യുപിഐ അധിക നിരക്കുകള് ഉടനില്ല, വ്യക്തമാക്കി നാഷണല് പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ
New delhi, 13 ഒക്റ്റോബര്‍ (H.S.) യുപിഐ ഇടപാടുകളില്‍ മര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് നിരക്ക് ഏര്‍പ്പെടുത്തുന്നത് നീട്ടി. ദീപാവലിക്ക് ശേഷമേ പുതിയ പദ്ധതി നടപ്പിലാക്കൂ എന്നാണ് റിപ്പോര്‍ട്ട്. യുപിഐ ആന്‍ഡ് സര്‍വീസസ് സ്റ്റിയറിങ് കമ്മിറ്റിയുടെ തീരുമാനം നാഷണല്‍
Upi


New delhi, 13 ഒക്റ്റോബര്‍ (H.S.)

യുപിഐ ഇടപാടുകളില്‍ മര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് നിരക്ക് ഏര്‍പ്പെടുത്തുന്നത് നീട്ടി. ദീപാവലിക്ക് ശേഷമേ പുതിയ പദ്ധതി നടപ്പിലാക്കൂ എന്നാണ് റിപ്പോര്‍ട്ട്. യുപിഐ ആന്‍ഡ് സര്‍വീസസ് സ്റ്റിയറിങ് കമ്മിറ്റിയുടെ തീരുമാനം നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഉത്സവ സീസണ്‍ കൂടി കണക്കിലെടുത്താണ് എന്‍പിസിഐ ഈ തീരുമാനം കൈക്കൊണ്ടതെന്നും നടപ്പാക്കല്‍ തീയതി പ്രത്യേകം അറിയിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോസസ് ചെയ്യുന്നതിന് വ്യാപാരികളില്‍ നിന്ന് ഈടാക്കുന്ന ഫീസാണ് എംഡിആര്‍. നിര്‍ദ്ദിഷ്ട നീക്കം തെരഞ്ഞെടുത്ത വ്യാപാരി ഇടപാടുകള്‍ക്ക് മാത്രമേ ഇത് ബാധകമാകൂ. എന്നിരുന്നാലും ഏതൊക്കെ വിഭാഗങ്ങളിലുള്ള ഇടപാടുകള്‍ക്കാണ് നിരക്ക് ഈടാക്കുന്നതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല.

പുതിയ ചട്ടക്കൂട് പ്രകാരം 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പെയ്മെന്റുകള്‍ സ്വീകരിക്കുന്ന വ്യാപാരികള്‍ ഇടപാട് മൂല്യത്തിന്റെ 0.4 ശതമാനം തുക ഫീസായി നല്‍കണം എന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ചില വിഭാഗങ്ങളിലേയ്ക്കുള്ള പേയ്മെന്റുകള്‍ തുക കണക്കിലെടുക്കാതെ അഞ്ച് രൂപ ഫീസും ഈടാക്കും. 2007ലെ പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ടിലെ സെക്ഷന്‍ 10 എ ഭേദഗതി ചെയ്തുകൊണ്ട് നിര്‍ദ്ദിഷ്ട ഡിജിറ്റല്‍ പേയ്മെന്റ് മോഡുകളില്‍ നിരക്കുകള്‍ ഈടാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കിക്കൊണ്ട് ഓഗസ്റ്റ് 11ന് പാര്‍ലമെന്റ് നികുതി, മറ്റ് ഭേദഗതി ബില്‍ 2026 എന്നിവ പാസാക്കിയതിന് ശേഷമാണ് എംഡിആര്‍ ചട്ടക്കൂട് വന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ 2,000 ത്തിന് മുകളിലുള്ള യുപിഐ പേയ്മെന്റുകള്‍ക്ക് രണ്ട് തരം ഫീസ് ബാധകമാകും. ആദ്യത്തേത് റെയില്‍വേ, ടെലികോം സേവനങ്ങള്‍, ഇന്‍ഷുറന്‍സ്, ഇന്ധനം എന്നിങ്ങനെ നാല് നിര്‍ദ്ദിഷ്ട വിഭാഗങ്ങളിലെ വ്യാപാരികള്‍ക്കുള്ള പേയ്മെന്റുകള്‍ക്ക് ഓരോ ഇടപാടിനും അഞ്ച് രൂപ എന്ന നിരക്കില്‍ ഫ്‌ലാറ്റ് എംഡിആര്‍ ആണ്. രണ്ടാമത്തേത്, 2,000 ത്തിന് മുകളിലുള്ള വ്യക്തിഗത യുപിഐ പേയ്മെന്റുകള്‍ക്ക് 0.4 ശതമാനം എംഡിആറും. ഇത് ഒരു ഇടപാടിന് പരമാവധി 300 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.

2,000 ത്തിന് മുകളിലുള്ള യുപിഐ മര്‍ച്ചന്റ് ഇടപാടുകള്‍ക്ക് 0.4 ശതമാനം എംഡിആര്‍ ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെയും എന്‍പിസിഐയുടെയും തീരുമാനത്തിനെതിരെ രാജ്യത്തുടനീളം വ്യാപാരി സംഘടനകളില്‍ നിന്നും രാഷ്ട്രീയ പ്രതിപക്ഷത്ത് നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഇത് വ്യാപാരികള്‍ക്ക് കടുത്ത നഷ്ടം വരുത്തുമെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News