പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസില് രാഹുല് ഗാന്ധിക്ക് ആശ്വാസം; വിചാരണ നടപടികള് സ്റ്റേ ചെയ്ത് സുപ്രീം കോടതി
New delhi, 13 ഒക്റ്റോബര്‍ (H.S.) പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസകരമായ തീരുമാനവുമായി സുപ്രീം കോടതി. പ്രധാനമന്ത്രിയെ കള്ളന്മാരുടെ തലവന്‍ എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ട ക്രിമിനല്‍ അപകീര്‍ത്തിക്കേസി
rahul gandi


New delhi, 13 ഒക്റ്റോബര്‍ (H.S.)

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസകരമായ തീരുമാനവുമായി സുപ്രീം കോടതി. പ്രധാനമന്ത്രിയെ കള്ളന്മാരുടെ തലവന്‍ എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ട ക്രിമിനല്‍ അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ വിചാരണ നടപടികള്‍ സുപ്രീം കോടതി താത്കാലികമായി സ്റ്റേ ചെയ്തു. ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് അപരേശ് കുമാര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന നടപടി. കേസില്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ നിര്‍ദേശിച്ച് കോടതി നോട്ടിസ് അയച്ചു.

മറുപടി ലഭിക്കുന്നതുവരെ വിചാരണ കോടതിയിലെ തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വിയാണ് കോടതിയില്‍ ഹാജരായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'കള്ളന്മാരുടെ തലവന്‍' (ചോരോം കേ സര്‍ദാര്‍), 'കമാന്‍ഡര്‍ ഇന്‍ തീഫ്' എന്നിങ്ങനെ വിശേഷിപ്പിച്ചെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകനായ മഹേഷ് ശ്രീശ്രീമാല്‍ ആണ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. ഈ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച ബോംബെ ഹൈക്കോടതിയുടെ സെപ്റ്റംബര്‍ എട്ടിലെ ഉത്തരവിനെ ചോദ്യം ചെയ്താണ് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്.

മജിസ്‌ട്രേറ്റ് കോടതി അയച്ച സമന്‍സിനെതിരെ രാഹുല്‍ ഗാന്ധി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബിജെപി പ്രവര്‍ത്തകന്‍ നല്‍കിയ പരാതി നിലനില്‍ക്കുന്നതല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വാദം. തന്റെ പരാമര്‍ശത്തില്‍ ബിജെപിയെയോ മറ്റ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെയോ പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും, വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്ന ഒരു വിഭാഗത്തെയും ലക്ഷ്യം വച്ചിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. അതിനാല്‍ ഈ കേസില്‍ വിചാരണ നടത്താന്‍ പരാതിക്കാരന് നിയമപരമായ അവകാശമില്ലെന്നും രാഹുല്‍ ഗാന്ധിക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സുദീപ് പസ്‌ബോള കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ ബോംബെ ഹൈക്കോടതി തള്ളിക്കളയുകയായിരുന്നു.

ദേശീയ തലത്തില്‍ രജിസ്റ്റര്‍ ചെയ്ത ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപി വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്ന ഒരു വിഭാഗം തന്നെയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പരാതിക്കാരന്‍ രണ്ട് പതിറ്റാണ്ടായി ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ്. ബിജെപി അംഗമായ പ്രധാനമന്ത്രിയെ കള്ളന്മാരുടെ തലവന്‍ എന്ന് വിശേഷിപ്പിക്കുമ്പോള്‍, ആ പരാമര്‍ശം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്ന് ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ഈ പരാമര്‍ശം പാര്‍ട്ടിയുടെ സാധാരണ അംഗങ്ങളെ എത്രത്തോളം ബാധിക്കുമെന്നത് വിചാരണ വേളയില്‍ പരിശോധിക്കേണ്ട വിഷയമാണെന്നും, അതിനാല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവില്‍ യാതൊരു അപാകതയുമില്ലെന്നും ഹൈക്കോടതി ജഡ്ജി വ്യക്തമാക്കിയിരുന്നു. ശശി തരൂര്‍ ഉള്‍പ്പെട്ട സമാനമായ ഒരു കേസില്‍ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവും ബോംബെ ഹൈക്കോടതി ഇതിനായി ചൂണ്ടിക്കാട്ടി.

---------------

Hindusthan Samachar / Sreejith S


Latest News