പാംബ്ലയിലെ 18 കാരിയുടെ ദുരൂഹ മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ
Idukki , 16 ഒക്റ്റോബര് (H.S.) പാംബ്ലയിൽ പതിനെട്ടുകാരിയായ യുവതി കൊല്ലപ്പെട്ട സംഭവം കൊലപാതകമാണെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് വ്യക്തമാക്കിയിട്ടുള്ള പൊലീസ്, സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സുഹൃത്തായ
PAMBLA GIRL MURDER CASE


Idukki , 16 ഒക്റ്റോബര് (H.S.)

പാംബ്ലയിൽ പതിനെട്ടുകാരിയായ യുവതി കൊല്ലപ്പെട്ട സംഭവം കൊലപാതകമാണെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് വ്യക്തമാക്കിയിട്ടുള്ള പൊലീസ്, സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സുഹൃത്തായ രാജകുമാരി ബി ഡിവിഷൻ സ്വദേശി നിഷാന്തിനെ (19) കസ്റ്റഡിയിലെടുത്തു.

തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി നിത്യയാണ് (19) കൊല്ലപ്പെട്ടത്. പാംബ്ല ഡാമിന് സമീപത്തുള്ള വനമേഖലയിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

തർക്കവും കൊലപാതകവും:

വിവാഹത്തെച്ചൊല്ലി നിത്യയും നിഷാന്തും തമ്മിൽ തർക്കമുണ്ടാവുകയും ഇതിനിടെ രോഷാകുലനായ നിഷാന്ത് നിത്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മരണം ഉറപ്പാക്കാൻ പെൺകുട്ടിയുടെ മുഖത്ത് കല്ലുകൊണ്ട് ആഞ്ഞടിക്കുകയും ചെയ്തു. ഇതിനുശേഷമാണ് തെളിവ് നശിപ്പിക്കുന്നതിനായി പെട്രോളൊഴിച്ച് മൃതദേഹം പൂർണമായി കത്തിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ഒക്ടോബർ 14ന് ഉച്ചയോടെ പാംബ്ല ചെക്ക്പോസ്റ്റിന് സമീപം വഴിയാത്രക്കാരായ നാട്ടുകാരാണ് നാല് ദിവസം പഴകിയ നിത്യയുടെ മൃതദേഹം ആദ്യം കണ്ടത്.

തിരിച്ചറിയലും പൊലീസ് അന്വേഷണവും:

പാംബ്ല ഡാമിന് സമീപമുള്ള ഇലക്ട്രിസിറ്റി ബോർഡ് ക്വാർട്ടേഴ്സിനും ചെക്ക്പോസ്റ്റിനും പിന്നിലെ ആളൊഴിഞ്ഞ ഭാഗത്താണ് മൃതദേഹം പൂർണമായും കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ വിവരങ്ങളുടെയും നഖത്തിലെ അടയാളങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളുടെയും അടിസ്ഥാനത്തിലാണ് മൃതദേഹം നിത്യയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

സംഭവസ്ഥലത്തുനിന്നും ഫോറൻസിക്, വിരലടയാള വിദഗ്ധർ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. കൃത്യം നടത്തിയത് ഇവിടെ വച്ചുതന്നെയാണെന്ന് തെളിയിക്കുന്ന തെളിവുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി നിഷാന്തിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

കൊലപാതകം നടത്തിയാലുള്ള ശിക്ഷകൾ

സാധാരണയായി കൊലപാതക കുറ്റം തെളിയിക്കപ്പെട്ടാൽ ജീവപര്യന്തം തടവാണ് കോടതികൾ നൽകുന്ന അടിസ്ഥാന ശിക്ഷ.

അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമാണ് കോടതികൾ വധശിക്ഷ വിധിക്കുന്നത്. കുറ്റകൃത്യത്തിൻ്റെ ക്രൂരത, ആസൂത്രണം എന്നിവ പരിഗണിച്ചായിരിക്കും തീരുമാനം.

തടവ് ശിക്ഷകൾക്ക് പുറമെ കോടതി നിശ്ചയിക്കുന്ന തുക പിഴയായും ഈടാക്കാം.

കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ലാതെ, മരണം നടന്നാൽ പ്രതികൾക്ക് പരമാവധി 10 വർഷം വരെയോ അല്ലെങ്കിൽ ജീവപര്യന്തം വരെയോ തടവ് ശിക്ഷ ലഭിക്കാം.

ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ച് പരാജയപ്പെട്ടാൽ കുറ്റത്തിൻ്റെ തീവ്രതയനുസരിച്ച് തടവുശിക്ഷയും പിഴയും ലഭിക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News