കേരളത്തിൽ തുലാവർഷത്തിന് തുടക്കം; വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
Thiruvananthapuram, 15 ഒക്റ്റോബര് (H.S.) കേരളത്തിൽ വടക്കുകിഴക്കൻ മൺസൂൺ അഥവാ തുലാവർഷം ഔദ്യോഗികമായി ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഒക്ടോബർ 18 വരെ വ്യാപകമായി മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി പത്തനംതി
Weather update


Thiruvananthapuram, 15 ഒക്റ്റോബര് (H.S.)

കേരളത്തിൽ വടക്കുകിഴക്കൻ മൺസൂൺ അഥവാ തുലാവർഷം ഔദ്യോഗികമായി ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഒക്ടോബർ 18 വരെ വ്യാപകമായി മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

ഇതിന്റെ ഭാഗമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

തുലാവർഷത്തിന്റെ തുടക്കമായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, മലയോര മേഖലകളിലേക്കുള്ള യാത്രകളും ജലാശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.

വരും ദിവസങ്ങളില് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയായിരിക്കും ലഭിക്കുക. വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലുമുള്ളവര് ജാഗ്രത പാലിക്കണമെന്നും നിര്ദേശമുണ്ട്.

വടക്കു-കിഴക്കൻ മൺസൂൺ എന്നറിയപ്പെടുന്ന തുലാവർഷം എത്തുമ്പോൾ തന്നെ തെക്കു-പടിഞ്ഞാറൻ മൺസൂൺ എന്നറിയപ്പെടുന്ന കാലവർഷം പിൻവാങ്ങും. തുലാവർഷത്തിന്റെ തുടക്കത്തിൽ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഒക്ടോബർ മുതൽ ഡിസംബർ വരെ നീളുന്ന ഈ മഴക്കാലത്ത്, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്കാണ് സാധ്യത. സംസ്ഥാനത്തെ രണ്ടാം മഴക്കാലമാണിത്. തെക്കൻ കേരളത്തിലാകും കൂടുതൽ മഴ ലഭിക്കുക. വടക്കോട്ട് നീങ്ങുന്തോറും മഴയുടെ അളവും ശക്തിയും കുറയും. മഴയുടെ ഇടവേളകളിൽ വെയിലും ചൂടുമുണ്ടാകും. സാധാരണ ഒക്ടോബറിലാണ് ഏറ്റവുമധികം മഴ ലഭിക്കുക. ഡിസംബറോടെ മഴയുടെ ശക്തി കുറയും. തുടർന്ന് തണുപ്പുകാലം തുടങ്ങും.

എന്താണ് തുലാവർഷം?

ജൂൺ മുതൽ സെപ്റ്റംബർ വരെ നീളുന്ന കാലവർഷത്തിന്റെ നേർ വിപരീതമാണ് തുലാവർഷം. ഒക്ടോബർ പകുതിയോടെ തുടങ്ങി ഡിസംബർ വരെയാണ് തുലാമഴ പെയ്യുക. ഇരുണ്ടുകൂടുന്ന മഴമേഘങ്ങളും ഇടിമിന്നലുമാണ് തുലാവർഷത്തിന്റെ തുടക്കമെന്ന സൂചനകൾ നൽകുന്നത്.

കനത്ത മഴയും ഇടിമിന്നലുമാണ് ഇതിന്റെ പ്രത്യേകതയും. ഉച്ചകഴിഞ്ഞ് പെയ്യുന്നതാണ് തുലാമഴയുടെ ശൈലി.പശ്ചിമഘട്ടം കടന്നെത്തുന്ന മഴമേഘങ്ങളാണ് കേരളത്തിൽ തുലാവർഷമായി പെയ്തിറങ്ങുന്നത്. കേരളത്തിൽ തുലാമഴയ്ക്ക് സമാനമായ മഴ കഴിഞ്ഞ ദിവസം മുതൽ ലഭിച്ചുതുടങ്ങി. തെക്കൻ കേരളത്തിലും തെക്കൻ തമിഴ്നാട്ടിലും ഇത്തവണ സാധാരണയെക്കാൾ അധികം മഴ തുലാവർഷക്കാലത്ത് കിട്ടുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.

പശ്ചിമഘട്ട മേഖലയിൽ നല്ലതോതിൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പകൽ സമയത്തെ താപനില സാധാരണയെക്കാൾ കൂടും. പസഫിക് സമുദ്രം ചൂടുപിടിക്കുന്ന എൽ നിനോ പ്രതിഭാസമാണ് 2026-ലെ കാലാവസ്ഥയെ അപ്പാടെ മാറ്റിമറിച്ചത്. ചിലയിടങ്ങളിൽ അതിവർഷം, ചിലയിടത്ത് വരൾച്ച, കൊടുങ്കാറ്റുകളും ന്യൂനമർദങ്ങളും, പടർന്നുപിടിക്കുന്ന കാട്ടുതീ, മലയും മഞ്ഞും ഇടിഞ്ഞുവീഴുന്ന അപകടങ്ങൾക്ക് എൽ നിനോ കാരണമായി.

നവംബറിൽ എൽ നിനോ ഏറ്റവും ഉച്ചസ്ഥായിയിൽ എത്തുമെന്നാണ് കരുതുന്നത്.2027 ജനുവരി വരെയെങ്കിലും എൽ നിനോയുടെ സ്വാധീനം ലോക കാലാവസ്ഥയിൽ പ്രതിഫലിക്കുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നത്. ഒക്ടോബറിൽ മഴ കുറഞ്ഞു. ഒക്ടോബർ ഒന്ന് മുതൽ 14 വരെയുള്ള കാലയളവിൽ കേരളത്തിൽ 38 ശതമാനം മഴ കുറഞ്ഞു. കണ്ണൂരിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. 70 ശതമാനം മഴ കുറഞ്ഞു. കോഴിക്കോട് 64 ശതമാനവും മലപ്പുറത്ത് 68 ശതമാനവും മഴ കുറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News