Enter your Email Address to subscribe to our newsletters

Keralam, 14 ഒക്റ്റോബര് (H.S.)
വാഹനങ്ങൾ സൂക്ഷിക്കാൻ യാർഡുകൾ സജ്ജമാക്കും;
നിയമസഭയിൽ ഭേദഗതി ബില്ലുമായി ഗതാഗത മന്ത്രി സി.പി ജോൺ
തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി അടയ്ക്കാതെ ഓടുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് സൂക്ഷിക്കുന്നതിനായി എല്ലാ താലൂക്കുകളിലും പ്രത്യേക കേന്ദ്രങ്ങൾ (യാർഡുകൾ) തുടങ്ങുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി 2026ലെ കേരള മോട്ടോർ വാഹന നികുതി ഭേദഗതി ബിൽ ഗതാഗത മന്ത്രി സി.പി ജോൺ നിയമസഭയിൽ അവതരിപ്പിച്ചു. പിടിച്ചെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ മതിയായ സ്ഥലമില്ലാത്ത പ്രശ്നം പരിഹരിക്കാനാണ് പുതിയ ഭേദഗതി ബിൽ എന്ന് മന്ത്രി അറിയിച്ചു.
1976ലെ നിയമത്തിലെ 11-ാം വകുപ്പ് പ്രകാരം, നികുതി നൽകാതെ സംസ്ഥാനത്ത് ഉപയോഗിക്കുന്നതോ ഉപയോഗിക്കാൻ സൂക്ഷിച്ചിരിക്കുന്നതോ ആയ വാഹനങ്ങൾ പിടിച്ചെടുക്കാൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ പദവിയിൽ കുറയാത്ത മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും സബ് ഇൻസ്പെക്ടർ പദവിയിൽ കുറയാത്ത പൊലീസ് ഓഫിസർമാർക്കും നിലവിൽ അധികാരമുണ്ട്. എന്നാൽ, പിടിച്ചെടുക്കുന്ന ഇത്തരം വാഹനങ്ങൾ സൂക്ഷിക്കാൻ മതിയായ സൗകര്യങ്ങളോടുകൂടിയ സർക്കാർ ഭൂമി ലഭ്യമല്ല. അതിനാൽ നിലവിലെ നിയമവ്യവസ്ഥകൾ കാര്യക്ഷമമായി നടപ്പാക്കാൻ സാധിച്ചിരുന്നില്ല. ഈ പ്രതിസന്ധിക്ക് പരിഹാരമായാണ് എല്ലാ താലൂക്കുകളിലും അംഗീകൃത യാർഡുകൾ സജ്ജമാക്കാൻ സർക്കാർ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
പുതിയ നിയമപ്രകാരം, പിടിച്ചെടുക്കുന്ന വാഹനം ഈ യാർഡുകളിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഫീസും അവിടെ സൂക്ഷിക്കുന്നതിനുള്ള പാർക്കിങ് ഫീസും ഉടമകളിൽ നിന്ന് ഈടാക്കും. നികുതി അടച്ചതിന്റെ രേഖകൾ കാണിച്ചാലും ഈ ഫീസുകൾ പൂർണമായി അടച്ചാൽ മാത്രമേ വാഹനം തിരികെ നൽകുകയുള്ളൂ. ഈ ഫീസ് നിരക്കുകൾ എത്രയാണെന്ന് സർക്കാർ പിന്നീട് തീരുമാനിക്കും. പുതിയ സംവിധാനം വരുന്നതുകൊണ്ട് സർക്കാരിന് മറ്റ് സാമ്പത്തിക ബാധ്യതകൾ ഉണ്ടാകില്ല. പ്രതിപക്ഷാംഗം പ്രേംകുമാറിന്റെ ക്രമപ്രശ്നം തള്ളി ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചു.
---------------
Hindusthan Samachar / Sreejith S