Enter your Email Address to subscribe to our newsletters

Chandighad, 14 ഒക്റ്റോബര് (H.S.)
ചണ്ഡീഗഡ്: പഞ്ചാബിലെ മാൻസയിൽ ലഹരിവിരുദ്ധ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ പർവീന്ദർ സിംഗ് എന്ന 'ജോട്ട' പട്ടാപ്പകൽ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. കൊലപാതകത്തിന് പിന്നിലുള്ള ഒരാളെയും വെറുതെ വിടില്ലെന്നും കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഫേസ്ബുക്ക് ലൈവിനിടെ വെടിവെപ്പ്
മാൻസയിലെ തിരക്കേറിയ മാർക്കറ്റിലുള്ള ഒരു മെഡിക്കൽ സ്റ്റോറിനുള്ളിൽ ചൊവ്വാഴ്ചയാണ് നടുക്കുന്ന കൊലപാതകം അരങ്ങേറിയത്. പ്രായമായ ഒരാൾക്ക് ലഹരിക്ക് അടിമപ്പെടുത്തുന്ന മരുന്നുകൾ വിറ്റതുമായി ബന്ധപ്പെട്ട് പർവീന്ദർ സിംഗും സഹപ്രവർത്തകരും മെഡിക്കൽ സ്റ്റോറിലെത്തി ഉടമയായ അശ്വിനി കുമാറിനെ ചോദ്യം ചെയ്യുകയായിരുന്നു. ഈ സമയം പർവീന്ദർ സിംഗ് ഫേസ്ബുക്ക് ലൈവ് ചെയ്തുകൊണ്ടിരിക്കെയാണ് അശ്വിനി കുമാർ ഇവർക്ക് നേരെ തോക്കെടുത്ത് വെടിയുതിർത്തത്. സംഭവസ്ഥലത്ത് വെച്ചുതന്നെ പർവീന്ദർ സിംഗിന് ഗുരുതരമായി പരിക്കേൽക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.
ലഹരിമരുന്ന് മാഫിയകൾക്കെതിരെയും അനധികൃത മരുന്ന് വിൽപനയ്ക്കെതിരെയും സജീവമായി ശബ്ദമുയർത്തിയിരുന്ന പൊതുപ്രവർത്തകനാണ് പർവീന്ദർ സിംഗ് ജോട്ട. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതി അശ്വിനി കുമാറിനെ രാജസ്ഥാനിലെ സാലാസറിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
'സ്വാധീനം എത്ര വലുതായാലും മുഖം നോക്കാതെ നടപടി'
സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഭഗവന്ത് മാൻ, പർവീന്ദർ സിംഗിന്റെ കുടുംബത്തെ അനുശോചനം അറിയിച്ചു. ഇത്തരം സംഭവങ്ങൾ ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും ഇതിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാനും പഞ്ചാബ് ഡി.ജി.പിക്ക് (ഡയറക്ടർ ജനറൽ ഓഫ് പോലീസ്) കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റവാളികൾ എത്ര ഉന്നത സ്വാധീനമുള്ളവരായാലും അവരെ വെറുതെ വിടില്ലെന്നും, കൊലപാതകത്തിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അതിൽ പങ്കാളികളായ എല്ലാവർക്കും തക്കതായ ശിക്ഷ നൽകുമെന്നും മാൻ കൂട്ടിച്ചേർത്തു.
ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കും
പഞ്ചാബിലുടനീളം എല്ലാത്തരം ലഹരിമരുന്നുകൾക്കുമെതിരെ ശക്തമായ പോരാട്ടമാണ് സർക്കാർ നടത്തുന്നതെന്നും ഈ വിഷയത്തിൽ ആർക്കും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. ലഹരി മാഫിയയെയും അനധികൃത വ്യാപാരികളെയും സംസ്ഥാനത്ത് നിന്ന് വേരോടെ പിഴുതെറിയാനുള്ള കർശന നടപടികൾ ഭരണകൂടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പട്ടാപ്പകൽ മാർക്കറ്റിൽ നടന്ന ഈ കൊലപാതകം പ്രദേശത്ത് കനത്ത പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. ലഹരിവിരുദ്ധ പ്രവർത്തകർക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും മെഡിക്കൽ സ്റ്റോറുകൾ വഴി നടക്കുന്ന നിയമവിരുദ്ധ മരുന്ന് വിൽപന തടയാൻ കർശന പരിശോധന നടത്തണമെന്നും പ്രാദേശിക സംഘടനകൾ ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / Roshith K