മാസപ്പടി കേസ്: പിണറായി വിജയനും കുടുംബത്തിനും ഹൈക്കോടതിയിൽ തിരിച്ചടി; അപ്പീൽ അനുമതി ഹർജികൾ തള്ളി
Ernakulam , 15 ഒക്റ്റോബര് (H.S.) സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനും ഹൈക്കോടതിയുടെ തിരിച്ചടി. വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി
Pinarayi Vijayan


Ernakulam , 15 ഒക്റ്റോബര് (H.S.)

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനും ഹൈക്കോടതിയുടെ തിരിച്ചടി. വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർ സമർപ്പിച്ച അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.

ജസ്റ്റിസുമാരായ കെ നടരാജൻ, ജോൺസൺ ജോൺ എന്നിവരുടെ ഡിവിഷൻ ബഞ്ചാണ് വിധി പറഞ്ഞത്. പൊതുതാൽപര്യ സ്വഭാവമുള്ള ഹർജി സിംഗിൾ ബഞ്ച് പരിഗണിച്ചത് തെറ്റാണെന്നും തങ്ങളെ കേൾക്കാഞ്ഞത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നായിരുന്നു പിണറായി ഉൾപ്പെടെയുള്ളവരുടെ വാദം. കേസെടുത്ത സാഹചര്യത്തിൽ സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ അപ്പീൽ സാധ്യത പരിമിതമാണെന്നും എഫ്ഐആർ മാത്രമേ ഇനി ചോദ്യം ചെയ്യാൻ പറ്റുകയുള്ളൂവെന്നും ഡിവിഷൻ ബഞ്ചും നിലപാടെടുത്തിടുത്തിരുന്നു. പിണറായിയും, മുഹമ്മദ് റിയാസും, വീണയും അടിയന്തര സ്റ്റേ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഡിവിഷൻ ബഞ്ച് അത് നേരത്തെ വിസമ്മതിച്ചിരുന്നു.

തങ്ങളുടെ ഭാഗം കേട്ടില്ലെന്നും സിംഗിൾ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. സർക്കാരും ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് അറിയിച്ചിരുന്നത്. എന്നാൽ അപ്പീലിന് അനുമതി നൽകരുതെന്നായിരുന്നു ഇഡിയുടെ നിലപാട്. ഇത് പരിഗണിച്ചാണ് കോടതി തള്ളിയത്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിഎംആർഎൽ കമ്പനിക്ക് യാതൊരുവിധ സഹായങ്ങളും ചെയ്തിട്ടില്ലെന്നും അതിനാൽ ഇഡി നൽകിയ കത്തിൽ കഴമ്പില്ലെന്നും പിണറായി വിജയൻ വാദം ഉന്നയിച്ചിരുന്നു.

ഇഡി കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ, മുഹമ്മദ് റിയാസ് എന്നിവർ അപ്പീൽ നൽകുകയായിരുന്നു. സിഎംആർഎൽ കമ്പനിയും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്.

ഐടി സേവനങ്ങൾ നൽകാതെ തന്നെ എക്സാലോജിക്കിന് സിഎംആർഎൽ പ്രതിമാസപ്പടി നൽകിയെന്നായിരുന്നു പ്രധാന ആരോപണം. ഇതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിജിലൻസിന് കത്ത് നൽകിയത്. ഈ കത്തിലെ വിവരങ്ങൾ അടിസ്ഥാനമാക്കി അന്വേഷണം നടത്തണമെന്നായിരുന്നു സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ്. മുഖ്യമന്ത്രി വിഡി സതീശൻ്റെ നേതൃത്വത്തിലുള്ള സർക്കാർ ഈ വിഷയത്തിൽ കർശന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. വിജിലൻസ് അന്വേഷണം അതിൻ്റെ സ്വാഭാവിക വഴിയിലൂടെ മുന്നോട്ട് പോകുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് സിഎംആർഎൽ കമ്പനിക്ക് വഴിവിട്ട സഹായങ്ങൾ നൽകിയതിന് പകരമായാണ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയൻ്റെ മകളുടെ കമ്പനിക്ക് പണം ലഭിച്ചതെന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ഹർജിക്കാരുടെ വിശദീകരണം.

തങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് തെളിയിക്കാൻ കോടതിയെ സമീപിക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും അവർ വ്യക്തമാക്കുന്നു. അതേസമയം അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഈ അവസരത്തിൽ കോടതി ഇടപെടുന്നത് കേസിൻ്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്നുമാണ് സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടുന്നത്. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇഡി കത്തിന്മേലുള്ള തുടർനടപടികൾ അപ്രസക്തമാണെന്നും സർക്കാർ വാദിക്കുന്നു. കേസിൽ ഹൈക്കോടതി നിലപാട് പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനും നിർണായകമാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News