്പെടുത്തി കേസ് തീര്‍പ്പാക്കിയത്. ഗര്‍ഭധാരണം വൈകി കണ്ടെത്തുന്നത്, സമൂഹത്തെക്കുറിച്ചുള്ള ഭയം, കുടുംബത്തിന്റെ പ്രതികരണം, ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം, നിയമപരമായ അവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ എന്നിവയില്‍ കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു.

പെണ്‍കുട്ടികളുടെ ആരോഗ്യവും അവകാശങ്ങളും സംരക്ഷിക്കുന്നതിനും കൃത്യസമയത്ത് ഇടപെടുന്നതിനും ശക്തമായൊരു സംവിധാനം അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ മാര്‍ഗരേഖ തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്. അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ പ്രതിമ ഹൊന്നപ്പനാണ് സര്‍ക്കാരിന് വേണ്ടി ഹാജരായത്.

24 ആഴ്ചയ്ക്കുള്ളിലെ ഗര്‍ഭച്ഛിദ്രത്തിന് പ്രത്യേക കോടതി ഉത്തരവോ ശിശുക്ഷേമ സമിതിയുടെ അനുമതിയോ ആവശ്യമില്ലെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ആക്ട് പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ചാല്‍ മതിയാകും. 20 ആഴ്ച വരെയുള്ള ഗര്‍ഭച്ഛിദ്രത്തിന് ഒരു രജിസ്റ്റേര്‍ഡ് ഡോക്ടറുടെ അഭിപ്രായവും, 20 മുതല്‍ 24 ആഴ്ച വരെയുള്ളവയ്ക്ക് രണ്ട് ഡോക്ടര്‍മാരുടെ അഭിപ്രായവും ആവശ്യമാണ്.

പ്രായപൂര്‍ത്തിയാകാത്തവരുടെ കാര്യത്തില്‍ രക്ഷിതാവിന്റെ രേഖാമൂലമുള്ള സമ്മതം നിര്‍ബന്ധമാണ്. 24 ആഴ്ചയ്ക്ക് ശേഷമുള്ള കേസുകള്‍ നിയമവ്യവസ്ഥകള്‍ക്കും മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ക്കും അനുസരിച്ചായിരിക്കും കൈകാര്യം ചെയ്യുക. ഗര്‍ഭിണിയുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ഗര്‍ഭച്ഛിദ്രം ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ നിയമത്തില്‍ പ്രത്യേക ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചാല്‍ പൊലീസ് അടിയന്തര വൈദ്യസഹായത്തിനും പരിശോധനയ്ക്കും മുന്‍ഗണന നല്‍കണം. ആവശ്യമെങ്കില്‍ സീറോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പിന്നീട് അധികാരപരിധിയുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റണം.

ഗര്‍ഭച്ഛിദ്ര നടപടികളില്‍ നിന്ന് ശേഖരിക്കുന്ന ഡി.എന്‍.എ സാമ്പിളുകള്‍ പരിശോധനയ്ക്കായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയക്കേണ്ടത് പൊലീസിന്റെ ചുമതലയാണ്. ലബോറട്ടറി അതേ ജില്ലയിലാണെങ്കില്‍ 24 മണിക്കൂറിനുള്ളിലും, മറ്റ് ജില്ലകളിലാണെങ്കില്‍ ഏഴ് ദിവസത്തിനുള്ളിലും സാമ്പിളുകള്‍ എത്തിച്ചിരിക്കണം. എഫ്.ഐ.ആര്‍ അല്ലെങ്കില്‍ കോടതി ഉത്തരവ് എന്നിവയ്ക്കായി കാത്തുനിന്ന് വൈദ്യസഹായം വൈകിപ്പിക്കാന്‍ പാടില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

---------------

Hindusthan Samachar / Sreejith S


Latest News