‘തിരംഗ മാർച്ച്’: കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്ക് അടച്ചുപൂട്ടി എൻഡിഎംസി; കർശന നിയന്ത്രണങ്ങളുമായി ഡൽഹി പൊലീസ്
Newdelhi, 16 ഒക്റ്റോബര് (H.S.) ന്യൂഡൽഹി: കോക്റോച്ച് ജനതാ പാർട്ടി (സിജെപി) ആഹ്വാനം ചെയ്ത ‘ലെഹ്രാ ദോ തിരംഗ’ (Lehra Do Tiranga) പ്രതിഷേധ മാർച്ചിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്തെ പ്രധാന കേന്ദ്രമായ കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്ക് അടച്ചുപൂട്ടി. ഒക്ടോബർ
‘തിരംഗ മാർച്ച്’: കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്ക് അടച്ചുപൂട്ടി എൻഡിഎംസി; കർശന നിയന്ത്രണങ്ങളുമായി ഡൽഹി പൊലീസ്


Newdelhi, 16 ഒക്റ്റോബര് (H.S.)

ന്യൂഡൽഹി: കോക്റോച്ച് ജനതാ പാർട്ടി (സിജെപി) ആഹ്വാനം ചെയ്ത ‘ലെഹ്രാ ദോ തിരംഗ’ (Lehra Do Tiranga) പ്രതിഷേധ മാർച്ചിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്തെ പ്രധാന കേന്ദ്രമായ കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്ക് അടച്ചുപൂട്ടി. ഒക്ടോബർ 16, 17 തീയതികളിൽ ഭരണപരമായ കാരണങ്ങളാൽ പാർക്ക് പൊതുജനങ്ങൾക്കായി തുറക്കില്ലെന്ന് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി) അറിയിച്ചു.

വിദ്യാർഥി സംഘടനകളും പ്രതിപക്ഷ നേതാക്കളും വിവിധ രാഷ്ട്രീയ പ്രവർത്തകരും നടത്തുന്ന പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് സെൻട്രൽ പാർക്കിലേക്ക് പ്രതിഷേധ സംഗമം പ്രഖ്യാപിച്ചിരുന്നത്.

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷമായ പ്രതിഷേധം ഉയർത്തിയാണ് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ കൊണാട്ട് പ്ലേസിൽ ഒത്തുചേരാൻ ആഹ്വാനം ചെയ്തത്. ഒക്ടോബർ 16-ന് വൈകുന്നേരം അഞ്ച് മണിക്ക് ദേശീയ പതാക ഉയർത്താനായി സെൻട്രൽ പാർക്കിൽ എത്തിച്ചേരണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിലേക്ക് എത്താൻ സാധിക്കാത്തവർ അതത് നഗരങ്ങളിൽ സായാഹ്ന തിരംഗ മാർച്ച് സംഘടിപ്പിക്കണമെന്നും ആഹ്വാനമുണ്ടായി. ആം ആദ്മി പാർട്ടി (എഎപി) അടക്കമുള്ള സംഘടനകൾ ഈ പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്താണ് എൻഡിഎംസി പാർക്കിലേക്ക് പ്രവേശനം നിഷേധിച്ചത്.

തടവിലാക്കപ്പെടാൻ സാധ്യതയുണ്ടെങ്കിലും പതാക ഉയർത്തുന്നതിൽ നിന്ന് പിന്മാറില്ലെന്ന് അഭിജീത് ദിപ്കെ വ്യക്തമാക്കി. ദേശീയ പതാക രാജ്യത്തിന്റെ അഭിമാനമാണെന്നും അത് ഉയർത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം ജന്തർ മന്ദറിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച സിജെപി പ്രവർത്തകരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് സമരം കൂടുതൽ ശക്തമാക്കാനുള്ള തീരുമാനത്തിലേക്ക് സംഘടന എത്തിയത്.

കഴിഞ്ഞ രണ്ടാഴ്ചയിലധികമായി വിദ്യാർഥികളും യുവാക്കളും പ്രതിപക്ഷ നേതാക്കളും തലസ്ഥാനത്ത് തെരുവിൽ ശക്തമായ പ്രക്ഷോഭത്തിലാണ്. സമരത്തിൽ പങ്കെടുത്ത പ്രതിപക്ഷ നേതാക്കളടക്കമുള്ളവരെ ബലംപ്രയോഗിച്ച് നീക്കിയ നടപടിയെ സിജെപി നേതൃത്വം രൂക്ഷമായി വിമർശിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഡൽഹി പൊലീസ് കർശനമായ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സെൻട്രൽ പാർക്കിലും കൊണാട്ട് പ്ലേസിന്റെ പരിസരപ്രദേശങ്ങളിലും വൻ പൊലീസ് സന്നാഹത്തെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.

---------------

Hindusthan Samachar / Roshith K


Latest News