Enter your Email Address to subscribe to our newsletters

Ernakulam , 15 ഒക്റ്റോബര് (H.S.)
മാർക്കറ്റ് റോഡിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട കേസിലെ പ്രതി എബിൻ പോളിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഈ നിർണായക ഉത്തരവ്.
സംഭവത്തെ നിസ്സാരമായി കാണാനാവില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. പ്രതിയുടെ പേരിൽ വലിയ തോതിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും, മൂവാറ്റുപുഴയിലെ തീവെപ്പ് കേസിലും ഇയാൾക്ക് പങ്കുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഈ വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ അന്വേഷണം നടത്തണമെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
അതേസമയം, മാനസിക പ്രശ്നത്തിന് മരുന്ന് കഴിക്കുന്ന ആളാണ് എബിൻ എന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. കസ്റ്റഡിയിൽ കഴിയുമ്പോൾ പ്രതിക്ക് ആവശ്യമായ മരുന്നുകൾ ഉറപ്പാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. പ്രതിയുടെ ഫോൺ ഉൾപ്പടെ ശാസ്ത്രീയമായ പരിശോധനനയ്ക്ക് വിധേയമാക്കിയാൽ മാത്രമേ കൂടുൽ വിവരങ്ങൾ കണ്ടെത്താൻ കഴിയുവെന്ന് ഡിസിപി അരുൺ കെ. പവിത്രൻ ഇ ടിവി ഭാരതിനോട് പറഞ്ഞു. പ്രതിക്ക് ക്രിപ്റ്റോ കറൻസി വഴിയാണ് പ്രതിഫലം ലഭിച്ചത്. ഇയാളെ നിയന്ത്രിക്കുന്ന ബോസ് ആരാണെന്ന് കണ്ടത്തണമെന്നും അദ്ദഹം പറഞ്ഞു.
ഒക്ടോബർ 12 (തിങ്കളാഴ്ച) പുലർച്ചെ 2.30 ഓടെയാണ് സിനഗോഗിന് മുൻവശമുള്ള ബ്ലോസം നഴ്സറിയുടെ ബാനറിന് തീയിട്ടത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സിനഗോഗിന് പ്രത്യേക പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നുവെങ്കിലും സംഭവം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. നീല നിറത്തിലുള്ള ഇഗ്നിസ് കാറിലെത്തിയ പ്രതി, വാഹനത്തിൽ നിന്നിറങ്ങി കൈവശമുണ്ടായിരുന്ന പെട്രോളൊഴിച്ച് നഴ്സറിയുടെ പ്രചാരണ സാമഗ്രികൾക്കും ഫ്ലെക്സുകൾക്കും തീകൊളുത്തുകയായിരുന്നു. കുറ്റകൃത്യത്തിൻ്റെ ദൃശ്യങ്ങൾ ഇയാൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയ ശേഷം കടന്നുകളയുകയും ചെയ്തു.
രാവിലെ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ, കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അരുൺ കെ. പവിത്രൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഭൂരിഭാഗം കടകളിലെയും സിസിടിവികൾ രാത്രിയിൽ പ്രവർത്തനരഹിതമായിരുന്നത് വെല്ലുവിളിയായെങ്കിലും, ലഭ്യമായ ദൃശ്യങ്ങളും നൂറ്റമ്പതോളം പേരിൽ നിന്നുള്ള വിവരങ്ങളും സൈബർ സെല്ലിൻ്റെ സാങ്കേതിക സഹായവും ഉപയോഗിച്ച് പൊലീസ് നീല കാറിൻ്റെ രജിസ്ട്രേഷൻ വിവരങ്ങൾ തിരിച്ചറിഞ്ഞു. തുടർന്ന് പുത്തൻകുരിശിലെ വാടകവീട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പൊലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു.
പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് 'ബോസ്' എന്ന് അഭിസംബോധന ചെയ്യുന്ന അപരിചിതനായ വ്യക്തിയുടെ നിർദേശപ്രകാരമാണ് കൃത്യം നടത്തിയത് എന്ന് കണ്ടെത്തി. നിർദേശിക്കപ്പെടുന്ന ലക്ഷ്യങ്ങളിൽ ആക്രമണം നടത്തുക, ദൃശ്യങ്ങൾ പകർത്തി അയച്ചുകൊടുക്കുക, അതിനുശേഷം ക്രിപ്റ്റോ കറൻസി വഴി പ്രതിഫലം കൈപ്പറ്റുക എന്നതായിരുന്നു ഇയാളുടെ പ്രവർത്തനരീതിയെന്നാണ് സംശയിക്കുന്നത്. ഇതിനുപുറമെ മൂവാറ്റുപുഴയിൽ മുൻപ് നടന്ന സമാനമായ തീവെപ്പ് സംഭവത്തിലും ഇയാൾക്ക് പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു.
പ്രതി താമസിച്ചിരുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ വിവിധയിനം ലഹരിമരുന്നുകളും കണ്ടെത്തുകയുണ്ടായി. ലഹരിവസ്തുക്കളുടെ വിൽപനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫോണിൽ നിന്ന് ലഭിച്ചതിനെ തുടർന്ന് എറണാകുളം സെൻട്രൽ പൊലീസും പുത്തൻകുരിശ് പൊലീസും വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR