ചെറുവയൽ രാമന്റെ നിര്യാണത്തിൽ വനം-വന്യജീവി, നൈപുണ്യ വികസന മന്ത്രി ശ്രീ. ഷിബു ബേബി ജോണിന്റെ അനുശോചനം
Thiruvanathad, 14 ഒക്റ്റോബര് (H.S.) പാരമ്പര്യ നെൽവിത്തുകളുടെ കാവലാളും പത്മശ്രീ പുരസ്കാര ജേതാവുമായ ചെറുവയൽ രാമന്റെ നിര്യാണത്തിൽ വനം-വന്യജീവി, നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ അനുശോചിച്ചു. കേരളത്തിന്റെ ഹരിതപാരമ്പര്യത്തിന് നികത്താനാകാത്ത
a


Thiruvanathad, 14 ഒക്റ്റോബര് (H.S.)

പാരമ്പര്യ നെൽവിത്തുകളുടെ കാവലാളും പത്മശ്രീ പുരസ്കാര ജേതാവുമായ ചെറുവയൽ രാമന്റെ നിര്യാണത്തിൽ വനം-വന്യജീവി, നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ അനുശോചിച്ചു.

കേരളത്തിന്റെ ഹരിതപാരമ്പര്യത്തിന് നികത്താനാകാത്ത നഷ്ടമാണ് പത്മശ്രീ ചെറുവയൽ രാമന്റെ വേർപാട്. വയനാട്ടിലെ മണ്ണിൽ കാലങ്ങളായി കൈമാറിവന്ന നാടൻ നെൽവിത്തിനങ്ങളെ സ്വന്തം ജീവനുതുല്യം സംരക്ഷിക്കുകയും, ജൈവകൃഷിയുടെ സന്ദേശം ലോകത്തിന് പകർന്നുനൽകുകയും ചെയ്ത അതുല്യനായ കർഷകനും നമ്മുടെ വനങ്ങളും ജൈവവൈവിധ്യവും തനിമയോടെ നിലനിർത്തുന്നതിൽ തനതായ നാടൻ കൃഷിരീതികൾക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ മാതൃകാ വ്യക്തിത്വവുമായിരുന്നു ചെറുവയൽ രാമൻ. ഗോത്ര അറിവുകളിൽ സമാനതകളില്ലാത്ത പണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു.

തലമുറകളായി കൈമാറിവന്ന അഞ്ഞൂറിലധികം വരുന്ന തദ്ദേശീയ നെൽവിത്തുകളെ സംരക്ഷിച്ചുകൊണ്ട്, വംശനാശം സംഭവിച്ചേക്കാമായിരുന്ന സസ്യവൈവിധ്യത്തിന്റെ വലിയൊരു ശേഖരമാണ് അദ്ദേഹം പച്ചപ്പ് നിറഞ്ഞ തന്റെ വയലുകളിലൂടെ നിലനിർത്തിയത്. പ്രകൃതിയോട് ഇണങ്ങിനിന്ന് ജീവിക്കാനും കാർഷിക പൈതൃകം കാത്തുസൂക്ഷിക്കാനും നൽകിയ സംഭാവനകൾ തിരിച്ചറിഞ്ഞാണ് രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം സമ്മാനിച്ചത്.

നമ്മുടെ വനങ്ങളും ജൈവവൈവിധ്യവും തനിമയോടെ നിലനിർത്തുന്നതിൽ തനതായ നാടൻ കൃഷിരീതികൾക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ ചെറുവയൽ രാമനെ ഈ സർക്കാർ വനം വകുപ്പിന്റെ ഉപദേശക സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു. അതിന് വേണ്ടി അദ്ദേഹവുമായി സംസാരിച്ചപ്പോൾ സന്തോഷത്തോടെ അദ്ദേഹം ആ ഉത്തരവാദിത്തം ഏറ്റെടുക്കുകയും യഥാർത്ഥ കർഷകനും പ്രകൃതിയുമായുള്ള അഭേദ്യബന്ധത്തെ പറ്റി സംസാരിക്കുകയും ചെയ്തു. ഉപദേശക സമിതിയിലെ 'ചെറുവയൽ രാമൻ' എന്ന പേര് ആ ലിസ്റ്റിനൊരു അലങ്കാരമായിരുന്നു. ആ പേരിലൂടെ വനംവകുപ്പും ആദരിക്കപ്പെടുകയായിരുന്നു. എന്നാൽ ആ ഉത്തരവ് പുറത്തിറങ്ങും മുമ്പ് അദ്ദേഹം നമ്മെ വിട്ട് പിരിഞ്ഞിരിക്കുന്നു.

വനത്തെയും പ്രകൃതിയെയും കൃഷിയെയും ഒരുപോലെ സ്നേഹിച്ച ആ വലിയ മനുഷ്യന്റെ ഓർമ്മകൾ വരുംതലമുറകൾക്ക് എക്കാലത്തും ഒരു പ്രചോദനമായിരിക്കും. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും കാർഷിക സമൂഹത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News