Enter your Email Address to subscribe to our newsletters

Pathanamthitta , 15 ഒക്റ്റോബര് (H.S.)
ശബരിമലയിൽ ഭക്തർ നിലവിൽ പണം നൽകി ഉപയോഗിക്കുന്ന എല്ലാ ശുചിമുറികളും കുളിമുറികളും സൗജന്യമാകും. ശബരിമല സന്നിധാനം, പമ്പ ,സ്വാമി അയ്യപ്പൻ റോഡ് ,പരമ്പരാഗത പാത എന്നിവിടങ്ങളിലെ മുഴുവൻ ശുചിമുറികളും കുളിമുറികളും ഭക്തർക്ക് ഇനിമുതൽ സൗജന്യമായി ഉപയോഗിക്കാം. വരുന്ന മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം മുതൽ ശുചിമുറികളും കുളിമുറികളും ഉപയോഗിക്കുന്നത് സൗജന്യമാക്കാനും അവ ലേലം ചെയ്തു കൊടുക്കേണ്ടതില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഇവയുടെ ഉയർന്ന നിലവാരത്തിലുള്ള ശുചീകരണം ഉറപ്പാക്കാൻ കരാർ ക്ഷണിച്ച് പരിചയസമ്പന്നരായ ഏജൻസിയെ ഏൽപ്പിക്കും. ശബരിമലയിലെ ശുചിമുറികളുടെ നിലവാരത്തെക്കുറിച്ചും പണപ്പിരിവിനെ കുറിച്ചും വ്യാപകമായ പരാതികൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനം. വെർച്വൽ ക്യൂ ബുക്കിംഗിൽ ഇപ്പോൾ പിൽഗ്രിം റിലീഫ് ഫണ്ടിലേക്ക് സ്വമേധയാ അഞ്ച് രൂപ മുതൽ കൊടുക്കാൻ സൗകര്യമുണ്ട് (Optional). ശുചിമുറികളും കുളിമുറികളും സൗജന്യമാക്കുമ്പോൾ അഞ്ച് രൂപ കൂടി ഇച്ഛാനുസരണം പിൽഗ്രിം റിലീഫ് ഫണ്ടിലേക്ക് സംഭാവന നൽകാൻ ഭക്തർക്ക് സൗകര്യം ഉണ്ടായിരിക്കും. ഈ തുക നിർബന്ധമായി പിരിക്കുന്നതല്ല. ഭക്തർക്ക് അത് നൽകാനോ നൽകാതിരിക്കാനോ സാധിക്കും.
തുലാമാസ പൂജകൾക്കായി ശബരിമല നട ഒക്ടോബർ 17ന് വൈകിട്ട് അഞ്ചുമണിക്ക് തുറക്കും. തന്ത്രി കണ്Oര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് .ഇ. ഡി നടതുറന്ന് ദീപം തെളി യിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകരും. തുലാമാസം ഒന്നിന് രാവിലെ അഞ്ചു മണി മുതലാണ് ദർശനത്തിനായി നട തുറക്കുക.
ഉഷ പൂജയ്ക്ക് ശേഷം രാവിലെ 7.30ന് ശബരിമല മേൽശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. സോപാനത്താണ് നറുക്കെടുപ്പ് നടക്കുക. ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ, ദേവസ്വം കമ്മീഷണർ ബി. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പ്.
ശേഷം മാളികപ്പുറം മേൽശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് മാളികപ്പുറം ക്ഷേത്രത്തിൽ നടക്കും. പതിറ്റാണ്ടുകൾക്ക് ശേഷം മഹാനവമി, വിജയദശമി ദിനങ്ങളിൽ ശബരിമല നട തുറക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ തുലാമാസ പൂജകൾക്കുണ്ട്.
ഒക്ടോബർ 17 ന് മുഖ്യമന്ത്രി വി.ഡി. സതീശൻ,ദേവസ്വം- ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരൻ എന്നിവർ ശബരിമല ദർശനത്തിനെത്തും. തുലാമാസ പൂജകൾ പൂർത്തിയാക്കി ഒക്ടോബർ 22ന് രാത്രി പത്തിന് നടയടക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR