Enter your Email Address to subscribe to our newsletters

New delhi, 16 ഒക്റ്റോബര് (H.S.)
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധം നേരിടാന് ശക്തമായ നടപടികളുമായി ഡല്ഹി പോലീസ്. നേതാക്കളെ ആദ്യമേ കസ്റ്റഡിയില് എടുത്തെങ്കിലും ദേശീയപതാകയുമായി സെന്ട്രല് പാര്ക്കിലേക്ക് എത്തിയ പ്രവര്ത്തകരെ ബലം പ്രയോഗിച്ച് നീക്കുകയാണ് ഡല്ഹി പൊലീസ്. ദേശീയ പതാകയുമായാണ് 'ലെഹ്റാ ദോ തിരംഗ'പ്രതിഷേധം നടക്കുന്നത്.
സിജെപി നേതാവ് അഭിജിത് ദിപ്കെയെ വീടിനു മുന്നില് വച്ചും ഐസ നേതാവ് നേഹ ബോറയെ ജന്തര് മന്തറിനു സമീപത്തുവച്ചുമാണ് കസ്റ്റഡിയില് എടുത്തത്. എന്നാല് നേതാക്കള് കസ്റ്റഡിയില് ആയെങ്കിലും വിവിധ സ്ഥലത്തുനിന്നും മാര്ച്ചായി കൊണോട്ട് പ്ലേസ് ലക്ഷ്യമാക്കി എത്തിയ പ്രവര്ത്തകരെ പൊലീസ് തടഞ്ഞില്ല. റോഡില് വലിയ ഗതാഗത കുരുക്ക് ഉണ്ടായിട്ടും പൊലീസ് സംയമനം പാലിച്ചു. എന്നാല് സെന്ട്രല് പാര്ക്കിനു സമീപം എത്തിയതോടെ പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റിത്തുടങ്ങിയിരിക്കുകയാണ്. സിജെപിക്കൊപ്പം ഐസ, എഎപി പ്രവര്ത്തകരും ദേശീയ പതാകയുമായി മാര്ച്ചില് പങ്കെടുക്കുന്നുണ്ട്.
കൊണോട്ട് പ്ലേസിലെ സെന്ട്രല് പാര്ക്കില് ഇന്നും നാളെയും പൊതുജനങ്ങള്ക്കു പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഭരണപരമായ കാരണങ്ങളാലാണ് നിയന്ത്രണം എന്നാണ് ന്യൂഡല്ഹി മുനിസിപ്പല് കൗണ്സില് (എന്ഡിഎംസി) വ്യാഴാഴ്ച അറിയിച്ചത്. ഏകദേശം 6,000 പൊലീസ്, അര്ധസൈനിക ഉദ്യോഗസ്ഥരെയാണ് ഇവിടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. പതിവില് കൂടുതല് ക്യാമറകളും പാര്ക്കിന്റെ വിവിധ ഭാഗങ്ങളില് ഘടിപ്പിച്ചു. കൊണോട്ട് പ്ലേസിലും പരിസര പ്രദേശങ്ങളിലും ഡല്ഹി പൊലീസ് നിരോധനാജ്ഞ ഏര്പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങള് ലംഘിക്കുന്നവര് നിയമനടപടികള് നേരിടേണ്ടി വരുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
കഴിഞ്ഞ 15 ദിവസത്തോളമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്ഹിയില് വിദ്യാര്ഥികളും യുവാക്കളും തെരുവില് സമരം നടത്തുകയാണ്. പ്രതിഷേധക്കാരെയും നേതാക്കളെയും റോഡിലൂടെ വലിച്ചിഴച്ചും കസ്റ്റഡിയിലെടുത്തുമാണ് ഡല്ഹി പൊലീസ് പ്രതിഷേധത്തെ അടിച്ചമര്ത്താന് ശ്രമിക്കുന്നത്. എന്നാല് ഗ്യാനേഷ് കുമാര് രാജി നവയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് സമരക്കാര് വ്യക്തമാക്കുന്നത്.
---------------
Hindusthan Samachar / Sreejith S