Enter your Email Address to subscribe to our newsletters

Kochi, 14 ഒക്റ്റോബര് (H.S.)
കൊച്ചി: എറണാകുളം മാർക്കറ്റിലെ ചരിത്രപ്രസിദ്ധമായ കടവുഭാഗം ജൂതപ്പള്ളിക്ക് (സിനഗോഗ്) നേരെയുണ്ടായ തീവയ്പ്പ് ആക്രമണക്കേസിൽ അറസ്റ്റിലായ പ്രതി പുത്തൻകുരിശ് സ്വദേശി എബിൻ ബി. പോളിനെ (32) ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യം ചെയ്തു. സംഭവത്തിന് പിന്നിൽ രാജ്യാന്തര തലത്തിലുള്ള ഭീകര സംഘടനകളുടെ പങ്കാളിത്തമുണ്ടെന്ന പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം വ്യാപിപ്പിച്ചത്. എൻഐഎക്ക് പുറമെ ഇന്റലിജൻസ് ബ്യൂറോയും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കേസ് കൂടുതൽ വിശദമായി അന്വേഷിക്കുന്നതിനായി സംസ്ഥാന ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങും.
പുലർച്ചെ രണ്ടരയോടെയാണ് കൊച്ചി നഗരത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്ന ജൂത ആരാധനാലയത്തിന്റെ മുൻഭാഗത്ത് കാറിലെത്തിയ പ്രതി, കയ്യിൽ കരുതിയിരുന്ന കാനിലെ പെട്രോൾ പള്ളിയുടെ മുൻപിലുള്ള നഴ്സറിയുടെ ഫ്ലെക്സ് ബോർഡുകളിലും ബാനറുകളിലും ഒഴിച്ച് തീയിടുകയായിരുന്നു. തുടർന്ന് പ്രതി കൃത്യം സ്വന്തം മൊബൈൽ ഫോണിൽ വീഡിയോയായി പകർത്തുകയും സ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. രാവിലെ പ്രദേശവാസികളാണ് തീവയ്പ്പ് ശ്രദ്ധയിൽപ്പെടുത്തിയത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് എറണാകുളം സെൻട്രൽ പോലീസ് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് കാർ തിരിച്ചറിയുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
പ്രതിയുടെ മൊബൈൽ ഫോണും ലാപ്ടോപ്പും പരിശോധിച്ച അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങളാണ് ലഭിച്ചത്. പ്രതി വിദേശത്തുള്ള ചില അജ്ഞാത കേന്ദ്രങ്ങളുമായി ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരു അജ്ഞാത കേന്ദ്രത്തിൽ നിന്ന് ലഭിച്ച നിർദേശപ്രകാരമാണ് എബിൻ സിനഗോഗിന് നേരെ ആക്രമണം നടത്തിയത്. തീവയ്പ്പ് നടത്തുന്നതിന് മുൻപ് സിനഗോഗിന്റെ ചിത്രങ്ങൾ അയച്ചുകൊടുത്ത് അനുമതി വാങ്ങിയതായും തുടർന്ന് കൃത്യം വീഡിയോയിൽ പകർത്തി തെളിവായി അയച്ചുനൽകിയതായും കണ്ടെത്തി. ക്രിപ്റ്റോ കറൻസി വഴിയാണ് പ്രതി ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രതിഫലം കൈപ്പറ്റിയതെന്നാണ് പോലീസിന് ലഭിച്ച സൂചന.
തീവയ്പ്പ് വിജയകരമായി നടപ്പിലാക്കിയാൽ രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിൽ സമാനമായ ആക്രമണങ്ങൾ നടത്തുന്നതിനുള്ള ആസൂത്രണം ഈ ഗ്രൂപ്പുകൾ നടത്തിയിരുന്നതായും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിനുപുറമെ, മുൻപ് മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിന് തീയിട്ടതും സമാനമായ രീതിയിൽ കൃത്യം ചെയ്യാനുള്ള കഴിവ് തെളിയിക്കാനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.
പ്രതി താമസിച്ചിരുന്ന വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ രാസലഹരിയും കണ്ടെടുക്കുകയുണ്ടായി. ലഹരിമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ പുത്തൻകുരിശ് പോലീസും പ്രത്യേക കേസെടുത്തിട്ടുണ്ട്. പൂനെയിൽ ഫാഷൻ ഡിസൈനിംഗ് പഠനം പൂർത്തിയാക്കിയ പ്രതി ഒറ്റപ്പെട്ട ജീവിതശൈലി നയിക്കുന്ന വ്യക്തിയാണെങ്കിലും ഡിജിറ്റൽ ഇടങ്ങളിൽ വലിയ തോതിൽ തീവ്രവാദ സ്വാധീനത്തിന് ഇരയായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച അന്താരാഷ്ട്ര നെറ്റ്വർക്കിനെ പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസികളുമായി ഏകോപിപ്പിച്ചുള്ള വിപുലമായ അന്വേഷണമാണ് പുരോഗമിക്കുന്നത്.
---------------
Hindusthan Samachar / Roshith K