ജി. വി. രാജ പുരസ്കാരങ്ങൾ സമ്മാനിച്ചു. ആഘോഷരാവായി ‘സ്പോർട്സ് നൈറ്റ് കേരളം 2026’
Thiruvanathapuram, 14 ഒക്റ്റോബര്‍ (H.S.) തിരുവനന്തപുരം: രാജ്യാന്തര തലത്തിൽ കേരളത്തിന്റെ കായിക മികവ് ശ്രദ്ധേയമാക്കിയ മലയാളി കായികതാരങ്ങൾക്കും പരിശീലകർക്കും ആദരവുമായി ''ജി വി രാജ അവാർഡ് സ്പോർട്സ് നൈറ്റ് കേരളം 2026'' പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ത
OJ Janeesh


Thiruvanathapuram, 14 ഒക്റ്റോബര്‍ (H.S.)

തിരുവനന്തപുരം: രാജ്യാന്തര തലത്തിൽ കേരളത്തിന്റെ കായിക മികവ് ശ്രദ്ധേയമാക്കിയ മലയാളി കായികതാരങ്ങൾക്കും പരിശീലകർക്കും ആദരവുമായി 'ജി വി രാജ അവാർഡ് സ്പോർട്സ് നൈറ്റ് കേരളം 2026' പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിൽ നടന്ന പുരസ്‌കാര വിതരണം തലസ്ഥാനത്തിന് ആഘോഷ രാവായി. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിച്ചു.

പുരുഷ വിഭാഗത്തിലെ മികച്ച കായികതാരത്തിനുള്ള ജി.വി. രാജ പുരസ്കാരം ട്രിപ്പിൾ ജംപിൽ രാജ്യാന്തരതലത്തിൽ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച എൽദോസ് പോൾ സ്വന്തമാക്കി. വനിതാ വിഭാഗത്തിൽ ബാഡ്മിന്റൺ താരം ട്രീസ ജോളിക്കു വേണ്ടി മാതാപിതാക്കൾ പുരസ്കാരം ഏറ്റുവാങ്ങി. കായികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഡോ. പി.ടി. ജോസഫിന് ലഭിച്ചു.

മികച്ച കായിക പരിശീലകനായി അനൂപ് ജോസഫും മികച്ച കായിക അധ്യാപകനായി ഡോ. സദാനന്ദൻ സി.എസ്.യും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച കോളേജിനുള്ള പുരസ്കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് നേടി.

രാജ്യാന്തര വേദികളായ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ലോക ചാമ്പ്യൻഷിപ്പുകൾ തുടങ്ങിയ രാജ്യാന്തര വേദികളിൽ മെഡൽ നേട്ടങ്ങൾ കൈവരിച്ച മലയാളി കായിക താരങ്ങളും ചടങ്ങിൽ ആദരം ഏറ്റുവാങ്ങി. ആൻസി സോജൻ, ദിവി ബിജേഷ്, എച്ച്.എസ്. പ്രണോയ്, എം.ആർ. അർജുൻ, മനു ഫ്രാൻസിസ്, മുഹമ്മദ് ബാസിൽ, പ്രിൻസ് കുരിശിങ്കൽ നോബിൾ, സാന്ദ്ര മോൾ സാബു, സഞ്ജു സാംസൺ, ശ്രീശങ്കർ മുരളി, ടി.എസ്. മനു, ട്രീസ ജോളി, വിദർശ കെ. വിനോദ് എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.

മികച്ച സ്പോർട്സ് ഹോസ്റ്റൽ കായികതാരങ്ങളായി പുരുഷ വിഭാഗത്തിൽ എഡ്വിൻ പോൾ സിബിയും വനിതാ വിഭാഗത്തിൽ അനാമിക പി.യും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്പോർട്സ് ലേഖകനുള്ള പുരസ്കാരം അജയ് ബെനും മികച്ച സ്പോർട്സ് ദൃശ്യമാധ്യമ പരിപാടിക്കുള്ള പുരസ്കാരം ശ്രാവൺ കൃഷ്ണയും മികച്ച സ്പോർട്സ് ഫോട്ടോഗ്രാഫിക്കുള്ള പുരസ്കാരം കെ.കെ. സന്തോഷും മികച്ച സ്പോർട്സ് പുസ്തകത്തിനുള്ള പുരസ്കാരം സിജിൻ ബി.ടി.യും സ്വീകരിച്ചു. ജോബി മാത്യുവും മുൻ ഫുട്ബോൾ താരം വിക്ടർ മഞ്ഞിലയും പ്രത്യേക പരാമർശത്തിന് അർഹരായി.

ചടങ്ങിൽ കേരളത്തിന്റെ കായികമേഖല അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ടുള്ള കേരള ഒളിമ്പിക് ടാലന്റ് പാത്ത്‌വേ (KOTP), ഖേലോ കേരളം 2026, ഓപ്പറേഷൻ കളരി, പ്രിസം (PRISM) എന്നീ നാല് സുപ്രധാന പദ്ധതികൾക്കും തുടക്കം കുറിച്ചു.

ഗ്രാമീണ മേഖലയിലെ കായികപ്രതിഭകളെ കണ്ടെത്തി ശാസ്ത്രീയ പരിശീലനം നൽകി ഒളിമ്പ്യന്മാരെ വാർത്തെടുക്കുന്നതാണ്കേരള ഒളിമ്പിക് ടാലന്റ് പാത്ത്‌വേ (KOTP). 14 ജില്ലകളിലെയും വളർന്നുവരുന്ന താരങ്ങൾക്ക് സ്കോളർഷിപ്പും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് ഖേലോ കേരളം 2026. കായിക അടിസ്ഥാനസൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയാണ് ഓപ്പറേഷൻ കളരി. കായിക ഭരണനിർവഹണവും പരിശീലനവും കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്ന സാങ്കേതിക നിരീക്ഷണ സംവിധാനമാണ് പ്രിസം (PRISM).

കായികതാരങ്ങളുടെ നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പരിശീലകരായ അനൂപ് ജോസഫ്, ആർ. ശ്രീനിവാസൻ, രാജ്മോഹൻ, എസ്. മുരളി എന്നിവരെയും ആദരിച്ചു.

മന്ത്രി ഒ. ജെ. ജനീഷ് അധ്യക്ഷനായി. പൊതു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ, രമേഷ് പിഷാരടി എം. എൽ. എ., കായിക താരങ്ങളായ ഐ. എം. വിജയൻ, അഞ്ജു ബോബി ജോർജ്, ഷൈനി വിൽസൺ, ഒളിമ്പ്യൻ പി. ആർ. ശ്രീജേഷ്, ചലച്ചിത്രതാരങ്ങളായ ബാബു ആന്റണി, ആന്റണി വർഗീസ് (പെപ്പെ) എന്നിവരും പങ്കെടുത്തു.

---------------

Hindusthan Samachar / Sreejith S


Latest News